×

ആര്‍.എസ്.എസ്.വേദിയിലെ പ്രണബിന്റെ പ്രസംഗം ചരിത്രസംഭവം -അദ്വാനി

ന്യൂഡല്‍ഹി: ആര്‍എസ്‌എസ് വേദി പങ്കിട്ട മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രശംസിച്ച്‌ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. ഇന്ത്യന്‍ ദേശീയതയുടെ ശ്രേഷ്ഠമായ ആശയങ്ങളും ആദര്‍ശങ്ങളും വിവരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യയശാസ്ത്രപരമായ വ്യത്യസ്തതകള്‍ക്കും സമാനതകള്‍ക്കും അതീതമായ ആശയസംവാദത്തിന്റെ പ്രശംസനീയമായ ഉദാഹരണമാണ് ഇതെന്ന് അദ്വാനി ചൂണ്ടിക്കാട്ടി. തുറന്ന മനസ്ഥിതിയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ഇത്തരം ആശയവിനിമയങ്ങള്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇന്ത്യയുടെ പൊതുവായ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് സഹിഷ്ണുതയുടേതായ ഇത്തരം ആശയസംവാദങ്ങള്‍ ഇക്കാലത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പുരില്‍ നടന്ന ആര്‍എസ്‌എസ് പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ച പ്രണബിനെയും അദ്ദേഹത്തെ പരിപാടിയിലേക്കു ക്ഷണിച്ച ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിനെയും അദ്വാനി അഭിനന്ദിച്ചു. ഇരുവരുടെയും കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പൊരുത്തവും സമാനതയും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്വാനിയുടെ അഭിനന്ദനം.

പൊതുപ്രവര്‍ത്തന രംഗത്തെ ദീര്‍ഘകാലത്തെ അനുഭവപരിചയത്തിലൂടെ രൂപപ്പെട്ട രാജ്യതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജി. വ്യത്യസ്ത ആശയവിഭാഗങ്ങളില്‍പ്പെട്ടവരുമായുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് ആര്‍എസ്‌എസിന്റെ ക്ഷണം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായതെന്നും അദ്വാനി പറഞ്ഞു.

ഗാന്ധിജിയും നെഹ്‌റുവും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ട്, സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയതയുടെ സവിശേഷതകള്‍ പ്രണബ് മുഖര്‍ജി നാഗ്പുരില്‍ നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ഒപ്പം, ആര്‍എസ്‌എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച നേതാക്കളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

ആര്‍എസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനതിരെ കോണ്‍ഗ്രസിനുള്ളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ആര്‍എസ്‌എസ് വേദി പങ്കിടുന്നതിനെതിരെ പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠയും രംഗത്തെത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top