ഫാം അടച്ചുപൂട്ടി ; പ്രവാസിയായ വീട്ടമ്മ പെട്രോളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വണ്ണപ്പുറം : പട്ടയക്കുടിയില്‍ ഫാം നടത്തിവന്നിരുന്ന പ്രവാസിയും നേഴ്‌സുമായ യുവതിയുടെ ഫാം പോലീസ് സഹായത്തോടെ ബലമായി അടച്ചു പൂട്ടിച്ചു.
ഇതിനെ തുടര്‍ന്ന് പട്ടയക്കുടി കല്ലുങ്കല്‍ വീട്ടില്‍ ബിന്ദു തോമസാണ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പന്നികളെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ മനോവിഷമത്തില്‍ ബിന്ദു പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും വനിതാ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അവരെ തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചു.
തുടര്‍ന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ അവരെ തുടര്‍ന്ന് സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെ പിടിവാശിയാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമായതെന്ന് ബിന്ദു തോമസ് പറയുന്നു.
വണ്ണപ്പുറം പഞ്ചായത്തില്‍ നിരവധി പന്നി ഫാമുകള്‍ യാതൊരുവിധ ലൈസന്‍സുകളും ഇല്ലാതെ റവന്യൂ, വനം ഭൂമിയില്‍ നിരവധി അനവധി പന്നിഫാമുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഏഴോളം വന്‍കിട പന്നി ഫാമുകള്‍ വണ്ണപ്പുറം പഞ്ചായത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ മറ്റോ യാതൊരു വിധി അനുമതിയും ലഭിക്കാതെ സര്‍ക്കാരിന്റെ ഭൂമിയിലാണ് ഇത്തരം ഫാമുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിന്ദു പറയുന്നു.
തന്റെ പേരില്‍ കരം അടയ്ക്കുന്ന നാലേക്കര്‍ സ്വകാര്യഭൂമിയില്‍ ഫാമില്‍ ബയോ ഗ്യാസ് പ്ലാന്റും സെപ്റ്റിംക് ടാങ്കും മറ്റെല്ലാം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ചില തല്‍പര കക്ഷികള്‍ ലക്ഷക്കണക്കിന് രൂപയാണ് സംഭാവന ചോദിച്ചിരുന്നത്. ഇത് കൊടുക്കാന്‍ സാധിക്കില്ലെന്ന പറഞ്ഞതിന്റെ പേരില്‍ കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു.
നാട്ടുകാര്‍ക്ക് യാതൊരുവിധ ശല്യങ്ങളുമില്ലാതെ നാലേക്കറോളം പട്ടയ ഭൂമിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രവര്‍ത്തിച്ച് വരുന്ന ഈ ഫാമിനെതിരെ കൊടുക്കുന്ന പിരിവ് കുറഞ്ഞുപോകുന്നുവെന്ന പേരില്‍ മാത്രം ഇവരെയും ഇവരുടെ തൊഴിലാളികളേയും പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്ന് ബിന്ദു തോമസ് പറയുന്നു.
നിരവധി വര്‍ഷക്കാലം ഗള്‍ഫ് രാജ്യങ്ങളില്‍ നേഴ്‌സായി ജോലി നോക്കിയിരുന്ന ബിന്ദു തോമസ് നാട്ടില്‍ വന്ന് ഒരു സ്വയം തൊഴില്‍ സംരംഭം തുടങ്ങിയപ്പോഴാണ് ചില ജനപ്രതിനിധികളുടെ പിരിവ് ശല്യം മൂലം ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്ന് ബിന്ദു തോമസ് പറഞ്ഞു. ചിലര്‍ക്ക് ലക്ഷക്കണക്കിന് രൂപയും ഐ ഫോണ്‍ മൊബൈലും നല്‍കിയിരുന്നുവെന്നും ബിന്ദു പറയുന്നു. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കൂടുതല്‍ വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ബിന്ദു തോമസ് അറിയിച്ചു.
എന്നാല്‍ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഫാം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു. ഉത്തരവിനെതിരെ ഇവര്‍ അപ്പീലിന് പോകാത്തതതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാത്തതുമാണ് ഇപ്പോള്‍ ഫാം അടപ്പിക്കാന്‍ കാരണമായതെന്നും വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി പറയുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്