×

പി ടി തോമസ്‌ പറയുന്നത്‌ ഇങ്ങനെ.. പുതിയ ഡാമല്ല, ഡാമിലെ ചെളി നീക്കണം; അനൗണ്‍സ്‌മെന്റ്‌ വാഹനം പോലും വെള്ളക്കെട്ടില്‍ പെട്ടു

കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തിയാല്‍ തുലാവര്‍ഷത്തില്‍ വെളളം നിയന്ത്രിക്കാന്‍ പറ്റില്ലെന്ന് ആര്‍ക്കും അറിയാം. എന്തിനാണ് കാലവര്‍ഷത്തെ വെള്ളം പിടിച്ചുനിര്‍ത്തിയതെന്നതിന് സര്‍ക്കാര്‍ ഉത്തരം പറയണം. അതുകൊണ്ടാണ് ഇതുമനുഷ്യ നിര്‍മ്മിതമാണെന്ന് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.

പിണറായി വിജയനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് ബൂസ്റ്റ് ചെയ്താല്‍ അങ്ങനെയൊന്നും ബൂസ്റ്റാവില്ല. എന്തെങ്കിലും ചെറുവിരലനക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോ? ചെങ്ങന്നൂരില്‍ സജി ചെറിയാനും പറവൂരില്‍ വി ഡി സതീശനും നിലവിളിച്ചപ്പോഴാണ് പട്ടാളത്തെ പോലും വിളിച്ചത്. പ്രതിപക്ഷ നേതാവും യുഡിഎഫും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്താണ് സര്‍ക്കാര്‍ അത് ചെയ്യാത്തത്. ജുഡിഷ്യല്‍ അന്വേഷണം എന്നുപറഞ്ഞാല്‍ ആ റിപ്പോര്‍ട്ട് വെച്ച്‌ പിണറായി വിജയനെ പിരിച്ചുവിടാന്‍ അല്ലല്ലോ? എന്തെങ്കിലും വീഴ്ചയുണ്ടായോ? അതിനെക്കാള്‍ ഉപരി ഭാവിയില്‍ എന്തെല്ലാം മുന്നൊരുക്കം നടത്തണം എന്ന കാര്യവും അതില്‍ വരും. അതിനാണ് പ്രാധാന്യമെന്ന് പിടി പറഞ്ഞു.

1924ല്‍ കേരളത്തില്‍ ഡാമുകള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ അന്നത്തെ ദുരന്തം ഇന്നുണ്ടാകാന്‍ പാടില്ല. കാരണം വെള്ളം പിടിച്ചുനിര്‍ത്തുന്നതാണല്ലോ ഡാം. ഡീ സില്‍റ്റിങ്. പെരിങ്ങല്‍കുത്തിന്റെ മുക്കാല്‍ ഭാഗവും ചെളിയും മറ്റും നിറഞ്ഞിരിക്കുകയാണ്. അപ്പോഴാണ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ വിഡ്ഢിത്തം പറയുന്നത്. അതിരപ്പിള്ളിയില്‍ ഡാമുണ്ടായിരുന്നെങ്കില്‍ ആഘാതം കുറയുമായിരുന്നുവെന്ന്. പെരിങ്ങല്‍കൂത്തിലെ ചെളി വാരിക്കളഞ്ഞെങ്കില്‍ അതുമതിയായിരുന്നു. അത് പറ്റിയിട്ടില്ല. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തീയതി എന്തുചെയ്യണമെന്നത് സംബന്ധിച്ച്‌ കെഎസ്‌ഇബി ക്ക് മാസ്റ്റര്‍ പ്ലാനുണ്ട്. ഡാമുകള്‍ എങ്ങനെയാവണമെന്ന നിര്‍ദ്ദേശമുണ്ട്. അത് പാലിച്ചോ? പാലിച്ചെങ്കില്‍ പറയട്ടെ. ഇടമലയാറില്‍ നാലഞ്ച് ദിവസം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാതെ വെള്ളം പിടിച്ചുനിര്‍ത്തി. അത് തുറന്നുവിട്ടാല്‍ മതിയായിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത് മൂഴിയാര്‍, കക്കി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് കമ്മ്യൂണിക്കേഷന്‍ ഇല്ലായിരുന്നുവെന്നാണ്. വിവരക്കേടാണ് അത്. റാന്നി ടൗണില്‍ വെള്ളം കയറിയത് നോക്കൂ. രാത്രിയാണ് അവിടെ വെള്ളം കയറിയത്. അവര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പകല്‍ റാന്നിയില്‍ വെള്ളം എത്തുന്ന രീതിയില്‍ തുറന്നുവിടാമായിരുന്നു. അത് ചെയ്തില്ല. റെഡ് അലര്‍ട്ട് ചുമ്മാ ഒരു അനൗണ്‍സ്‌മെന്റ് അല്ല. അതിന് നടപടികള്‍ വേണം. അലര്‍ട്ടിന്റെ കാര്യം അനൗണ്‍സ് ചെയ്ത മൂന്ന് വണ്ടികള്‍ വെള്ളത്തില്‍ പെട്ടിട്ടുണ്ട്. അലര്‍ട്ട് ഫലപ്രദമാണെങ്കില്‍ വണ്ടി വെള്ളത്തില്‍ പോകുമായിരുന്നോ പിടി ചോദിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top