×

താന്‍ പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടും ഏന്തിയാണ്; പൊലീസിന്റെ മൈക്കില്‍ സംസാരിച്ചതിന് പിന്നില്‍ ദുരുദ്ദേശമില്ല,- തില്ലങ്കേരി

സന്നിധാനം: സന്നിധാനത്ത് ആചാരലംഘനം നടത്തിയിട്ടില്ലെന്ന് ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി. താന്‍ പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടും ഏന്താണ്. ബഹളമുണ്ടായപ്പോള്‍ അത് ഒപ്പമുള്ളയാള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് തില്ലങ്കേരി പറഞ്ഞു. പൊലീസിന്റെ മൈക്കില്‍ സംസാരിച്ചതിന് പിന്നില്‍ ദുരുദ്ദേശമില്ല, പ്രശ്‌നമുണ്ടായപ്പോള്‍ പരിഹരിക്കാനാണ് ശ്രമിച്ചത്. ഭക്തര്‍ക്കുണ്ടായ പ്രയാസങ്ങള്‍ മറച്ചുപിടിക്കാന്‍ സര്‍ക്കാര്‍ കുപ്രചരണം നടത്തുകയാണെന്നും തില്ലങ്കേരി പ്രതികരിച്ചു.

സംഭവത്തെ കുറിച്ച്‌ തില്ലങ്കേരി പറഞ്ഞത് ഇങ്ങനെ: ഇന്നലെ ദര്‍ശനം വടക്കേ നടയിലൂടെയാണ് നടത്തിയത്. ഇന്നലെ രാവിലെയാണ് പതിനെട്ടാം പടിയിലൂടെ കടന്നത്. ശ്രീകോവിലില്‍ ദര്‍ശനം നടക്കുന്നതിനിടെയാണ് താഴെ ബഹളം കണ്ടത്. എന്റെ കയ്യിലുള്ള ഇരുമുടിക്കെട്ട് തൊട്ടടുത്തുള്ള ആളുടെ കയ്യില്‍ കൊടുത്തിട്ടാണ് ഞാന്‍ സംസാരിക്കുന്നത്. ഇരുമുടിക്കെട്ടുമായാണ് പതിനെട്ടാം പടിയില്‍ ചവിട്ടിയത്. നെയ്യഭിഷേകം നടത്താന്‍ നില്‍ക്കുന്ന ഭക്തരെക്കൂടി ബുദ്ധിമുട്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ടോയ്ലറ്റ് ബ്ലോക്കുകള്‍ വരെ അടച്ചുപൂട്ടി. കലാപമുണ്ടാക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ദര്‍ശനത്തിന് വന്ന സ്ത്രീകളെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുണ്ട്. സമാധാനപരമായ പ്രതിഷേധത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ട്. വിശ്വാസിയായ എന്നെ ആചാരലംഘനം നടത്തിയ ആളായി മാറ്റി.

വല്‍സന്‍ തില്ലങ്കരി ആചാരം പാലിക്കാതെ പതിനെട്ടാംപടി കയറിയത് നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച്‌ ദേവസ്വംബോര്‍ഡ് അന്വേഷിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായപ്പോള്‍ ഭക്തരെ നിയന്ത്രിക്കാന്‍ വത്സന്‍ തില്ലങ്കരിക്ക് പൊലീസ് സൗകര്യമൊരുക്കിയത് വലിയ വിവാദമായിരുന്നു. പൊലീസ് മൈക്കിലൂടെ തില്ലങ്കേരി അണികളോട് ശാന്തരാകാന്‍ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ശബരിമല പൂര്‍ണ പൊലീസ് നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്ബോഴും പ്രതിഷേധങ്ങളുടെ നിയന്ത്രണം ബി.ജെപി, ആര്‍.എസ്.എസ് നേതാക്കളുടെ കൈയിലാണെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. ഇന്നു രാവിലെ ഭക്തരെ നിയന്ത്രിക്കാന്‍ സന്നിധാനത്ത് മുന്‍നിരയില്‍നിന്നത് ആര്‌എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കരിയും. തില്ലങ്കരിക്ക് അണികളെ നിയന്ത്രിക്കാന്‍ പൊലീസ് സൗകര്യമൊരുക്കി. അതേസമയം ശബരിമല പൊലീസ് നിയന്ത്രണത്തിലാണെന്ന അവകാശവാദം മുഖ്യമന്ത്രി ഇന്നും ആവര്‍ത്തിച്ചു.

സന്നിധാനത്ത് യുവതിയെത്തിയെന്ന അഭ്യൂഹമാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. നിമിഷനേരംകൊണ്ട് നൂറുകണക്കിന് പ്രതിഷേധക്കാര്‍ സംഘടിച്ചു. എല്ലാത്തിനും നേതൃത്വം നല്‍കി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കരി മുന്‍നിരയിലുണ്ടായിരുന്നു. പ്രതിഷേധം പതിനെട്ടാം പടിയിലേക്കും നീണ്ടു. അതും ഇരുമുടിക്കെട്ടില്ലാതെ. അതേസമയം യുവതീപ്രവേശത്തെ എതിര്‍ക്കുന്ന തീവ്ര സ്വഭാവമുള്ള ചില സംഘടനകളാണ് ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് തില്ലങ്കേരി പ്രതികരിക്കുകയുണ്ടായി.

ഭക്തരുടെ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസല്ലാതെ മറ്റുള്ളവര്‍ പരിശോധിക്കുന്നത് തെറ്റാണെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. പ്രശ്‌നം ഇല്ലാതാക്കാനാണ് പതിനെട്ടാം പടിക്കെട്ടുകളില്‍ നിന്ന് ആഹ്വാനം ചെയ്ത്. ആഹ്വാനം നല്‍കിയത് പൊലീസിന്റെ മൈക്കിലൂടെയാണോയെന്നറിയില്ലെന്നും പ്രവര്‍ത്തകര്‍ തന്ന മൈക്കാണ് ഉപയോഗിച്ചതെന്നും വത്സന്‍ തില്ലങ്കേരി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top