സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പി.എസ്.സി കോച്ചിംഗ് സെന്ററുകള്‍ക്ക് പൂട്ട് വീഴുന്നു: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ പി.എസ്.സി പരിശീലന സെന്ററുകളില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച് സംസ്ഥാന വിജിലന്‍സ് വിഭാഗം. തലസ്ഥാനത്തുള്ള മൂന്ന് സ്ഥാപനങ്ങളെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുക. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന് പി.എസ്.സി സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഈ കത്ത് പൊതുഭരണ വകുപ്പ് സെക്രട്ടറി വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ സര്‍വീസിലിരുന്ന് പി.എസ്.സി കോച്ചിംഗ് സെന്റര്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്തി പരീക്ഷാ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയില്‍ അന്വേഷണം നടക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലിനോക്കുന്ന രണ്ടു പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തമ്ബാനൂര്‍ എസ്.എസ് കോവില്‍ റോഡില്‍ ഇരുവരും രണ്ട് കോച്ചിംഗ് സെന്ററുകള്‍ നടത്തുന്നുണ്ട്.
ഈ രണ്ടു സ്ഥാപനങ്ങളേയും മേധാവികളേയും പരാര്‍ശിച്ചുകൊണ്ട് ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ചെയര്‍മാന് നല്‍കിയ പരാതിയിന്മേലാണ് അന്വേഷണം. പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണ വിധേയാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ശുപാര്‍ശ ഈ മാസം ആദ്യവാരം പി.എസ്.സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കിയത്.
പി.എസ്.സിയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി കോച്ചിംഗ് സെന്ററുകള്‍ നടത്തുന്ന പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നാണ് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികളുടെ പരാതി. ആരോപണ വിധേയര്‍ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന സെക്ഷനുകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വഴങ്ങാത്തവരെ കാലക്രമേണ തങ്ങളുടെ വരുതിയിലാക്കും. സെക്രട്ടേറിയറ്റിലെ സ്വാധീനമാണ് ഇവര്‍ ഇതിനായി ഉപയോഗിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്