×

20 മിനിട്ടില്‍ 3000 പേര്‍; പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടന? ; അന്വേഷണം ഊര്‍ജ്ജിതമാക്കി – പൊലീസ് 21 മൊബൈല്‍ പിടിച്ചെടുത്തു

കോട്ടയം : കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ സംഘം ചേര്‍ന്ന് പ്രതിഷേധിച്ച സംഭവത്തില്‍ തീവ്രസ്വഭാവമുള്ള ചില സംഘടനകളുടെ പങ്ക് പൊലീസ് സംശയിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതിഷേധത്തിന് മണിക്കൂറുകള്‍ മുന്‍പ് ഏതാനും ഓഡിയോ, വിഡിയോ ക്ലിപ്പുകള്‍ തൊഴിലാളികളുടെ ഇടയില്‍ പ്രചരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് വാഹനങ്ങള്‍ ഒരുക്കിയതും ഇതിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് പ്രചരിച്ചത്. പ്രതിഷേധിച്ചാല്‍ മാത്രമേ ആവശ്യം അംഗീകരിക്കൂ എന്നായിരുന്നു ആഹ്വാനം. ഇതാണ് രാജ്യത്തുടനീളം സമാന സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംശയിക്കാന്‍ കാരണം. 20 മിനിറ്റിനുള്ളിലാണ് പായിപ്പാട് 3000 ല്‍ ഏറെ തൊഴിലാളികള്‍ ഒത്തുകൂടിയത്. കൃത്യമായ ആസൂത്രണമില്ലാതെ ഇത് നടക്കില്ല എന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസങ്ങളിലും സമാന സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി കരാറുകാരും മൊഴി നല്‍കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകളില്‍ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡില്‍ 21 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. എറണാകുളം റേഞ്ച് ഐജി മഹേഷ് കുമാര്‍ കാളിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി തന്നെ ക്യാംപുകളില്‍ പരിശോധന നടത്തി. തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.

തുടര്‍പ്രതിഷേധങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. മറ്റ് ജില്ലകളിലും സമാനമായ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇത് കണക്കിലെടുത്ത് സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി. ലോക്ഡൗണ്‍ കാരണമാക്കി ദേശവ്യാപക തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു പ്രതിഷേധമെന്നാണ് സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top