പിറവം പള്ളി തര്‍ക്കം: മുഴുവന്‍ യാക്കോബായ വിശ്വാസികളെയും മാറ്റണം; പള്ളിയിലുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: പിറവം സെന്റ് മേരീസ് പള്ളി തര്‍ക്കത്തില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. പള്ളിയ്ക്കുള്ളിലുള്ള മുഴുവന്‍ യാക്കോബായ വിശ്വാസികളെയും ഉടന്‍ പള്ളിയില്‍ നിന്നു മാറ്റാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. എതിര്‍ക്കുന്നവരെ അറസ്റ്റു ചെയ്തുനീക്കാനും കോടതി ഉത്തരവിട്ടു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് 1.45ന് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ കര്‍ശന ഇടപെടല്‍.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടികള്‍ക്കുള്ള ഒരുക്കങ്ങളും പോലീസ് ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് യാക്കോബായ വിഭാഗത്തിന് നല്‍കും. തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടക്കും. അതേസമയം, ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിക്കകത്ത് കയറ്റില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. പള്ളിക്കു പുറത്ത് പ്രാര്‍ത്ഥനയുമായി കഴിയുകയാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍.
യാക്കോബായ സഭയുടെ കൈവശമുള്ള ഏറ്റവും വലിയ പള്ളികളിലൊന്നാണ് പിറവം സെന്റ് മേരീസ് പള്ളി. ഇവിടെയുള്ള വിശ്വാസികളില്‍ 99% യാക്കോബായ വിഭാഗമാണ്. പള്ളി തര്‍ക്കത്തിന്റെ പേരില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കേണ്ടിവരുന്നത്. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നതില്‍ സുപ്രീം കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. പള്ളിയില്‍ കയറി പ്രാര്‍ത്ഥനയ്ക്ക് അവകാശം ലഭിച്ചില്ലെന്ന് കാണിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം ഇന്നലെ ഹൈക്കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
അതിനിടെ, പള്ളിത്തര്‍ക്കത്തില്‍ വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേല്‍ ഉള്‍പ്പെടെ യാക്കോബായ വിഭാഗത്തിലെ 67 പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതില്‍ ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പള്ളിയിലും പരിസരത്തും രണ്ട് മാസം പ്രവേശിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരെ ഒഴിപ്പിക്കാന്‍ പോലീസ് സംഘം പള്ളിവളപ്പില്‍ കടന്നുവെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്