×

ശശി തരൂരിനെതിരെ മോഹന്‍ലാല്‍?

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിനെ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എസ്‌എസ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ ഭാഗമാണെന്നാണ്, ഡെക്കാണ്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

2019ല്‍ മോഹന്‍ലാലിനെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനാണ് സംഘത്തിന്റെ താത്പര്യം. എന്നാല്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കാന്‍ സംഘം ഉദ്ദേശിക്കുന്നില്ല. സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ലാലിന്റെ പ്രതിച്ഛായ ഉറപ്പിച്ച ശേഷം സ്ഥാനാര്‍ഥിയാക്കാനാണ് പരിപാടി. ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ ഇതിനായി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിതാവ് വിശ്വനാഥന്‍ നായരുടെയും മാതാവ് ശാന്തകുമാരിയുടെയും സ്മരണയ്ക്കായി മോഹന്‍ലാല്‍ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. കാന്‍സര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള സാമൂഹ്യ സേവന പരിപാടികള്‍ നടത്താനാണ് ഫൗണ്ടേഷന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് എന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. എന്നാല്‍ ഇത് ആര്‍എസ്‌എസ് നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് ലാല്‍-മോദി കൂടിക്കാഴ്ചയെക്കുറിച്ച്‌ അറിയില്ലായിരുന്നെന്നും സൂചനകളുണ്ട്.

സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ മോഹന്‍ലാല്‍ ഇതുവരെ സമ്മതം നല്‍കിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സംഘവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന്റെ പ്രതിച്ഛായ ഉറപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘം ആസൂത്രണം ചെയ്യും. നടന്‍ എന്ന നിലയില്‍ കേരളീയ സമൂഹത്തില്‍ സ്വീകാര്യതയുള്ള മോഹന്‍ലാല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ കൂടി സജീവമാവുന്നതോടെ രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് സംഘം കണക്കു കൂട്ടുന്നത്.

എംടിയുടെ രചനയില്‍ ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തോടെ മോഹന്‍ലാല്‍ അഭിനയ രംഗത്തുനിന്ന് പിന്‍വാങ്ങാന്‍ ആലോചന നടത്തുന്നതായി സൂചനകളുണ്ട്. ഇതിനു പിന്നാലെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

തിരുവനന്തപുരം മണ്ഡലത്തില്‍ സിറ്റിങ് എംപി ശശി തരൂര്‍ തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ എത്തുന്നപക്ഷം അടുത്ത തെരഞ്ഞെടുപ്പില്‍ ലാലും തരൂരും തമ്മിലുള്ള തീപാറുന്ന പോരാട്ടമാവുമെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ രണ്ടാമത്ത എത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top