എറണാകുളത്തും വയനാട്ടിലും തള്ളിയ സരിതയുടെ നാമനിര്‍ദേശ പത്രിക അമേഠിയില്‍ സ്വീകരിച്ചതെങ്ങനെ?
കൊച്ചി: എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികള്‍ തള്ളിയ, സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക അമേഠിയില്‍ സ്വീകരിക്കപ്പെട്ടത് ഗുരുതരമായ നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഒരാള്‍ക്കു രണ്ടു മണ്ഡലങ്ങളില്‍ നിന്നു മാത്രമേ മത്സരിക്കാവൂ എന്നിരിക്കെ മൂന്നാമതൊരു മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചത് സങ്കീര്‍ണമായ സാഹചര്യമാണെന്ന് നിയമ വിദഗ്ധരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനപ്രാതിനിധ്യ നിയമ പ്രകാരം ഒരു സ്ഥാനാര്‍ഥിക്കു പരമാവധി രണ്ടു മണ്ഡലങ്ങളിലാണ് പത്രി നല്‍കാനാവുക. ഇവ രണ്ടും നിരസിക്കപ്പെട്ടാല്‍ ആ സ്ഥാനാര്‍ഥിയെ മത്സരിക്കാന്‍ അയോഗ്യതയുള്ളയാളായാണ് കണക്കാക്കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടിയാണ് എറണാകുളത്തെയും വയനാട്ടിലെയും വരണാധികാരികള്‍ സരിത എസ് നായരുടെ പത്രികള്‍ തള്ളിയത്. ഈ കേസുകളില്‍ ശിക്ഷാവിധി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും കുറ്റക്കാരിയെന്നു കണ്ടെത്തിയ നടപടി നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് വരാണാധികളുടെ നടപടി.
ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പുകള്‍ പ്രകാരമാണ് രണ്ടു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ സരിതയുടെ പത്രികകള്‍ തള്ളിയത്. ഇതിനെതിരെ സരിത ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അമേഠിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സരിത വ്യക്തമാക്കിയത്. ആരും തന്റെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്തില്ലെന്നും സരിത പറഞ്ഞു.
നാമനിര്‍ദേശ പത്രികയില്‍ തീരുമാനമെടുക്കുന്നത് വരാണാധികാരിയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. പത്രിക സ്വീകരിച്ചതിനാല്‍ സരിത അവിടെ സ്ഥാനാര്‍ഥിയാണെന്നും അവര്‍ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്