×

എല്ലാം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണോ ?. എങ്കില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി എന്തിനാണ്. ചീഫ് സെക്രട്ടറി പോരേ – രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്രവാസികള്‍ക്കൊരു കയര്‍ എന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച ലോകകേരള സഭയോട് പ്രതിപക്ഷം സഹകരിച്ചിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് കണ്ണീരാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ സര്‍ക്കാര്‍ ഉദാസീന നിലപാടാണ് തുടരുന്നത്. ഇതില്‍ പ്രതിഷേധിച്ച്‌ ലോകകേരള സഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയാണെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ നടപടി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഉദാസീനമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഇത് സാജന്റെ മരണം സര്‍ക്കാര്‍ എത്ര ലഘുവായി കണക്കാക്കുന്നു എന്നതിന് തെളിവാണ്. എല്ലാ കുറ്റവും ഉദ്യോഗസ്ഥരുടേതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സെക്രട്ടറിയാണ് അനുമതി നിഷേധിച്ചതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്കില്‍ പിന്നെ ഭരണസമിതി എന്തിനാണ്.

എല്ലാം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണോ ?. എങ്കില്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി എന്തിനാണ്. ചീഫ് സെക്രട്ടറി പോരേ. അദ്ദേഹം ഭരിച്ചാല്‍ പോരേ. അന്യനാട്ടില്‍ ജീവിതത്തിന്റെ യൗവനകാലം മുഴുവന്‍ ഹോമിച്ച്‌ സ്വരുക്കൂട്ടിയ സമ്ബാദ്യം കൊണ്ട് ആന്തൂര്‍ പോലൊരു കുഗ്രാമത്തില്‍ നിക്ഷേപം നടത്താന്‍ തീരുമാനിച്ചതിനാണ് സാജനെന്ന ഹതഭാഗ്യന് ജീവിതം ഹോമിക്കേണ്ടി വന്നത്. കണ്ണൂീര്‍ ജില്ലയിലെ സിപിഎം വിഭാഗീയതയുടെ രക്തസാക്ഷിയാണ് സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രാത്രി കുടുംബത്തെയും കൊണ്ട് കാറില്‍ പണി പൂര്‍ത്തിയാകാത്ത കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ പോയി സാജന്‍ നെടുവീര്‍പ്പിടുമായിരുന്നു എന്നാണ് ആന്തൂര്‍ സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലാക്കാനായത്. താന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ലെന്ന് നഗരസഭാധ്യക്ഷ പി കെ ശ്യാമള പറഞ്ഞു. ഇത്തരത്തില്‍ പറയാന്‍ എന്ത് അധികാരമാണ് അവര്‍ക്ക് ഉള്ളത്. ഏത് മുനിസിപ്പല്‍ ചട്ടം അനുസരിച്ചാണ് ശ്യാമള ഇങ്ങനെ പറഞ്ഞതെന്ന് ചെന്നിത്തല ചോദിച്ചു.

മുതിര്‍ന്ന സിപിഎം നേതാവിന്റെ ഭാര്യയാണ് എന്ന ധിക്കാരത്തിലാണ് ശ്യമളയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം. ശ്യാമളക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തണമെന്ന് സാജന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന് എന്തിനാണ് അന്വേഷണം. പി ജയരാജന്റെ മകന്റെ വിവാഹത്തിന് സാജന്‍ പോയത് ശ്യാമള അറിഞ്ഞതും അനുമതി നിഷേധത്തിന് കാരണമായി.

ആന്തൂര്‍ സിപിഎം കോട്ടയാണ്. ഇനിയും അവിടെ സിപിഎം ഭരണമാണ് വരികയെന്ന് സാജന്‍ ഭയന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് രണ്ടാമത്തെ പ്രവാസിയാണ് ആത്മഹത്യ ചെയ്തത്. പുനലൂരില്‍ സുഗതന്‍ ആത്മഹത്യ ചെയ്തത് സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു. സുഗതന്റെ സ്ഥാപനത്തിന് ഇതുവരെയും അനുമതി നല്‍കിയിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിച്ചു.

ആന്തൂരിലെ സാജന്റെ ആത്മഹത്യ അട്ടിമറിക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നത്. പ്രമോട്ടിയായ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. ആര്‍ക്ക് വേണം ഈ അന്വേഷണം. കേരളത്തെ നടുക്കിയ സംഭവത്തില്‍ ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് കത്ത്ു നല്‍കിയിരുന്നു. എന്നാല്‍ പ്രമേഷന്‍ ലഭിച്ചെത്തിയ നാര്‍ക്കോട്ടിക് ഡിവൈഎസ്പിയെയാണ് ചുമതലപ്പെടുത്തിയത്. ഇത് അന്വേഷണം തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top