വിദ്യാര്‍ഥികള്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍; പട്ടികയില്‍ മുഖ്യമന്ത്രിയുടെ ശബരിമല ലേഖനങ്ങളും, വിമര്‍ശനം
കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വായന മത്സരത്തിന്റെ സിലബസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമല ലേഖനങ്ങള്‍ ഉള്‍പ്പെട്ട പുസ്തകവും. മത്സരത്തിനായി വിദ്യാര്‍ഥികള്‍ വായിച്ചിരിക്കേണ്ട 13 പുസ്തകങ്ങളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെടുത്തിയത്. പിണറായി വിജയന്‍ രചിച്ച ‘നവോത്ഥാനം, ശബരിമല, മതനിരപേക്ഷത’ എന്ന പുസ്തകമാണു പട്ടികയിലുള്ളത്. ഈ പുസ്തകങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണു മത്സരത്തിലുണ്ടാവുക. സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ നാല് ഘട്ടങ്ങളായാണു മത്സരം.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ വ്യക്തമാക്കുന്ന ലേഖനങ്ങളാണു പുസ്തകത്തിലുള്ളത്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങള്‍, പത്രസമ്മേളനം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുത്വത്തിന്റെ സവര്‍ണ രാഷ്ട്രീയം എന്ന ലേഖനത്തില്‍ ബിജെപിക്കും ആര്‍എസ്‌എസിനുമെതിരായ രൂക്ഷ വിമര്‍ശനങ്ങളാണുള്ളത്. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരെയും വിമര്‍ശനമുണ്ട്. കമ്യൂണിസ്റ്റ് മന്ത്രിസഭകള്‍ പിന്നോക്ക സമുദായത്തിനു വേണ്ടി ചെയ്ത കാര്യങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്.
വനിതാമതില്‍ എന്തിനുവേണ്ടിയാണ് നടത്തിയത് എന്നു വ്യക്തമാക്കുന്ന ലേഖനത്തിനൊപ്പം, മതിലുമായി ബന്ധപ്പെട്ടു നിയമസഭയില്‍ എംകെ മുനീര്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയുമുണ്ട്. കേരള നവോത്ഥാനം, നവകേരള നിര്‍മാണം തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങളും പിണറായി വിജയന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ അവതരിപ്പിക്കുന്ന അഭിമുഖവും പുസ്തകത്തിലുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും രാഷ്ട്രീയ വിമര്‍ശനങ്ങളും ഉള്‍പ്പെട്ട പുസ്തകം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വായന മത്സരത്തിനു നിര്‍ദേശിച്ചതില്‍ എതിര്‍പ്പുമായി അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്തമായ കൃതികളാണു മുന്‍ വര്‍ഷങ്ങളില്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പുസ്തകം രണ്ടാഴ്ച മുന്‍പ് മാത്രം പ്രകാശനം ചെയ്തതാണ്.
ടി പത്മനാഭന്റെ നവരസ കഥകള്‍, കുമാരനാശന്റെ ചിന്താവിഷ്ടയായ സീത, പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകള്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവര്‍മയുടെ അപരിഗ്രഹം എന്ന കവിതാ സമാഹാരം അടക്കമുള്ള പുസ്തകങ്ങളാണ് പട്ടികയില്‍. ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ പുസ്തകം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്