×

വിവാദ കമ്ബനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല

നമുക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കാന്‍ ഡച്ചുസര്‍ക്കാര്‍ സന്നദ്ധത അറിയിച്ച നിലയ്ക്ക് അത് സ്വീകരിച്ചുകൂടേ എന്ന് ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയദുരന്തം കൈകാര്യം ചെയ്യുന്നതിലും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് കഴിവും പ്രാപ്തിയുമുണ്ട്. കേരളത്തിന്റെ ഭൗതികപശ്ചാത്തലഅടിസ്ഥാനസൗകര്യമേഖലകളിലായി ആയിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങളാണ് പ്രളയത്തില്‍ സംഭവിച്ചിട്ടുള്ളത്. ജീവനോപാധികളും, വീടും, വസ്തുവകകളും, വീട്ടുപകരണങ്ങളും, അടക്കം സര്‍വ്വതും നഷ്ടപ്പെട്ട സാധാരണക്കാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും, വ്യാപാര വാണിജ്യമേഖലകളിലടക്കം നേരിട്ടിട്ടുള്ള കനത്ത ആഘാതം മറികടക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള, നല്ല ട്രാക്ക് റെക്കോര്‍ഡും, സുതാര്യമായ പ്രവര്‍ത്തന ശൈലിയും, മനുഷ്യവിഭവ ശേഷിയുമുള്ള ഏജന്‍സികളുടെയും, സ്ഥാപനങ്ങളുടെയും സേവനം കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. എന്നാല്‍ ഇപ്പോള്‍ ഇതിനായി മന്ത്രിസഭ തെരഞ്ഞെടുത്തിരിക്കുന്ന കെ.പിഎം.ജി എന്ന സ്ഥാപനം നടത്തിയിട്ടുള്ള ക്രമക്കേടുകള്‍ ഗുരുതരമായ പല ആരോപണങ്ങളും നിരവധി പത്രദൃശ്യമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവന്നിട്ടുണ്ട്.

പ്രമുഖ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇക്കണോമിസ്റ്റ് മാസികയിലെ റിപ്പോര്‍ട്ടില്‍ പ്രസ്തുത കമ്ബനി അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ അന്വേഷണം നേരിടുന്നതായി ആരോപിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ഒരു പൊതുമേഖലാ കോണ്‍ട്രാക്ടറുടെ അക്കൗണ്ടുകള്‍ക്ക് ഓഡിറ്റിംഗ് അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ടും, ടെഡ് ബേക്കര്‍ എന്ന വസ്ത്രറീട്ടെയില്‍ സ്ഥാപനത്തില്‍ നടന്ന ഓഡിറ്റ് ക്രമക്കേടുകളെത്തുടര്‍ന്നും നിരവധി ഗുരുതര വിമര്‍ശനങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് ഈ കമ്ബനി ബ്രിട്ടനില്‍ നടപടി നേരിടുന്നതായി വാര്‍ത്തകളുണ്ട്. സൗത്ത് ആഫ്രിക്കയിലുളള ഗുപ്ത കുടുംബത്തിന്റെ കമ്ബനികളുടെ ഓഡിറ്റിംഗ് ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നതിന്റെ പേരിലും ഈ കമ്ബനി ആരോപണം നേരിടുന്നു. കെ.പി.എം.ജിയുടെ അമേരിക്കന്‍ സ്ഥാപനമായ കെപിഎംജി എല്‍എല്‍പി നികുതിവെട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരില്‍ ക്രിമിനല്‍ നടപടി നേരിട്ടതായും, തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കി കേസില്‍ നിന്നും ഒഴിവായതായും റിപ്പോര്‍ട്ടുകളുണ്ട്.

യുഎഇയിലെ അബ്രാജ് എന്ന സ്വകാര്യ ഇക്വറ്റി സ്ഥാപനത്തിന്റെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഈ സ്ഥാപനം അന്വേഷണം നേരിടുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ കമ്ബനി നേരിടുന്ന സ്ഥിതിക്ക് അതിന്റെയൊക്കെ നിജസ്ഥിതി പരിശോധിക്കാതെ, പതിനായിരക്കണക്കിന് കോടി രൂപ വിനിയോഗിച്ച്‌, അതും അത്യന്തം സൂക്ഷ്മതയോടെയും, സുതാര്യമായും നിര്‍വ്വഹിക്കേണ്ട കേരളത്തിന്റെ പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഈ കണ്‍സള്‍ട്ടന്‍സിയെ ഏല്പിക്കണമെന്നുള്ളത് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top