സഭാതര്‍ക്കം: വയോധികന്റെ മൃതദേഹം സംസ്കാരിക്കാനാവാതെ പത്തുനാള്‍; കൊച്ചുമകനെ സഭാ വേഷത്തില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭ
കായംകുളം: സഭാ തര്‍ക്കംമൂലം വൈദികന്റെ മൃതദേഹം സംസ്കരിക്കാനാവാതെ ബന്ധുക്കളുടെ കാത്തിരിപ്പ് പത്തുദിവസം കഴിയുന്നു. കറ്റാനം കട്ടച്ചിറ പള്ളിളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ(മാത്തുക്കുട്ടി-95) മൃതദേഹമാണ് പത്തുദിവസങ്ങളായി സംസ്കരിക്കാനാവാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നത്. വൈദികനായ കൊച്ചുമകനെ സഭാവേഷത്തില്‍ സംസ്കാര ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പിടിവാശിയാണ് സംസ്കാരം നീളാന്‍ കാരണം.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മാത്തുക്കുട്ടി മരിച്ചത്. യാക്കോബായ അംഗമായ ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമാവകാശം ഒാര്‍ത്തഡോക്സ് വിഭാഗത്തിന് നല്കി സുപ്രീംകോടതി ഉത്തരവായിരുന്നു. വിധി നടത്തിപ്പില്‍ വ്യക്തതയില്ലാത്തതിനാല്‍ പള്ളി ഇരുപക്ഷത്തിനും നല്‍കാതെ ജില്ല ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. താക്കോല്‍ യാക്കോബായക്കാരനായ ട്രസ്റ്റിയില്നിന്ന് ഏറ്റ വാങ്ങിയിട്ടുമില്ല.
ഇടവകയിലെ സംസ്കാരച്ചടങ്ങുകള്‍ സംബന്ധിച്ച് കോടതി കൃത്യമായ നിര്‍വചനം നല്‍കാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. യാക്കോബായക്കാര്‍ മരിച്ചാല്‍ പള്ളിയില്‍ ശുശ്രൂഷ അനുവദിക്കുന്നില്ല. പള്ളിക്കുസമീപമുള്ള കുരിശടിക്ക് മുന്നില്‍വച്ചാണ് ശുശ്രൂഷ. ഇതിനുശേഷം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്കാരച്ചടങ്ങുകള്‍ വിധിക്കുശേഷം നടത്തിയത്. കുരിശടിയിലെ ശുശ്രൂഷക്കുശേഷം പൗത്രന് ഫാ. ജോര്‍ജി ജോണിനെ സഭവേഷത്തോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഒാര്‍ത്തഡോക്സ് നിലപാടിനെ ജില്ല ഭരണകൂടവും പിന്തുണച്ചതോടെ യാക്കോബായ പക്ഷം പ്രതിരോധത്തിലായി.
ചര്‍ച്ചകളില്‍ ധാരണയായില്ലെങ്കിലും വ്യാഴാഴ്ച സംസ്കാരം നടത്താനായിരുന്നു കുടുംബം തീരുമാനിച്ചത്. വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം കൊണ്ടുവന്ന മൃതദേഹം പള്ളിക്ക് 200 മീ. അകലെ പൊലീസ് തടഞ്ഞു. രാവിലെ 11ന് റോഡരികില്‍ ഇറക്കിവച്ച മൃതദേഹം രാത്രി 7.30ഒാടെ തിരികെ വീട്ടിലേക്കുതന്നെ കൊണ്ടുപോകേണ്ടിവന്നു. സഹായത്തിനായി രാഷ്ട്രീയ-ഉദ്യോഗസ്ഥ-ഭരണതലങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മൃതദേഹവുമായി എട്ടുമണിക്കൂര്‍ റോഡരികിലിരുന്നിട്ടും പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വരെയുള്ളവരെല്ലാം കണ്ടില്ലെന്ന് നടിച്ചതായി യാക്കോബായ നേതൃത്വം ആരോപിക്കുന്നു.
അപ്പച്ചന്റെ താല്പര്യപ്രകാരമാണ് വൈദികജീവിതം തെരഞ്ഞെടുത്തതെന്നും സഭാവേഷത്തോടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കണമെന്നത് അദ്ദേഹത്തിന്റ ആഗ്രഹം ഒസ്യത്തായി പറഞ്ഞിരുന്നുവെന്നും ഫാ. ജോര്‍ജി ജോണ്‍ പറയുന്നു. ഇൗ സാഹചര്യത്തില്‍ വൈദികവേഷം അഴിച്ചുവെച്ച് കല്ലറയില്‍ അവസാനപിടി മണ്ണ് വാരിയിടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈദികവേഷത്തോടെ അത് ചെയ്യാനുള്ള സൗകര്യം ഒരുക്കിത്തരണമെന്നാണ് ആവശ്യപ്പെടാനുള്ളത്. മാത്തുക്കുട്ടിയുടെകൂടി ശ്രമഫലമായി ഉയര്‍ന്ന പള്ളി സെമിത്തേരിയില്‍ സ്വസ്ഥമായി അടങ്ങണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹമാണ് തര്‍ക്കങ്ങളില്‍ തടയപ്പെട്ടതെന്നും ഫാ. ജോര്‍ജി ജോണ്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്