പഞ്ചരത്‌നങ്ങളിലെ ആ നാല് പെണ്‍കുട്ടികള്‍ക്കും ഒരേ ദിവസം തന്നെ താലികെട്ട് – ആ അമ്മയ്ക്ക് ഇനി മരുമക്കളുമെത്തി
തിരുവനന്തപുരം: പോത്തന്‍ കോട് നന്നീട്ടുകാവില്‍ ‘പഞ്ചരത്‌ന’ത്തില്‍ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഏക ആണ്‍തരി ഉത്രജന്‍ എന്നിവരെ ആരും മറക്കാനിടയില്ല. ഇവരില്‍ നാല് പേര്‍ ഒരേ ദിവസം വിവാഹിതരാവുകയാണ്. പുതു ജീവിതത്തിലേക്കു നാല് പെങ്ങന്മാരും കടക്കുമ്പോള്‍ ഉത്രജന്‍ താലികെട്ടിനു കാരണവരാകും. ഏപ്രില്‍ അവസാനം ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് നാല് പേരുടെയും മഗല്യം.
മക്കള്‍ക്ക് 24 വയസാകുന്നു. ഇതിനിടെ തിരിച്ചടികളെ ജീവിച്ചു തോല്‍പ്പിക്കാന്‍ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികള്‍ ഇവരോടു ചേര്‍ന്നു നിന്നു. സന്തോഷങ്ങള്‍ക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛന്‍ പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേര്‍ത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളര്‍ത്താന്‍ തുടങ്ങിയിരുന്നു. പ്രതിസന്ധികളെ തൂത്തെറിയാന്‍ പല ദിക്കുകളില്‍ നിന്ന് കരങ്ങള്‍ നീണ്ടു. കടങ്ങള്‍ വീട്ടി. ജില്ലാ സഹകരണ ബാങ്കില്‍ രമയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്.
ഇവര്‍ക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ പിതാവ് അപ്രതീക്ഷിതമായി മരിച്ചു. തുടര്‍ന്ന് ആ വേര്‍പാടിന് ശേഷം പേസ്‌മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായി മക്കള്‍ക്ക് താങ്ങും തണലുമായി രമാദേവി എന്ന അമ്മ ജീവിച്ചു. ഇപ്പോള്‍ അമ്മയുടെ സ്‌നേഹത്തണലില്‍ നിന്ന് പുത്തന്‍ ജീവിതത്തിനൊരുങ്ങുകയാണ് നാല് മക്കളും. ഫാഷന്‍ ഡിസൈനറായ ഉത്രയ്ക്ക് മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെഎസ് അജിത്കുമാറാണ് വരന്‍. കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെ ജീവിത സഖിയാക്കുന്നത് കുവൈത്തില്‍ അനസ്തീഷ്യാ ടെക്നിഷ്യന്‍ പത്തനംതിട്ട സ്വദേശി ആകാശ്. ഓണ്‍ലൈനില്‍ മാധ്യമ പ്രവര്‍ത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് താലി ചാര്‍ത്തും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്