×

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ശക്തമായ നടപടി – മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവരെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേലുദ്യോഗസ്ഥര്‍ നിയമത്തിന് അതീതരല്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സംഭവത്തെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്നും മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ രേഷ്മയുടെ പരാതി സ്വീകരിച്ചശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ഇത്തരം കാര്യങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ തെക്കന്‍ മേഖലാ എ.ഡി.ജി.പി അനില്‍കാന്തിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ രേഷ്മ പരാതി നല്‍കിയത്.

ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറാണ് മ്യൂസിയം പോലീസില്‍ മര്‍ദ്ദനം സംബന്ധിച്ച പരാതി നല്‍കിയിട്ടുള്ളത്. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തെക്കുറിച്ച്‌ പോലീസുകാരന്റെ പരാതി ഇങ്ങനെയാണ്. – എ.ഡി.ജി.പി.യുടെ ഭാര്യയെയും മകളെയും രാവിലെ നടക്കാനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുവന്നുവിട്ടു. തിരിച്ചു പോകുമ്ബോള്‍ വാഹനത്തിലിരുന്ന മകള്‍ തന്നെ ചീത്ത വിളിച്ചു. ഇത് തുടര്‍ന്നാല്‍ വണ്ടി മുന്നോട്ടെടുക്കാനാവില്ലെന്നു പറഞ്ഞ് വണ്ടിനിര്‍ത്തി. പ്രകോപിതയായ പെണ്‍കുട്ടി വണ്ടിയില്‍നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വാഹനമാണ് ഇതെന്നും വിട്ടുതരാന്‍ കഴിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഒാേട്ടാറിക്ഷയില്‍ പൊയ്‌ക്കൊള്ളാമെന്ന് പറഞ്ഞ് എ.ഡി.ജി.പി.യുടെ മകള്‍ പോയി. എന്നാല്‍ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഇത് ഉപയോഗിച്ച്‌ തന്റെ കഴുത്തിലും മുതുകിലും ഇടിക്കുകയുമായിരുന്നു. ഇടിയില്‍ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top