പി ടി തോമസ് വേറെ ഗ്രൂപ്പായതുകൊണ്ട് ചെന്നിത്തല പറഞ്ഞാല്‍ പി ടി കേള്‍ക്കില്ല – മുഖ്യമന്ത്രി
രൂക്ഷമായ ഭാഷയില്‍ പൊട്ടിത്തെറിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പിണറായി വിജയനെ പി.ടി തോമസിന് ഇതുവരെ മനസിലായിട്ടില്ലെന്ന് മുഖ്യന്ത്രി പറഞ്ഞു. പ്രമേയ അവതാരകനെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. അദ്ദേഹം വേറെ ഗ്രൂപ്പായതിനാലാണ് ചെന്നിത്തലക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രിയുടെ ആരോപണം.
എന്തും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റരുത്. ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രതിയാക്കാന്‍ കുറേ ശ്രമിച്ചതല്ലേ. എന്റെ കൈകള്‍ ശുദ്ധമായതുകൊണ്ടാണ് അത് പറയാനുള്ള ആര്‍ജ്ജവമുണ്ടാവുന്നതെന്നും പിണറായി പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിച്ചപ്പോള്‍ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ് ഏത് കേസിലാണ് പ്രതി. സി.എം രവീന്ദ്രനെ ഇതുവരെ ഒരു കേസിലും പ്രതിയാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കര്‍ കെ.എസ്.ഇ.ബി ചെയര്‍മാനും ഊര്‍ജ സെക്രട്ടറിയുമായത് ആരുടെ ഭരണകാലത്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശിവശങ്കറിന് ഐ.എ.എസ് ലഭിക്കുന്നത് ആന്റണിയുടെ ഭരണകാലത്താണെന്നും പിണറായി ചൂണ്ടിക്കാട്ടി. വ്യക്തിപരമായി പി ടി തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. തന്റെ മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ വലിയ ഒരു മുറിയില്‍ വച്ചാണ്. അവിടെ സ്വപ്‌ന വന്നിരുന്നില്ല. മകളെ ഒരു അന്വേഷണ ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ല.
എല്ലാവരുടെയും നേരെ വല വീശിയില്ലേ. ഒരു പരല്‍മീനവിനെ പോലും കിട്ടിയിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് ഞെളിഞ്ഞിരിക്കാന്‍ അവകാശമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പി ടി തോമസ് എംഎല്‍എയും പിണറായി കടന്നാക്രമിച്ചു. റിയല്‍ എസ്റ്റേറ്റ് സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടത് ആരാണ്? ഓടിയ ആള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ആളല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വേളയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ എംഎല്‍എ പി ടി തോമസ് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം ഉന്നയിച്ചാണ് പി ടി തോമസ് രംഗത്തെത്തിയത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിവാദപരമായ കേസ് വരുന്നതെന്ന് നോട്ടീസില്‍ പ്രതിപക്ഷം പറയുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാണ്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലിലാണ്. ഈ ഗുരുതര സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച വേളയില്‍ സ്വയം പുകഴ്‌ത്തലുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി തന്നെ പറയേണ്ടിയിരുന്നില്ല. പിറകിലുള്ള ആരെ കൊണ്ടെങ്കിലും പറയിച്ചാല്‍ മതിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഇത് വലിയ തള്ളായിപ്പോയെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തല പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി ഗ്രൂപ്പുകളിയുടെ ആശാനാണെന്നും വി.എസിനെ ഒതുക്കിയ ശേഷമാണ് ആ സ്ഥാനത്തേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയെക്കുറിച്ച് പറയാന്‍ എന്ത് അവകാശമെന്നും ചെന്നിത്തല ചോദിച്ചു. ചെകുത്താന്‍ വേദമോതുന്നതു പോലെ മുഖ്യമന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുന്നു. ലാവലിന്‍ കേസ് എവിടെയാണ് തീര്‍ന്നത്. ലാവലിന്‍ കേസില്‍ ബിജെപിയുമായി പിണറായി അന്തര്‍ധാരയുണ്ടാക്കി. ലാവലിന്‍ കേസ് 20 തവണ മാറ്റിവെച്ചതു തന്നെ ഇതിന് തെളിവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും വിജയിച്ചപ്പോഴും ഞങ്ങളാരും ഞെളിഞ്ഞിരുന്നില്ല. സ്വന്തം ഓഫീസ് നിയന്ത്രിക്കാനാകാത്ത ആള്‍ കേരളത്തെ എങ്ങനെ നയിക്കുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും പിണറായിയുടെ അവസ്ഥ വന്നിട്ടില്ല. ശിവശങ്കര്‍ ചെയ്തതൊന്നും മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്നാണോ പറയുന്നതെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി കള്ളക്കടത്തുകാരെ താലോലിക്കുകയാണെന്നും, പുത്രീവാല്‍സല്യത്താല്‍ പിണറായി കേരളത്തെ നശിപ്പിക്കരുതെന്നും പി ടി തോമസ് അടിയന്തരപ്രമേയ നോട്ടീസില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ഇതില്‍ രോഷാകുലനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പിടി തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ആരുടെയും മുന്നില്‍ തലയുയര്‍ത്തി പറയാം. അതു പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്. തന്റെ കൈകള്‍ ശുദ്ധമാണ്. താനൊരു പ്രത്യേക ജനുസ്സാണ്. അത് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്