വാടക ഇളവ് അനുവദിക്കുക, ലൈസന്‍സ് ഫീസിലെ പിഴ തുകയും ലേറ്റ് ഫീയും ഒഴിവാക്കണം – മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കോവിഡിന്റെ പേരില്‍ വ്യാപാരികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
അധികാരികള്‍ വ്യാപാരികളുടെ ദുരവസ്ഥ മനസിലാക്കി ബാങ്ക് വായ്പ്പകള്‍ക്ക് പലിശ ഇളവ് ചെയ്യുക, വായ്പ്പകള്‍ തിരിച്ചടയ്ക്കാന്‍ സമയം അനുവദിക്കുക, വൈദ്യുത ചാര്‍ജില്‍ ഇളവ് അനുവദിക്കുക ,വാടകയ്ക്ക് കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് വാടകയില്‍ ഇളവ് അനുവദിക്കുക, മുനിസിപ്പാലിറ്റി ലൈസന്‍സ് ഫീസില്‍ ഇളവ് അനുവദിക്കുക, സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്ക് ആറു മാസത്തെ വാടക ഇളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
അധികാരികളുടെ ഭാഗത്തു നിന്നും വ്യാപാരികള്‍ക്ക് അനുകൂലമായ നടപടികള്‍ ഉണ്ടായില്ലായെങ്കില്‍ വ്യാപാരികളും, തൊഴിലാളികളും നാശത്തിന്റെ പാടുകുഴിയിലേക്കായിരിക്കും പോവുക എന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. രാജു തരണിയില്‍ പറഞ്ഞു.
നോട്ട് നിരോധനം, ജി എസ് ടി, പ്രളയം തുടങ്ങിയവയില്‍ നിന്നും കരകേറി വരു മ്പോളാണ് വ്യാപാരികള്‍ക്ക് കനത്ത പ്രഹരമായി കൊറോണ വന്നത്. അനുനിമിഷം കടത്തില്‍ മുങ്ങി കൊണ്ടിരിക്കുന്ന വ്യാപാരികള്‍ക്ക് ഇത്തവണത്തെ പെരുന്നാള്‍ ഒരു പ്രതീക്ഷയായിരുന്നു. അതുകൊണ്ട് തന്നെ വ്യാപാരികള്‍ അവര്‍ക്ക് ആകുന്ന വിധം പുതിയ സ്റ്റോക്കുകള്‍ എടുത്തു പ്രതീക്ഷയോടെ കാത്തിരുന്നു.എന്നാല്‍ സര്‍ക്കാര്‍ വ്യാപാരികളെ വഞ്ചിക്കുന്ന സമീപനം സ്വീകരിക്കുന്നു.അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടസ്ഥാപങ്ങള്‍ ഒഴികെ ഒരു വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല.വ്യാപാരികള്‍ കടം പെരുകി ആത്മഹത്യയുടെ വക്കില്‍ ആണ്. ബാക്കി എല്ലാം മേഖലകളിലും സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കുമ്പോളും വ്യാപാരികളെ കണ്ടില്ലാ എന്ന് നടിക്കുന്നു.
ഇടുക്കി പോലെയുള്ള ചെറു ജില്ലയിലെ വ്യാപാരികള്‍ ഭൂരിഭാഗവും ചെറുകിട കച്ചവടക്കാരാണ്.നിത്യചിലവ് നടത്താന്‍ പോലും പല വ്യാപാരികളും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്.
അതിനാല്‍ തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു ചെറുകിട വ്യാപാരസ്ഥാപനങ്ങളില്‍ കച്ചവടം ചെയ്യാന്‍ അനുവദിക്കുകയും, വലിയ വ്യാപാരസ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുക.കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുമായി അടുത്തിടപഴുകുന്നത് വ്യാപാരികളാണ്.
അതിനാല്‍ വ്യാപാരികള്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന കൊടുക്കുക. പലരും കിലോമീറ്ററോളം ദൂരം യാത്ര ചെയ്താണ് വാക്‌സിന്‍ സ്വീകരിക്കുന്നത്.ഇതു ഒഴിവാക്കി വ്യാപാരികള്‍ക്ക് മാത്രമായി വാക്‌സിന്‍ ക്യാമ്പുകള്‍ നടത്തണമെന്നും ആവശ്യപ്പെട്ട് മര്‍ച്ചന്റ് അസോസിയേഷന്‍ നേതാക്കള്‍ നിവേദനം നല്‍കി.
യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ.നാസര്‍ സൈര, ട്രഷറര്‍ ശ്രീ.P.G രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ്മാരായ ശ്രീ.സാലി S.മുഹമ്മദ്, ശ്രീ. അജീവ് P, ശ്രീ.ടോമി സെബാസ്റ്റ്യന്‍, സെക്രട്ടറിമാരായ ശ്രീ.ഷെരീഫ് സര്‍ഗം, ശ്രീ.ബെന്നി ഇല്ലിമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്