×

ഉച്ചവരെ ഒപ്പിട്ടു; അതിന് ശേഷം പ്രതിഷേധം ; സര്‍വ്വീസ് ചട്ടം ലഘിച്ചു; സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകനെ പുറത്താക്കി ;

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനത്തിനകത്ത് പ്രതിഷേധിച്ചവര്‍ എത്തിയത് അദ്ദേഹത്തെ വധിക്കാനുള്ള ഉദ്ദേശത്തോടെയാണ് എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ”നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലടാ” എന്ന് പ്രതികള്‍ മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചുവെന്നും തടയാന്‍ ശ്രമിച്ച ഗണ്‍മാനെ ഉപദ്രവിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പൊലീസാണ് കേസെടുത്തത്.

 

മട്ടന്നൂര്‍ യുപി സ്‌കൂള്‍ അദ്ധ്യാപകന്‍ ഫര്‍സീന്‍ മജീദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റാണ് ഫര്‍സീന്‍ മജീദ്. അദ്ധ്യാപകന്‍ സര്‍വീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും, സസ്‌പെന്‍ഡ് ചെയ്തതായും മാനേജ് മെന്റ് അറിയിച്ചു. സംഭവത്തില്‍ ഡിപിഐയുടെ നിര്‍ദേശപ്രകാരം ഡിഡിഇ അന്വേഷണം ആരംഭിച്ചു.

15 ദിവസത്തേക്കാണ് അദ്ധ്യാപകനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡി.ഡി.ഇ. സ്‌കൂളിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി മാനേജ്മെന്റ് അറിയിച്ചത്. ഫര്‍സീന്‍ മജീദ് തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നതായി ഡി.ഡി.ഇ. അറിയിച്ചു. ഉച്ചയ്ക്ക് ശേഷം അവധിക്ക് അപേക്ഷിക്കുകയും ഇത് അനുവദിച്ചതായും സ്‌കൂളിലെ രേഖകളിലുണ്ടെന്നും ഡി.ഡി.ഇ. പറഞ്ഞു.

അതേസമയം, ഫര്‍സീന്‍ മജീദ് തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലായതിന് പിന്നാലെ ഇയാളെ സ്‌കൂളില്‍നിന്ന് പുറത്താക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിരുന്നു. നിരവധി കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ടി.സി.ക്ക് അപേക്ഷ നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റ് അതിവേഗം നടപടികളിലേക്ക് കടന്നത്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച്‌ പൊലീസ് കസ്റ്റഡിയിലായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് 15 ദിവസത്തേക്ക് അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ അദ്ധ്യാപകന്‍ പ്രതിഷേധിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ വൈകീട്ട്, മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി സുനീത് കുമാര്‍ ഒളിവിലാണ്.

 

മുഖ്യമന്ത്രിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതിക്രമം തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെ പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനീഷ് കുമാറിന് നേരെയും ആക്രമണമുണ്ടായി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെട്ടുവെന്നും എഫ്‌ഐആറില്‍ പറയുന്നു. അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പൊലീസില്‍ മൊഴിനല്‍കിയിരുന്നു. ഇതേവിഷയത്തില്‍ എയര്‍പോര്‍ട്ട് മാനേജരും പരാതി നല്‍കി. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top