×

ചില ആശങ്കകള്‍ സ്വന്തം ഭാഷയില്‍ പറയുകയാണുണ്ടായത്; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാന്‍.

നിയമസഭയിലാണ് മന്ത്രിയുടെ പ്രസ്താവന. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ താന്‍ ഉദ്ദേശിച്ചിട്ടേയില്ലെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് നിയസഭയില്‍ ആവശ്യപ്പെട്ടു. ഭരണഘടനയെയും ഭരണഘടനാ ശില്‍പ്പികളേയും അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു.

മന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:

മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്ബാടും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ മുന്‍പന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ സാമൂഹ്യനീതിയും സാമ്ബത്തിക സുരക്ഷയും എല്ലാവര്‍ക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങള്‍ പറയാനോ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരതത്തില്‍ ഭരണകൂട സംവിധാനങ്ങള്‍ ഈ തത്വങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്ബത്തിക – സാമൂഹിക അസമത്വങ്ങള്‍ വളരെ വര്‍ദ്ധിക്കുകയാണുണ്ടായത്. നിര്‍ദ്ദേശകതത്വങ്ങള്‍ക്ക് ഊടും പാവും നല്‍കുന്ന നിയമനിര്‍മ്മാണം നടത്താന്‍ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയുടെ വകുപ്പുകള്‍ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ ഘടന, എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളിയാണ് വര്‍ത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചതുകൊടിയ ചൂഷണത്തിന് വഴിവെയ്ക്കും എന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നത് എന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിര്‍മ്മാതാക്കളുടെ വീക്ഷണം സാര്‍ത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസര്‍ക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശക്തിയായി അവതരിപ്പിച്ചപ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ക്ക് പ്രചാരണം ലഭിക്കാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുകയാണ്.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊള്ളയടിക്കുന്നതാണ്.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണെന്നും സജി ചെറിയാന്‍ ആരോപിച്ചു.

ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമായതുകൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നതുകൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. തൊഴിലാളികള്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്. എന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top