×

ചൈനയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി; റിമൂവ് ചൈന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ 50 ലക്ഷം

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരേ നിരന്തരം പ്രകോപനം നടത്തുന്ന ചൈനയ്‌ക്കെതിരേ വ്യത്യസ്തമായ ഒരു പോരാട്ടവുമായി ഭാരതീയര്‍. ചൈന ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനപ്പുറം സ്മാര്‍ട്ട് ഫോണുകളില്‍ ചൈന നിര്‍മിത ആപ്പുകള്‍ പോലും വേണ്ടെന്ന് വയ്ക്കുകയാണ് ഭാരതീയര്‍. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് ബഹുഭൂരിപക്ഷം ആള്‍ക്കാരും റിമൂവ് ചൈന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു ചൈന ആപ്പുകള്‍ നീക്കിയത്. ആപ്പ് പ്ലേസ്റ്റോറില്‍ എത്തി രണ്ടാഴ്ചയ്ക്കം ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അമ്ബതു ലക്ഷം പിന്നിട്ടുണ്ട്. ടിക് ടോക്, ഷെയര്‍ ഇറ്റ്, കാംസ്‌കാനര്‍, എക്‌സെന്‍ഡര്‍ തുടങ്ങി ഉപയോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുള്ള ആപ്പുകളാണ് വ്യാപകമായ ആള്‍ക്കാര്‍ ഡിലീറ്റ് ചെയ്യുന്നത്. ചൈനയുടെ ഉത്പന്നങ്ങളും ഇന്ത്യക്കാര്‍ വന്‍തോതില്‍ ഉപേക്ഷിക്കുന്നതായുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

എന്‍ജിനീയറും ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിദഗ്ധനുമായ ലഡാക്ക് സ്വദേശി സോനം വാങ്ചുക് ആണ് ചൈനക്കെതിരേ യുദ്ധം മാത്രമല്ല മറ്റൊരു പോരാട്ടം കൂടി ഉണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. അഞ്ച് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയില്‍ നിന്നും ചൈന പ്രതിവര്‍ഷം ഉണ്ടാക്കി കൊണ്ടു പോകുന്നത്. ഇതേ പണം ഉപയോഗിച്ചു വാങ്ങുന്ന അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണവര്‍ അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ക്കെതിരേ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം വാങ്ങണമെന്ന് ഞാന്‍ പറയില്ല.പക്ഷേ മറ്റേത് രാജ്യത്തിന്റെ ഉത്പന്നങ്ങള്‍ വാങ്ങിയാലും, അത് ചൈന നമ്മളോട് ചെയ്യുന്ന അത്രയ്ക്ക് ദ്രോഹം ചെയ്യില്ല.

‘ഒരാഴ്ച കൊണ്ട് ടിക് ടോക് ഉപയോഗം നിര്‍ത്തുക, ഒരു വര്‍ഷം കൊണ്ട് ചൈനീസ് നിര്‍മ്മിത ഹാര്‍ഡ് വെയറുകളും ഒഴിവാക്കുക. അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ ബുള്ളറ്റുകള്‍ കൊണ്ട് മറുപടി പറയുമ്ബോള്‍, നമ്മുടെ വാലറ്റുകള്‍ കൊണ്ട് നമുക്കും ചൈനയ്ക്കു മറുപടി കൊടുക്കാം.130 കോടി ഇന്ത്യക്കാരും, ഇന്ത്യക്ക് പുറത്തുള്ള 3 കോടി പ്രവാസികളും വിചാരിച്ചാല്‍ നിഷ്പ്രയാസം ചൈനയില്‍ കനത്ത ആഘാതമേല്‍പ്പിക്കാന്‍ സാധിക്കും’ എന്നാണ് സോനം വാങ്ചുക് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കിയത്.

സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചലച്ചിത്രമായ ത്രീ ഇഡിയറ്റ്‌സിലെ അമീര്‍ഖാന്റെ നായക കഥാപാത്രമായ ഫുന്‍സുക് വാങ്ഡു, സോനം വാങ്ചുകില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടതായിരുന്നു. ലോകപ്രശസ്ത മോഡലും ബോളിവുഡ് അഭിനേതാവുമായ മിലിന്ദ്ബസോമന്‍ സോനം വാങ്ചുകിന്റെ അഭിപ്രായത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നഭ്യര്‍ത്ഥിച്ച്‌ രംഗത്തു വന്നിരുന്നു.തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു കൊണ്ടാണ് മിലിന്ദ് സോമന്‍ വാങ്ചുകിനു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.

രാജ്യത്ത് ചൈന വിരുദ്ധ വികാരം മുതലെടുക്കാന്‍ പല തരം നീക്കങ്ങള്‍ ശക്തിപ്പെടുന്നതിനിടയിലാണ് റിമൂവ് ചൈന മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനീസ് ആപ്പുകള്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയാണ് ആപ്പ് എത്തിയത്.

3.5 എം ബി വലിപ്പമുള്ള ആപ് നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭ്യമാകുന്നത്. ഡൗണ്‍ലോഡ് ചെയ്ത ചൈനീസ് ആപ്പുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നത്. പ്രീ- ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല. വണ്‍ടച്ച്‌ ആപ്പ് ലാബ് എന്ന കമ്ബനിയാണ് ആപ്പിന് പിന്നിലുളളത്. ജയ്പൂര്‍ ആസ്ഥാനമായ കമ്ബനിയുടെ ആപ്പിന് വന്‍പിന്തുണയാണ് ഇന്ത്യയില്‍ ലഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top