കണക്കുകള്‍ എഴുതൂ… മുഖ്യമന്ത്രി താങ്കളെ തേടി വിവരാവകാശ പ്രവര്‍ത്തകരുണ്ടെന്ന് കാര്‍ത്തികേയന്റെ ഭാര്യ സുലേഖ..
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്കു പോവുന്ന വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അന്തരിച്ച മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അമേരിക്കയില്‍ ചികിത്സയ്ക്കു പോയ അനുഭവം ഓര്‍ത്തെടുക്കുകയാണ്, അദ്ദേഹത്തിന്റെ ഭാര്യ എംടി സുലേഖ. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു പോയി രോഗത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടു തിരിച്ചുവന്നപ്പോള്‍ സ്പീക്കറുടെ യാത്രാ ചെലവുകളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യമായിരുന്നു തങ്ങളെ കാത്തിരുന്നതെന്ന് എംടി സുലേഖ ഈ കുറിപ്പില്‍ പറയുന്നു.
എംടി സുലേഖ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:
നമ്മുടെ മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തു പോകുന്ന കാര്യം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോള്‍ ഞാന്‍ ഓര്‍ത്തത്, ചികില്‍സക്കായി ജി കെ യോടൊപ്പം പോയ യാത്രയാണ്…1820 മണിക്കൂര്‍ യാത്രചെയ്തു, ചിക്കാഗോ വഴി മിനിസ്സോട്ട യില്‍ എത്തിയ ഞങ്ങള്‍… ദൈവം തന്ന ഈ കരളും കൊണ്ട്, പത്തുകൊല്ലം കൂടിയെങ്കിലും സുഖമായി ജീവിക്കാനാകും എന്ന വിശ്വാസത്തെ പിടിച്ചു കുലുക്കിക്കൊണ്ടു, രോഗത്തിന്റെ പീഡകള്‍ പിടിമുറുക്കിയപ്പോള്‍, ഉമ്മന്‍ ചാണ്ടി സാറും രമേശും മറ്റും നിര്‍ബന്ധിച്ചപ്പോള്‍ മയോ ക്ലിനിക്കിലേക്കു…അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയില്‍
മുഴുവന്‍, സീറ്റില്‍ ബെല്‍റ്റ് ധരിച്ചിരിക്കാനുള്ള അന്നൗസ്‌മെന്റ്റുകള്‍ക്കിടയില്‍ പോലും, ഒരാള്‍ ടോയ്‌ലറ്റിനകത്തും, കാവലായി ഞാന്‍ പുറത്തും.. വിമാനജോലിക്കാരു പോലും അവസ്ഥയറിഞ്ഞു സഹായിക്കുന്നു… മയോ ക്ലിനിക്കിലെ ക്യാന്‍സര്‍ രോഗ വിദഗ്ദ്ധന്‍, വൈദ്യശാസ്ത്രം ഇതിന്റെ ചികിത്സക്ക് ഒന്നാമന്‍ എന്നംഗീകരിച്ച, ഡോക്ടര്‍ പീറ്റര്‍ കാമത് രോഗാവസ്ഥയെക്കുറിച്ചു വിശദീകരിക്കുമ്ബോള്‍, രക്ഷിക്കാനാവില്ല എന്ന് ഭംഗ്യന്തരേണ പറയുമ്ബോള്‍, ഒരു ക്ഷോഭവും കാണിക്കാതെ, ‘എനിക്ക് ഇനി എത്ര കാലം ജീവിക്കാനാകും ‘എന്ന് ചോദിച്ച രോഗി… ആകാശത്തേക്ക് നോക്കി കൈമലര്‍ത്തിയ ഡോക്ടറോട് തിടുക്കത്തില്‍ യാത്രപറഞ്ഞിറങ്ങവേ, ‘നീ പേടിക്കേണ്ട… ഇതിങ്ങനെ കുറേക്കാലം ഓടിക്കോളും ‘എന്ന് എന്നെ സമാധാനിപ്പി ക്കുമ്ബോള്‍ ആ ആത്മവിശ്വാസത്തെ ഹൃദയത്തില്‍ എടുത്തു ഞാനും… തിരുവനന്തപുരത്തെത്തി’ ഒന്നും വരില്ല’ ‘എന്നു പരസ്പരം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും തോറ്റിരിക്കവേ, ഓഫീസില്‍വിവരാവകാശനിയമം വഴി എത്തിയ ചോദ്യങ്ങളുമായി ഓഫീസ് സ്റ്റാഫ്… ചോദ്യത്തില്‍ ഏതാനും എണ്ണം ഞാന്‍ പങ്കുവെക്കുന്നു . 1 സ്പീക്കര്‍ ചികിത്സക്കുപോയപ്പോള്‍ ആരൊക്കെ കൂടെ പോയി 2 എത്ര ദിവസം ചികിത്സ നടത്തി? ഏതൊക്കെ ആശുപത്രികളില്‍? 3 ഏതു ഡോക്ടറാണ് വിദേശ ചികിത്സ വേണമെന്ന് പറഞ്ഞത്? 4 പോയപ്പോഴും തിരിച്ചു വന്നപ്പോഴും ഇവര്‍ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു? 5ഈ ചികിത്സക്ക് ഇവിടെ ആശുപത്രികളില്ലേ 6സ്പീക്കര്‍ക്കു വിദേശ ചികിത്സ ആവശ്യമാണെന്ന് പറയാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന് അധികാരമുണ്ടോ?….മരുന്നായി, ഡോക്ടറുടെ കൈപ്പടയില്‍ എഴുതിയ ഒരു അ നാ സിന്‍ ഗുളികയുടെപ്രിസ്‌ക്രിപ്ഷന്‍ പോലും കിട്ടാന്‍ ഭാഗ്യമില്ലാത്തവനോടാണ് ചോദ്യം. …. ചോദ്യ കര്‍ത്താവു തിരുവനന്തപുരം ജില്ലയിലെ മുഴുത്ത പരിസ്ഥിതിവാദി…. അനുഭവത്തിന്റെ ചൂടില്‍ ഞാന്‍അങ്ങയെ ഓര്‍മിപ്പിക്കുന്നു…..യാത്രയെയും ചികിത്സയെയും സംബന്ധിക്കുന്ന ചോദ്യങ്ങളും തയ്യാറാക്കി അങ്ങയുടെ വരവും കാത്തിരിക്കുന്ന, സമൂഹത്തോട് പ്രതിബദ്ധതയുള്ള ദേശഭക്തര്‍ ഇവിടെ ഉണ്ട്….മയോക്ലിനിക്കിലേക്കു കയറും വഴി കുടിക്കുന്ന വെള്ളത്തിന്റെ കുപ്പിയുടെ കണക്കുവരെ എഴുതി സൂക്ഷിക്കുക…പിന്നീട് കണക്കു കൊടുക്കേണ്ടി വരും….. ആരോഗ്യത്തോടെയും സന്തോഷത്തോടെയും അങ്ങ് തിരികെവരാന്‍ ഹൃദയ പൂര്‍വം ആശംസിക്കുന്നു ………
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്