×

വയനാട്ടില്‍ യുവതിയ്ക്ക് കാട്ടാന ചവിട്ടി മരണം ; പോലീസ,് ഫോറസ്റ്റ്, പഞ്ചാത്ത് അധികാരികള്‍ എന്തുകൊണ്ട് നടപടി എടുത്തില്ലാ – വ്‌ളോഗര്‍ സുജിത് ഭക്തന്റെ ചോദ്യങ്ങള്‍ ഇങ്ങനെ

>തിരുവനന്തപുരം: വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച്‌ വ്‌ളോഗര്‍ സുജിത്ത് ഭക്തന്‍. പ്രവര്‍ത്തനാനുമതി ഇല്ലാതെ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ റിസോര്‍ട്ടിന്റെ വീഡിയോ പ്രസിദ്ധീകരിച്ച തനിക്ക് നേരെ നടക്കുന്ന കുപ്രചരണങ്ങള്‍ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള അറ്റാക്കാണെന്ന് സുജിത്ത് പറഞ്ഞു. ഫെയ്‌സ്ബൂക്കിലൂടെ സുജിത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

കഴിഞ്ഞ ദിവസം വയനാട്ടില്‍ എളിമ്ബിലേരി എസ്റേറ്റിലുള്ള റെയിന്‍ ഫോറസ്റ്റ് എന്ന ടെന്റ് സ്റ്റേ നടത്തുന്ന സ്ഥലത്ത് അവിടെ താമസിച്ച ഒരു പെണ്‍കുട്ടി കാട്ടാനയുടെ അക്രമത്തില്‍ മരണപ്പെട്ടത് നമ്മളെ എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യമാണല്ലോ. മരണപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ സ്ഥലത്ത് 2018 നവംബര്‍ മാസത്തില്‍ ഞാനും എന്റെ സുഹൃത്ത് ഹൈനസ് ഇക്കയും ചേര്‍ന്ന് സന്ദര്‍ശിച്ച്‌ വീഡിയോ എടുക്കുകയും യൂടൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രസ്തുത വീഡിയോ കണ്ടിട്ട് ആയിരക്കണക്കിനാളുകള്‍ അവിടെ പോയി താമസിച്ചിട്ടുള്ളതുമാണ്. കല്യാണത്തിന് ശേഷം ശ്വേതയോടോപ്പവും ഞാന്‍ ഇവിടെ പോയിട്ടുള്ളതാണ്. യൂടൂബില്‍ ഈ സ്ഥലത്തെക്കുറിച്ച്‌ മറ്റ് പല വ്ലോഗര്‍മാരും ചെയ്ത ധാരാളം വിഡിയോകളും ഉണ്ട്. ഞാനുള്‍പ്പെടെ പലരും പ്രസ്തുത അപകടത്തിന് ശേഷം അവരവരുടെ വിഡിയോകള്‍ പിന്‍വലിച്ചിട്ടുമുണ്ട്. അത് ഈ വിഷയത്തെക്കുറിച്ച്‌ അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. ഈ ടെന്റ് സ്റ്റേയുടെ പരിസരത്ത് തന്നെ മറ്റനേകം ടെന്റ് സ്റ്റേകളും റിസോര്‍ട്ടുകളും ഉണ്ട്. ഗൂഗിള്‍ മാപ്പില്‍ നോക്കിയാല്‍ കാണാം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായിട്ട് ഈ റിസോര്‍ട്ടുകളും ടെന്റ് സ്റ്റേകളും ഒക്കെ എന്റെ അറിവില്‍ ആ സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയധികം കാലം പ്രവര്‍ത്തിച്ചിട്ടും ഇപ്പോള്‍ ഇങ്ങനെ ഒരു അത്യാഹിതം ഉണ്ടായപ്പോള്‍ അതിന് ലൈസന്‍സ് ഇല്ല, പ്രവര്‍ത്തനാനുമതി ഇല്ലാ എന്നൊക്കെ പറയുമ്ബോള്‍ എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്? ലൈസന്‍സ് ഇല്ലാതെ 3 വര്‍ഷം ഇവര്‍ എങ്ങനെ പ്രവര്‍ത്തിച്ചു? ആരാണ് ഇവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്? എന്തുകൊണ്ട് ലൈസന്‍സ് ഇല്ലെങ്കില്‍ ആ സ്ഥാപനത്തിനെതിരെ നടപടി എടുത്തില്ല? ഫോറസ്റ്റിന് സമീപം എന്ന് പറയുന്ന ഈ സ്ഥലത്ത് എന്തുകൊണ്ട് ഫോറസ്റ്റ് അധികൃതര്‍ ഇത് കണ്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പോലീസ് ഇത്ര നാളായിട്ട് നടപടി എടുത്തില്ല? എന്തുകൊണ്ട് പഞ്ചായത്ത് അധികൃതര്‍ നടപടി എടുത്തില്ല? അങ്ങനെയെങ്കില്‍ ഇത്രയും കാലം അവിടെ ജോലി ചെയ്ത എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കണ്ടേ? അതൊന്നും പറയാതെ 3 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിന്റെ വീഡിയോ പ്രസിദ്ധീകരിച്ച എനിക്കും മറ്റുള്ള വ്ലോഗേഴ്‌സിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ഒരു അറ്റാക്ക് മാത്രമാണെന്ന് ഞാന്‍ കരുതുന്നു.

ഇനി കാര്യത്തിലേക്ക് വരാം. കേരളത്തില്‍ വയനാട്ടിലും ഇടുക്കിയിലുമായി പല സ്ഥലങ്ങളില്‍ നൂറുകണക്കിന് ടെന്റ് ക്യാമ്ബിംഗ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ആര്‍ക്കും തന്നെ ടെന്റ് ക്യാംപിങ് എന്ന പേരില്‍ ലൈസന്‍സ് കിട്ടില്ല. കാരണം നമ്മുടെ നിയമം അനുവദിക്കുന്നത് ഹോട്ടല്‍, റിസോര്‍ട്ട്, സര്‍വ്വീസ് അപ്പാര്‍ട്ട്മെന്റ്, ഹോം സ്റ്റേ എന്നീ കാറ്റഗറിയിലുള്ള ലൈസന്‍സ് ആണ്. ഇതില്‍ ഏതെങ്കിലും ഒരു ലൈസന്‍സ് അല്ലെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയൊക്കെയാണ് ഈ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകുന്നത്. 500 രൂപ മുതലാണ് ഇത്തരത്തിലുള്ള ടെന്റ് സ്റ്റേകളില്‍ താമസത്തിനായി ഈടാക്കുന്നത്. സൗകര്യങ്ങള്‍ കൂടുന്നതിനനുസരിച്ച്‌ നിരക്കും കൂടും. വിദ്യാര്‍ത്ഥികളും സാധാരണക്കാരുമാണ് ഇതുപോലെയുള്ള സ്ഥലങ്ങള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച്‌ ടെന്റ് ക്യാമ്ബിംഗ് വളരെയധികം കൂടിവന്നപ്പോള്‍ ആയിരക്കണക്കിന് രൂപ വാങ്ങുന്ന റിസോര്‍ട്ടുകാര്‍ പോലും പ്രതിസന്ധിയിലായി. ഫാമിലി ആയിട്ട് പോലും ആളുകള്‍ ടെന്റ് ക്യാമ്ബിംഗ് എക്സ്പീരിയന്‍സ് തേടി പോയി തുടങ്ങി. മുക്കിന് മുക്കിന് കൂണുപോലെ ടെന്റ് ക്യാമ്ബിംഗ് സൈറ്റുകള്‍ കേരളത്തില്‍ പല സ്ഥലങ്ങളിലായി ഉയര്‍ന്നുവന്നു.

വയനാട്ടിലെ തന്നെ മറ്റൊരു ടെന്റ് ക്യാമ്ബിംഗ് സൈറ്റില്‍ പോയി വീഡിയോ എടുത്തിട്ടപ്പോള്‍ ഇവിടെ ഫാമിലി ആയിട്ട് വരരുത്, സുരക്ഷിതമല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഉണ്ടായ ഭീഷണി വരെ എന്റെ വിഡിയോയില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. (സ്ക്രീന്‍ഷോട്ട് നോക്കാം) ഞാന്‍ വീഡിയോ ചെയ്തിട്ടതുകൊണ്ടാണ് അവിടേക്ക് മരണപ്പെട്ട യുവതി പോയതെന്നും ഞാന്‍ കാരണമാണ് അവര്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചതെന്നുമാണ് എനിക്കെതിരെ ഇപ്പോള്‍ വന്നിരിക്കുന്ന ആരോപണം. അങ്ങനെയെങ്കില്‍ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ, കഴിഞ്ഞ ദിവസം ഞാന്‍ ഗുരുവായൂര്‍ ആനക്കോട്ടയുടെ വീഡിയോ ചെയ്തിരുന്നു, അത് കണ്ട് അവിടെ പോയ ഒരാളെ ആന ചവിട്ടി കൊന്നാല്‍ ഞാന്‍ ഉത്തരവാദി ആകുമോ? ക്രൂസ് കപ്പലിന്റെ വീഡിയോ ചെയ്തത് കണ്ട് കപ്പല്‍ യാത്രക്ക് പോയി കപ്പല്‍ മുങ്ങിയാല്‍ ഞാന്‍ കുറ്റക്കാരന്‍ ആകുമോ? ഈ റിസോര്‍ട്ടുകളും മറ്റുമൊക്കെ പ്രമുഖ മാധ്യമങ്ങളിലും മാസികകളിലും വരെ പരസ്യം നല്‍കാറില്ല? ഞങ്ങള്‍ വ്ലോഗേഴ്സ് അവിടെ നിന്നുള്ള അനുഭവങ്ങളാണ് ഷെയര്‍ ചെയ്യുന്നത്. അനധികൃതമെന്ന് തോന്നുന്ന പല സ്ഥലങ്ങളും വീഡിയോ ചെയ്യാന്‍ വിളിച്ചിട്ട് ചെയ്യാതെ ഇരുന്നിട്ടുണ്ട്. റെസ്റ്റോറന്റ് വീഡിയോ ചെയ്യാന്‍ പോയിട്ട് ഭക്ഷണ ഇഷ്ടപ്പെടാത്തത് കൊണ്ട് വീഡിയോ ചെയ്യാതെ വന്നിട്ടുണ്ട്. തട്ടേക്കാടുള്ള ഒരു റിസോര്‍ട്ടിന്റെ വീഡിയോ ചെയ്യാന്‍ പോയപ്പോള്‍ റിസോര്‍ട്ട് അധികാരികള്‍ തെറ്റിദ്ധരിപ്പിച്ച്‌ വനത്തിലേക്ക് കൊണ്ടുപോയി ഉണ്ടായ പ്രശ്നത്തിലും തെറ്റ് തിരുത്തി വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ബന്ദിപ്പൂരും മസിനഗുഡിയിലും മുതുമലയിലും ഒക്കെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് തന്നെ കാട്ടിനുള്ളില്‍ താമസം ഒരുക്കിയിട്ടുണ്ട്. അതും വേണ്ടത്ര സുരക്ഷാ പോലും ഒരുക്കാതെ, ഞാന്‍ ഒരിക്കല്‍ പോയി താമസിച്ചപ്പോള്‍ രാത്രി ആനയിറങ്ങി മറ്റൊരാളുടെ വണ്ടി ഉള്‍പ്പെടെ നശിപ്പിച്ചത് കണ്ടിട്ടുണ്ട്, അതൊക്കെ വിഡിയോയിലും കാണിച്ചിട്ടുണ്ട്. പണം വാങ്ങിയാണ് പ്രൊമോഷന്‍സ് ചെയ്യാറുള്ളത്, അങ്ങോട്ട് കാശ് കൊടുത്ത് പോയി താമസിച്ചും വീഡിയോ ചെയ്യാറുണ്ട്. സൗജന്യമായി പോയി താമസിച്ച്‌ ഭക്ഷണവും കഴിച്ച്‌ വീഡിയോ ചെയ്യാറില്ല. പണം വാങ്ങിയോ വാങ്ങാതെയോ ചെയ്യുന്ന വിഡിയോകള്‍ സത്യസന്ധമായി തന്നെയാണ് ചെയ്യാറുള്ളത്. ഉള്ളത് ഉള്ളത് പോലെ തന്നെ പറയാറുണ്ട്. അതുകൊണ്ട് തന്നെ ശത്രുക്കളും ഏറെയുണ്ട്.

ക്യാമ്ബിംഗ് സൈറ്റുകള്‍ നടത്തുന്ന ആളുകള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉടന്‍ തന്നെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുകയും ചെയ്യുമെന്നും പ്രതീക്ഷിക്കാം. അപകടം സംഭവിച്ച ക്യാമ്ബിംഗ് സൈറ്റ് പ്രവര്‍ത്തിച്ചത് ലൈസന്‍സ് ഇല്ലാതെയാണെങ്കില്‍ (ഞാന്‍ അത് വിശ്വസിക്കുന്നില്ല) അത് ഇത്രയും കാലം പ്രവര്‍ത്തിക്കാന്‍ മൗനാനുമതി നല്‍കിയവര്‍ക്കെതിരെയും നടപടി എടുക്കുക. ദയവായി അനാവശ്യ വിവാദങ്ങളിലേക്ക് എന്നെ വലിച്ചിടാതിരിക്കുക. മരണപ്പെട്ട യുവതിക്ക് ആദരാഞ്ചലികള്‍ അര്‍പ്പിക്കുന്നു. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top