×

നിയമസഭാ തിരഞ്ഞെടുപ്പ് – സോളാര്‍ കേസ് സിബിഐയ്ക്ക് വിടാന്‍ നീക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഉമ്മന്‍ചാണ്ടി സജീവമാകാനിരിക്കെ സോളാര്‍ കേസിന് വീണ്ടും ജീവന്‍വയ്‌ക്കുന്നു. യു ഡി എഫിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്നിരിക്കെ നിയമസഭ തിരഞ്ഞെടുപ്പില്‍ സോളാര്‍ കേസ് വീണ്ടും പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. അഞ്ച് പതിറ്റാണ്ടോളം നീണ്ട സംസ്ഥാന രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പ്രതിച്ഛായ നഷ്‌ടം ഉണ്ടാക്കിയ ഏക കേസാണ് സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളും.

സോളാര്‍ തട്ടിപ്പ് കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഇതുവരെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യമായ നടപടികള്‍ ഒന്നും പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇതില്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ലൈംഗിക പീഡന കേസിലെ ഇരയും ആയ യുവതി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി എന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ലൈംഗിക പീഡന കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സോളാര്‍ കേസ് സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വിടുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. അത്തരം ഒരു നീക്കം സര്‍ക്കാര്‍ നടത്തിയാല്‍ അത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസിലെ പ്രമുഖരായ ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, എം പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എം എല്‍ എ, ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുളളക്കുട്ടി എന്നിവര്‍ക്കെതിരെ നിലവില്‍ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്.

സോളാര്‍ ലൈംഗിക പീഡന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് ബി ജെ പിയും ഉപയോഗപ്പെടുത്തിയേക്കും. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശിഥിലമാക്കാം എന്നത് മാത്രമല്ല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കൂടി ലക്ഷ്യം വച്ചായിരിക്കും നീക്കങ്ങള്‍.

കഴിഞ്ഞ നാലര വര്‍ഷത്തോളം കേരള രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെട്ടിട്ടില്ല ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനായി വീണ്ടും കളത്തിലിറങ്ങുമ്ബോള്‍, ഉമ്മന്‍ ചാണ്ടിയെ തളയ്‌ക്കാനുളള ബ്രഹ്മാസ്ത്രമായി ഈ കേസിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉപയോഗിക്കുമോ എന്നാണ് ഇനി അറിയാനുളളത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസിനെ ഇത്രയേറെ വലുതാക്കിയത് എന്ന് ആരോപണമുണ്ടായിരുന്നു. ബാര്‍കോഴ കേസിലും അത്തരമൊരു ആരോപണം ഉയര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ പരാതിക്കാരിയുടെ നീക്കത്തെ കോണ്‍ഗ്രസ് എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top