കുര്യന്റെ ഒഴിവ്- മാണി വക പൂഴികടകന്‍; മാണി ഗ്രൂപ്പിന് എം പി സ്ഥാനം നല്‍കണമെന്ന് കുഞ്ഞാപ്പ
രാജ്യസഭാ സീറ്റിനായി കോണ്‍ഗ്രസില്‍ കലാപം തുടരുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി കെഎം മാണി. പിജെ കുര്യന്‍ ഒഴിയുമ്പോള്‍ വരുന്ന രാജ്യസഭാ സീറ്റിനായി കേരള കോണ്‍ഗ്രസ് (എം) ആവശ്യമുന്നയിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടി വൈസ്‌ചെയര്‍മാനും എംപിയുമായ ജോസ്.കെ.മാണി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണും. ഇതിനായി അദ്ദേഹം ഇന്ന് ഡല്‍ഹിയിലെത്തുമെന്നാണ് വിവരം.
യുഡിഎഫിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ മടങ്ങി വരവും രാഹുലുമായി ചര്‍ച്ചചെയ്യുമെന്നാണ് സൂചന. യുഡിഎഫുമായി മുന്നണി ബന്ധം അവസാനിപ്പിച്ച് നിന്ന മാണിയെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് നേതാക്കള്‍ വസതിയിലെത്തി സന്ദര്‍ശിച്ചാണ് പിന്തുണ അഭ്യര്‍ത്ഥിച്ചത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണ യുഡിഎഫിനാണെന്ന് മാണി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മുന്നണിയിലേക്കുള്ള മടങ്ങി വരവിന് മാണി മുന്നോട്ട് വച്ച ധാരണകളില്‍ ഒന്നാണ് രാജ്യസഭാ സീറ്റ് എന്ന സൂചനയാണ് പുറത്തുവരുന്നത്.
അതേസമയം മാണിയുടെ മുന്നണി പ്രവേശത്തിന് ചുക്കാന്‍ പിടിച്ച പികെ കുഞ്ഞാലിക്കുട്ടി കേരള കോണ്‍ഗ്രസിന്റെ ഈ ആവശ്യത്തിന് പിന്തുണയുമായെത്തി. ഒഴിവു വരുന്ന രാജ്യസഭ സീറ്റിന് കേരള കോണ്‍ഗ്രസിനും അര്‍ഹതയുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സീറ്റാവശ്യവുമായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി എംപി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുമെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് പിന്തുണയുമായി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്