×

പാരഗണിന്റെ ഗോഡൗണില്‍ വന്‍ തീപിടിത്തം; മുകളിലെ അഞ്ചുനിലകളും നിന്നുകത്തുന്നു

എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം പാരഗണിന്റെ ഗോഡൗണില്‍ വന്‍ അഗ്നിബാധ. അകത്ത് ആളുകളുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുമ്ബോഴും തീ നിയന്ത്രണ വിധേയം ആകുന്നില്ല.

ആറു നിലയുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയ്ക്ക് മുകളിലാണ് തീ പടര്‍ന്നിട്ടുള്ളത്. ഷീറ്റുപയോഗിച്ച്‌ വശങ്ങള്‍ മറച്ച നിലയിലുള്ള കെട്ടിടം ആയതിനാല്‍ അകത്ത് പ്‌ളാസ്റ്റിക്കും ചെരുപ്പും മറ്റുമുള്ള ഉത്പന്നങ്ങള്‍ അതിശക്തമായി കത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സമീപ പ്രദേശങ്ങളിലേക്ക് തീ പടരുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

പ്രവൃത്തി ദിവസമായതിനാല്‍ സമീപത്തെ കെട്ടിടങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ നിന്ന് ആളുകളെ മാറ്റിത്തുടങ്ങി. റെയില്‍വെ സ്റ്റേഷന് സമീപം ആയതിനാല്‍ വന്‍ ജനത്തിരക്കുള്ള മേഖലയിലാണ് തീപിടിത്തം ഉണ്ടായിട്ടുള്ളത്. സമീപത്തെ സ്ഥാപനങ്ങളിലേക്ക തീ പടരാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് അഗ്നിശമന സേന.

സമീപത്തെ കെട്ടിടങ്ങളില്‍ തീ പടരാന്‍ സാധ്യതയുള്ള സാമഗ്രികളും മാറ്റിത്തുടങ്ങി. ഒരു മണിക്കൂറോളം ശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയം ആയിട്ടില്ല. ചെരുപ്പും മറ്റുമാണ് കത്തുന്നത് എന്നതിനാല്‍ കനത്ത പുകയാണ് പ്രദേശത്ത്. കെട്ടിടത്തില്‍ നിന്നും പുകയും തീനാളങ്ങളും പുറത്തേക്ക് പ്രവഹിക്കുന്നു.

ബഹുനില കെട്ടിടമായതിനാലും കാറ്റ് ഉള്ളതിനാലും തീ ആളിപ്പടരുകയാണ്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിനകത്ത് ആരും കുടുങ്ങിയിട്ടില്ലെന്ന പ്രാഥമിക വിവരമാണ് പുറത്തുവരുന്നത്. സമീപത്തെ കെട്ടിടങ്ങളിലെ ആളുകളേയും ഒഴിപ്പിച്ചു. കൂടുതല്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയിട്ടുണ്ട്.

തീകെടുത്താന്‍ അകത്തേക്ക് കടക്കാന്‍ അഗ്നിശമനസേനയ്ക്ക് സൗകര്യമില്ലാത്തത് വലിയ തടസ്സമാണ്. സമീപത്തെ കെട്ടിടത്തില്‍ കയറിയാണ് ഇപ്പോള്‍ തീകെടുത്താന്‍ ശ്രമം നടക്കുന്നത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാകാം തീ താഴേക്ക് പടര്‍ന്നതെന്നാണ് സംശയിക്കുന്നത്.

കെട്ടിട ഭാഗങ്ങളും കത്തുന്ന വസ്തുക്കളും ഇടയ്ക്കിടെ താഴേക്ക് അടര്‍ന്നു വീഴുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ടിന്‍ ഷീറ്റ് ഉപയോഗിച്ച്‌ കെട്ടിടത്തിന്റെ വശങ്ങള്‍ മറച്ചിരിക്കുകയാണ്. കൂടുതലും റബര്‍ പ്‌ളാസ്റ്റിക് ഉത്പന്നങ്ങളാണ് ഗോഡൗണില്‍ ഉള്ളത്.

ഇവയിലേക്ക് തീ എളുപ്പം പടര്‍ന്നു പിടിക്കുമെന്നതിനാല്‍ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക പടരുന്നുണ്ട്. താഴത്തെ നിലകളിലേക്കും ഇതോടെ തീപിടിത്തം ഉണ്ടായതിന് പിന്നാലെ അതിവേഗം തീ പടരുകയായിരുന്നു. താഴത്തെ നിലയൊഴികെ എല്ലാ നിലകളും നിന്നുകത്തുന്നു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top