ആര്‍.എസ്.എസ് നീക്കം വിജയിച്ചു, ഗവര്‍ണര്‍ പദവി ഒഴിഞ്ഞ് കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി
അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ പദവി ഒഴിയുന്നു. ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ബി.ജെ.പി നേതൃത്വം ഇതിന് പച്ചക്കൊടി കാട്ടിയെന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറെ വിജയസാദ്ധ്യത പ്രതീക്ഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍.എസ്.എസ് താത്പര്യം. ഗവര്‍ണര്‍ പദവി ഒഴിയുന്നതിന് പിന്നാലെ ഇക്കാര്യത്തിലും തീരുമാനമുണ്ടാവും.
കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അനുമതി തേടി കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വം ദേശീയ നേതൃത്വത്തെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും സമീപിച്ചെങ്കിലും ആദ്യ പ്രതികരണം അനുകൂലമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ കണ്ട് സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യം ശക്തമായി ഉന്നയിച്ചു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിംഗുമായി സംസാരിച്ച ശേഷം കുമ്മനത്തെ ഗവര്‍ണര്‍ പദവിയില്‍ നിന്നൊഴിവാക്കാന്‍ അമിത് ഷാ അനുവാദം നല്‍കിയെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരുന്നതിന് മുമ്ബ് കുമ്മനം ഗവര്‍ണര്‍ പദവി രാജിവയ്ക്കുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ മേയിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വം തങ്ങളറിയാതെ കുമ്മനത്തെ നാടുകടത്തി എന്നായിരുന്നു ആര്‍.എസ്.എസ് കേരള ഘടകത്തിന്റെ ആരോപണം. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ സഹകരണത്തോടെ വി.മുരളീധരന്‍ എം.പിയാണ് കുമ്മനത്തെ ഗവര്‍ണറാക്കാന്‍ ചുക്കാന്‍ പിടിച്ചതെന്നായിരുന്നു സംസ്ഥാനത്തെ ഒരുവിഭാഗം ആര്‍.എസ്. എസ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നത്. അപ്പോള്‍മുതല്‍ കുമ്മനത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു.
വി. മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ബി.ജെ.പിയില്‍ പ്രാഥമിക അംഗത്വം ഇല്ലാതിരുന്ന ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ആര്‍.എസ്.എസ് സമ്മര്‍ദ്ദത്താല്‍ നേരിട്ട് സംസ്ഥാന അദ്ധ്യക്ഷനാക്കിയത്. സ്ഥാനമൊഴിഞ്ഞ വി.മുരളീധരന് പകരം ആന്ധ്രയുടെ ചുമതല നല്‍കിയ കേന്ദ്ര നേതൃത്വം, ആര്‍.എസ്.എസ് നിര്‍ബന്ധത്തിന് വഴങ്ങി മുരളീധരനോട് കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ നിന്നുമാറി നില്‍ക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
ഗവര്‍ണര്‍ പദവി ഒഴിഞ്ഞെത്തുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയ സാദ്ധ്യത ഉറപ്പാണെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍. വിജയിക്കുകയും കേന്ദ്രത്തില്‍ എന്‍.ഡി.എയ്ക്ക് തുടര്‍ഭരണം കിട്ടുകയും ചെയ്താല്‍ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.
ശബരിമല സമരത്തിലൂടെ ശ്രദ്ധേയനായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ തിരുവനന്തപുരത്ത് നിറുത്തണമെന്നായിരുന്നു പ്രവര്‍ത്തകരുടെ താത്പര്യം. എന്‍.എസ്.എസ് പിന്തുണയും സുരേന്ദ്രന് ലഭിക്കുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. അതിനിടെയാണ് കുമ്മനത്തിന്റെ പേര് ഉയര്‍ന്നുവന്നതും ആര്‍.എസ്.എസ് നേതൃത്വം ശക്തമായി വാദിച്ചതും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്