×

ശബരിമലയിലെ ദേവപ്രശ്നത്തില്‍ കണ്ടെത്തിയത് ഇങ്ങനെ- പതിനെട്ടാംപടിയുടെ മേല്‍ക്കൂര പൊളിച്ചു നീക്കണം; നിവേദ്യ തയാറാക്കുന്നതില്‍ അശുദ്ധി; ആചാരങ്ങളില്‍ വീഴ്ച ;

പത്തനംതിട്ട: ശബരിമലയില്‍ പ്രസാദം തയാറാക്കുന്നതില്‍ അശുദ്ധിയുണ്ടെന്നും പതിനെട്ടാം പടിക്ക് മുകളിലെ മേല്‍ക്കുര പൊളിച്ച്‌ മാറ്റണമെന്നും ദേവപ്രശ്നത്തില്‍ വിധി. ക്ഷേത്രത്തിലെ പ്രസാദം, നിവേദ്യം എന്നിവ തയാറാക്കുന്നതില്‍ അശുദ്ധിയും കൃത്രിമവും ഉണ്ടാകുന്നുണ്ടെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ദൈവജ്ഞന്‍ ഇരിങ്ങാലക്കുട പത്മനാഭ ശര്‍മയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് നടന്നു വരുന്ന ദേവപ്രശ്ന വിചാരത്തിലാണ് പ്രസാദം, നിവേദ്യം എന്നിവ തയാറാക്കുന്നത് ശരിയായ വിധത്തിലല്ലെന്ന് കണ്ടെത്തിയത്.

പതിനെട്ടാം പടിക്ക് മുകളില്‍ സ്ഥിരമായി മേല്‍ക്കുര സ്ഥാപിക്കാന്‍ പാടില്ല. ശബരിമല പോലെ തന്നെ പവിത്രമാണ് പൊന്നമ്ബലമേട്. അതിനാല്‍ അവിടംഅശുദ്ധമാകാതെ സംരക്ഷിക്കണം. ഉപ്പ് പാറ ഭാഗത്തുള്ള മുരുക ക്ഷേത്രം സംരക്ഷിക്കണം. മാളികപ്പുറത്തു നിന്നുള്ള എഴുന്നെള്ളത്തിന് ആന തന്നെ വേണം. എന്നാല്‍ പമ്ബയിലേക്കുള്ള ആറാട്ടെഴുന്നെള്ളത്തിന് അന വേണമെന്നില്ലെന്നും പ്രശ്ന വിചാരത്തില്‍ വെളിപ്പെട്ടു.

നിലവില്‍ പന്തളവും ശബരിമലയും രണ്ടായിട്ടാണ് നില്‍ക്കുന്നത്. പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും നല്ല ആത്മബന്ധം പുലര്‍ത്തണമെന്നും പന്തളത്ത് ആചാരങ്ങളില്‍ ലോപം സംഭവിച്ചിട്ടുണ്ടെന്നും ആചാരങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രണ്ടാം ദിവസത്തെ ദേവപ്രശ്ന ചിന്തയില്‍ ജോതിഷികള്‍ നിര്‍ദ്ദേശിച്ചു. നാളെ ദേവപ്രശ്നം പൂര്‍ത്തിയാകും.

ശബരിമലയിലെ പരമ്ബരാഗത ആചാര അനുഷ്ഠാനങ്ങളില്‍ ലോപം സംഭവിച്ചതായി ദേവപ്രശ്ന ചിന്തയില്‍ തെളിഞ്ഞു. ഭസ്മക്കുളം പഴയ സ്ഥാനത്ത് പുനഃസ്ഥാപിക്കണം. തന്ത്രി മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ രാശി പൂജയോടെ ഇന്നലെയാണ് ദേവപ്രശ്ന വിചാരത്തിന് ശബരിമല സന്നിധാനത്ത് തുടക്കമായത്. സ്വര്‍ണം സമര്‍പ്പിച്ചത് തുലാം രാശിയിലും, അക്ഷരങ്ങള്‍ സമര്‍പ്പിച്ചത് വൃശ്ചികം രാശിയിലുമായതിനാല്‍ വലിയ അനര്‍ത്ഥങ്ങളില്ലെന്ന് തെളിഞ്ഞു.

തുടര്‍ന്ന് നടന്ന താംബൂല പ്രശ്നത്തില്‍ മുമ്ബ് സന്നിധാനത്തുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങള്‍ക്ക് ലോപം സംഭവിച്ചതു കാരണം അയ്യപ്പന് പ്രബലമായ ശോകം ഉള്ളതായി തെളിഞ്ഞു. പമ്ബാ ത്രിവേണിയിലെ ശീരാമപാദം ശ്രീരാമ സ്മരണയോടെ സംരക്ഷിക്കണം. പമ്ബയില്‍ ഭദ്രകാളി സാന്നിധ്യമുണ്ട്. മൂന്ന് താംബൂലങ്ങളിന്‍ മേലുള്ള പ്രശ്ന ചിന്തയാണ് പൂര്‍ത്തിയായത്. ഇരിങ്ങാലക്കുട പത്മനാഭ ശര്‍മ്മയാണ് പ്രധാന ദൈവജ്ഞന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍, തന്ത്രി കണ്ഠരര് രാജീവര് എന്നിവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top