ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം; ഈ മനോഹര തീരത്ത് വീണ്ടുമൊരു ജന്മം വേണമെന്ന… വയലാറിന്റെ ചന്ദ്രകളഭം പാട്ടുവെക്കണം;
കൊച്ചി: താന്‍ രോഗബാധിതരായിരിക്കുമ്ബോള്‍ തന്നെ അദ്ദേഹം മരണത്തെ മുന്‍കൂട്ടി കണ്ടോ എന്ന സംശയം ഉയരുന്നുണ്ട്. തന്റെ മരണാനന്തര ചടങ്ങുകള്‍ക്കു മതപരമായ ഒന്നും വേണ്ടെന്ന് പിടി തോമസിന്റെ അന്ത്യാഭിലാഷം. മൃതദേഹം രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിക്കണം. മൃതദേഹത്തില്‍ റീത്ത് വയ്ക്കരുതെന്നും പിടി നിര്‍ദ്ദേശിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതനുസരിച്ച് സംസ്‌കാര ചടങ്ങുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.’
രവിപുരം പൊതു ശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം ചിതാഭസ്മത്തില്‍ ഒരു ഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്നും പിടി തോമസ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. പൊതു ദര്‍ശന സമയത്ത് വയലാറിന്റെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന പാട്ട് ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണമെന്ന അഭിലാഷവും പിടി തോമസ് പങ്കുവച്ചിരുന്നു.
അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ട്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശശുദ്ധിയുള്ള രാഷ്ട്രീയ നേതാവായ പി.ടി.തോമസിന്റെ അന്ത്യയാത്രയും സമാനതകളില്ലാത്ത രീതിയിലാകും. സംസ്‌കാര സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും..’ എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തില്‍ കേള്‍പ്പിക്കണം തുടങ്ങിയ അന്ത്യഭിലാഷങ്ങളാണ് പി.ടി. തോമസിനുള്ളത്. ഈ മനോഹര തീരത്ത് വീണ്ടുമൊരു ജന്മംകൂടി വേണമെന്ന വരികളുള്ള വയലാറിന്റെ ഗാനം അദ്ദേഹത്തിന് അത്രയ്ക്ക് ഇഷ്ടമായരുന്നു.
വയലാറിന്റെ ആ വരികള്‍ ഇങ്ങനെയാണ്:
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വര്‍ണ്ണ മരാളങ്ങളുണ്ടോ
വസുന്ധരേ…വസുന്ധരേ..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ?
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധര്‍വഗീതമുണ്ടോ?
വസുന്ധരേ…വസുന്ധരേ…
കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരുജന്മം കൂടി
വെല്ലൂരില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന ഭാര്യ ഉമ അറിയാതെ പിടി ഡിജോ കാപ്പനെ വിളിച്ചതും തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന മാര്‍ഗനിര്‍ദ്ദേശം നല്‍കിയതും. കേരള രാഷ്ട്രീയത്തിന് പിടി തോമസിന്റെ വിയോഗം വലിയ ഞെട്ടലായി മാറുമ്ബോഴും തനിക്ക് ഇനി അധികദൂരം ബാക്കിയില്ലെന്ന തിരിച്ചറിവ് പി.ടിക്കുണ്ടായിരുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ ഉറ്റ അനുയായികള്‍.
പി.ടി തോമസിന്റെ അന്തിമ ആഗ്രഹപ്രകാരം സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുമെന്ന് സംഘടനാ ചുമതലയുള്ള എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ പറഞ്ഞു. കുടുംബത്തിന്റെ താല്പര്യം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ വൈകുന്നേരത്തോടെയാകും അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.
2014-ല്‍ ട്രെയിന്‍ യാത്രയ്ക്കിടെ പിടിക്ക് ഹൃദയാഘാതമുണ്ടായിരുന്നു. സഹയാത്രികന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അന്ന് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായത്. അതിനു ശേഷമാണ് വില്ലനായി അര്‍ബുദം പിടിയുടെ ജീവിതത്തിലേക്ക് വന്നത്. ഈ പരീക്ഷണഘട്ടവും പിടിയുടെ പോരാളി മറികടക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ഇക്കുറി വെല്ലൂരിലേക്ക് ചികിത്സയ്ക്ക് വേണ്ടി പുറപ്പെടുപ്പോള്‍ പെട്ടെന്ന് തിരിച്ചെത്താം എന്ന ഉറപ്പ് സുഹൃത്തുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയാണ് പിടി യാത്ര പറഞ്ഞത്. എന്നാല്‍ വെല്ലൂരിലെ ചികിത്സയ്ക്കിടെ അര്‍ബുദം പിടിമുറുക്കിയതോടെ ഇനി അധികസമയമില്ലെന്ന് പിടിയും തിരിച്ചറിഞ്ഞിരിക്കാം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്