” കോവിഡ് ആര്‍ക്കും വരാം. – തന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന കുപ്രചരണം തികച്ചും വേദനാജനക “: 1970 ലാണ് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഞാനും നിയമസഭയിലെത്തി” പി.ജെ.ജോസഫ്
തൊടുപുഴ : കോവിഡ് ബാധിച്ച് താന്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് തന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും ഇനി തിരിച്ചു വരികയില്ലെന്നുമുള്ള എല്‍.ഡി.എഫിന്റെ കുപ്രചരണം തികച്ചും വേദനാജനകവും ഹൃദയഭേദകവുമാണെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.ജെ.ജോസഫ് പ്രസ്ഥാവനയില്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചപ്പോള്‍ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. പിന്നീട് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയില്‍ പത്തു ദിവസം ചികിത്സയില്‍ കഴിഞ്ഞു. കോവിഡ് നെഗറ്റീവ് ആയതിനു ശേഷം പ്രോട്ടോകോള്‍ പ്രകാരം ഏഴു ദിവസം ക്വാറന്റയിനിലും താമസിച്ചു. കോവിഡ് ബാധിതനാകുന്നതിനു മുമ്പ് കേരളമാകെ സഞ്ചരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഞാന്‍ വ്യാപൃതനായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കോവിഡ് രോഗം ആര്‍ക്കും വരാം. സ്ഥാനാര്‍ത്ഥികള്‍ക്ക് രോഗം ഉണ്ടാവരുതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെ പരിശോധനയെ തുടര്‍ന്ന് അല്‍പംകൂടി വിശ്രമം ആവശ്യമാണെന്ന് ഉപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പുറപ്പുഴയിലെ വീട്ടില്‍ വിശ്രമിച്ചത്. ഈ സമയത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീട്ടിലിരുന്നും ചെയ്തിരുന്നു. എന്നാല്‍ ഈ അവസരം വിനിയോഗിച്ച് താന്‍ വെന്റിലേറ്ററിലാണെന്നും മറ്റും വ്യാപകമായി കുപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു.
പി.ജെ. ജോസഫിനെ കൊണ്ട് ഇനി തൊടുപുഴയ്ക്ക് ഒന്നും ലഭിക്കാന്‍ പോകുന്നില്ലെന്നാണ് വ്യാപകമായി പ്രചരണം നടത്തുന്നത്. 1970 ല്‍ ഞാന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന തൊടുപുഴയെ ഇന്നത്തെ നിലയിലെത്തിക്കാന്‍ എന്റേതായ എളിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തൊടുപുഴയെ ഞാന്‍ എന്നും നെഞ്ചിലേറ്റിയാണ് എന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബൈപാസുകള്‍ നിര്‍മ്മിച്ച പട്ടണം തൊടുപുഴയാണ് പത്തോളം ബൈപാസുകളാണ് ഇവിടെയുള്ളത്.
എല്ലാ പഞ്ചായത്തിലും കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുകയും, അലോപ്പതി – ആയ്യുര്‍വ്വേദ – ഹോമിയോ ആശുപത്രികള്‍ സ്ഥാപിച്ച് മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും, നിയോജക മണ്ഡലത്തിന്റെ മുക്കിലും മൂലയിലും നിലവാരമുള്ള റോഡുകള്‍ നിര്‍മ്മിച്ചതും, എല്ലാ പഞ്ചായത്തിലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതും അവര്‍ക്ക് അടിസ്ഥാന കെട്ടിട സൗകര്യങ്ങള്‍ ഉണ്ടാക്കിയതും കേരളത്തിന് തന്നെ മാതൃകയാണ്. നിയോജക മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരിച്ചതായി മാറ്റി.
എന്നെ സമീപിച്ച ജനങ്ങള്‍ക്കാകെ ചെയ്യാവുന്ന നന്മകള്‍ ചെയ്യാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
അഴിമതി രഹിതമായി പ്രവര്‍ത്തിച്ചു. ജനങ്ങളെ പരസ്പരം കോര്‍ത്തിണക്കി മത – രാഷ്ട്രീയ – വിദ്വേഷമില്ലാതെ ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിഞ്ഞു. ലോകത്തെവിടെയുമുള്ള തൊടുപുഴക്കാര്‍ക്ക് അഭിമാനത്തോടെ തൊടുപുഴക്കാരനാണെന്ന് പറയാന്‍ കഴിയുന്ന നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. സമാധാനത്തിന്റെ സംസ്‌കാരം തൊടുപുഴയില്‍ സൃഷ്ടിക്കാന്‍ എന്റെ പ്രവര്‍ത്തനം കൂടി പ്രയോജനപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും നന്മ വരുന്നതും നേര്‍വഴിക്ക് പോകാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതും അവരെ കഴിയുന്നത്ര പ്രോത്സാഹിപ്പിക്കുന്നതുമാണ് എന്റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഇവയെല്ലാം ജനഹൃദയങ്ങളില്‍ നിന്നും കുപ്രചാരണങ്ങള്‍ വഴിമാറ്റി കേവലം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. എം.എല്‍.എ. എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും ഞാനും 1970 ലാണ് നിയമസഭയിലെത്തിയത്. അവരെല്ലാം ഇപ്പോഴും കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും ഞാന്‍ മാത്രം ഇവിടെ പ്രയോജനമില്ലാത്തവനാണെന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്.
തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ തൊടുപുഴയിലെ ജനങ്ങള്‍ ഒരിക്കലും മറക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
കോവിഡ് രോഗത്തെ തുടര്‍ന്ന് വേണ്ടി വന്ന വിശ്രമം മൂലം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ പ്രദേശത്തും എത്തിച്ചേരാന്‍ കഴിയുകയില്ലെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ സജീവമായി പ്രചരണ രംഗത്തുണ്ടാവും. കഴിഞ്ഞ കാലങ്ങളിലെപ്പോലെ ജനപ്രതിനിധി എന്ന നിലയിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും കൂടുതല്‍ വികസനം പ്രാപിക്കുന്ന തൊടുപുഴ കെട്ടിപ്പടുക്കുവാന്‍ കഴിയുമെന്നും അതിനായി താന്‍ സജീവമായി രംഗത്തുണ്ടാവുമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്