×

സജി ചെറിയാനെ തോല്‍പ്പിക്കാന്‍ ശ്രമം ; എം വി ഗോവിന്ദനെതിരെ വെള്ളാപ്പള്ളി

ആലപ്പുഴ : സിപിഎം നേതാവ് എം വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ഗോവിന്ദന്റെ പരാമര്‍ശങ്ങള്‍ ചെങ്ങന്നൂരിലെ ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാനെ തോല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിഡിജെഎസ് വര്‍ഗീയ കക്ഷിയാണെന്നും, ആ പാര്‍ട്ടിയെ ഇടതുപക്ഷത്ത് സഹകരിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

ഗോവിന്ദന്റെ ഈ പരാമര്‍ശമാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. ഗോവിന്ദന്റെ പരാമര്‍ശം അനവസരത്തിലുള്ളതാണ്. ഗോവിന്ദന് മധ്യതിരുവിതാം കൂറിലെ രാഷ്ട്രീയം അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആര്‍എസ്‌എസ് ഒഴികെ ഏത് പാര്‍ട്ടികളുടെ വോട്ടും സ്വീകരിക്കുമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കോടിയേരിക്ക് തിരുവിതാംകൂറിലെ രാഷ്ട്രീയം അറിയാം. അതുകൊണ്ടാണ് ബിഡിജെഎസ് എന്‍ഡിഎ വിട്ടുവരണമെന്ന് പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടാണ് പാര്‍ട്ടി തീരുമാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിഡിജെഎസിനെ എതിര്‍ക്കുന്ന സിപിഎം നേതാക്കള്‍ക്ക് പല മുഖമാണ്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം മതേതരം പറയുന്ന ഇടതുപക്ഷത്ത് എല്ലാം മതേതര പാര്‍ട്ടികളാണോ ഉള്ളതെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ഐഎന്‍എല്‍, കേരള കോണ്‍ഗ്രസിന്റെ ഒരുകഷണം എന്നിവയെല്ലാം എല്‍ഡിഎഫിലുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതേതരം എന്ന ഒന്നില്ല. അത് കള്ളനാണയമാണ്. മതത്തിന്റെ പിന്‍ബലം തേടി അവരുടെ ആവശ്യം പരിഗണിച്ച്‌ സ്ഥാനാര്‍ത്ഥികളെ അഖിലേന്ത്യാ തലത്തില്‍ വരെ നിര്‍ത്തുന്ന കാലമാണിത്. ബിജെപി മുന്നണി ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിക്കുന്നു. മതേതരം പറയുന്ന പാര്‍ട്ടികള്‍ കീഴ്‌പ്പോട്ട് വരുന്നു. വെള്ളാപ്പള്ളി പരിഹസിച്ചു.

ചെങ്ങന്നൂരില്‍ ത്രികോണ മല്‍സരമാണ് നടക്കുന്നത്. ചെങ്ങന്നൂരിലെ ഇടത്-വലത്-ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം മികച്ചവരാണ്. ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. ആര് വിജയിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ചുമല്‍സരിക്കണമെന്ന നിലപാട് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top