×

മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ; കെ. വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി

കൊച്ചി: ജോലിക്കായി മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനി വിദ്യക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതിന് മൂന്ന്‌ കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

കോളജ് അധികൃതരുടെ പരാതിയില്‍ വിദ്യക്കെതിരെ കേസെടുത്ത എറണാകുളം സെൻട്രല്‍ പൊലീസ്, കോളജ് പ്രിൻസിപ്പലിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുറ്റകൃത്യം നടന്നത് പാലക്കാട് അഗളി സ്റ്റേഷന്‍ പരിധിയിലായതിനാല്‍, കേസ് അഗളി പൊലീസിന് കൈമാറും.

വിദ്യ എറണാകുളം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ 2018-19, 2020-21 കാലയളവില്‍ ഗെസ്റ്റ് ലെക്ചറായിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണുണ്ടാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ പാലക്കാട്ടെ സര്‍ക്കാര്‍ കോളജില്‍ മലയാളം വിഭാഗത്തില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെ ഗെസ്റ്റ് ലെക്ചറായി ജോലി ചെയ്തു. ഇത്തവണ എറണാകുളത്തെ മറ്റൊരു കോളജില്‍ ഗെസ്റ്റ് ലെക്ചറര്‍ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അധ്യാപിക അഭിമുഖ പാനലില്‍ ഉണ്ടായിരുന്നതിനാല്‍ വ്യാജ രേഖ ഹാജരാക്കാനായില്ല. ഇതിന് ശേഷമാണ് അട്ടപ്പാടി ഗവ. കോളജില്‍ അഭിമുഖത്തിന് ചെല്ലുന്നത്. പത്തുവര്‍ഷമായി മഹാരാജാസ് കോളജില്‍ മലയാളം വിഭാഗത്തില്‍ ഗെസ്റ്റ് ലെക്ചറര്‍ നിയമനം നടന്നിട്ടേയില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സര്‍ട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലവും സീലും വ്യാജമാണ്.

വിദ്യ കരിന്തളം ഗവ. കോളജില്‍ ജോലി നേടിയതും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച്‌ വരെ ഗെസ്റ്റ് ലക്ചറര്‍ ആയാണ് ജോലി ചെയ്തത്.

കാലടി സര്‍വകലാശാല യൂനിയൻ ജനറല്‍ സെക്രട്ടറിയായിരുന്നു വിദ്യ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top