×

വിമത കമ്മിറ്റികളില്‍ പങ്കെടുക്കുന്ന ജനപ്രതിനിധികളും ഭാരവാഹികളും സ്വമേധയാ പാര്‍ട്ടിക്ക് പുറത്താകും – പി ജെ ജോസഫ്

ഇടുക്കി : കേരളാ കോണ്‍ഗ്രസ് (എം) ഭരണഘടന പ്രകാരം ചെയര്‍മാന്റെ എല്ലാ അധികാരങ്ങളും വിനിയോഗിക്കുന്നത് താനാണെന്നും ഔദ്യോഗിക കേരളാ കോണ്‍ഗ്രസ് (എം) വിട്ടു പോയവര്‍ക്ക് ഇനിയും തിരിച്ചുവരാന്‍ അവസരമുണ്ടെന്നും ചെയര്‍മാന്റെ ചുമതല വഹിക്കുന്ന വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമാന്തര പാര്‍ട്ടി സമ്മേളനം വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെയും ഭാരവാഹികളെയും തെരെഞ്ഞെടുത്തത് നിയമവിരുദ്ധമാണ്. ഇത്തരം കമ്മിറ്റികളില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ നിന്നും സ്വമേധയ പുറത്തു പോകുന്നതിന് തുല്യമാണ്. പാര്‍ട്ടി ജനപ്രതിനിധികള്‍ക്കും ഇതു ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചതായി പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജ് നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയില്‍ നിന്നും ഫണ്ട് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ലോക ബാങ്ക് തുടങ്ങിയ വിദേശ ഏജന്‍സികളില്‍ നിന്നും ലഭിക്കുന്ന ഫണ്ടില്‍ ഗണ്യമായ വിഹിതം പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച ഇടുക്കിയ്ക്ക് നല്‍കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കടലാസിലൊതുങ്ങിയിരിക്കുകയാണ്. തകര്‍ന്ന റോഡുകളുടെ കുഴി അടയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വീടിനും, കൃഷിയ്ക്കും,വ്യാപാര സ്ഥാപനങ്ങള്‍ക്കും ഉണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇടുക്കി മെഡിക്കല്‍ കോളേജ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജൂലൈ 19 ന് എറണാകുളം ടൗണ്‍ ഹാളില്‍ സംസ്ഥാനത്തെ ഖരമാലിന്യ- സെപ്‌റ്റേജ് സംസ്‌കരണ വിഷയത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രാഹം എക്‌സ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, വനിത കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ ഷീല സ്റ്റീഫന്‍, അഡ്വ. ജോസഫ് ജോണ്‍, അഡ്വ. തോമസ് പെരുമന, രാജു തോമസ്, സിനു വാലുമ്മേല്‍, റ്റി.ജെ.ജേക്കബ്ബ്, എം.ജെ.കുര്യന്‍, തമ്പി മാനുങ്കല്‍, ഫിലിപ്പ് മലയാറ്റ്, അഡ്വ. ജോസി ജേക്കബ്ബ്, സാബു പരപരാകത്ത്, കെ.എ.പരീത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top