ആശ്വസിക്കാം, സവാളയ്ക്ക് വില കുറയുന്നു
കോലഞ്ചേരി/കൊച്ചി: അടുക്കള ബഡ്‌ജറ്റിനെ താളംതെറ്രിച്ച് കുതിച്ചുയര്‍ന്ന സവാളവില മെല്ലെ താഴെയിറങ്ങുന്നു. രാജ്യത്തെ പ്രമുഖ ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിതരണം ഉയര്‍ന്നതാണ് വില താഴാന്‍ കാരണം.
രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവില വിപണിയായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഹോള്‍സെയില്‍ വില കിലോയ്ക്ക് 41 രൂപയിലേക്ക് താഴ്‌ന്നു. ഡിസംബര്‍ ഏഴിന് ഇവിടെ വില 71 രൂപയായിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വിളവ് നശിച്ചതാണ് വില കത്തിക്കയറാന്‍ കാരണം. കിലോയ്ക്ക് 200 രൂപവരെയായിരുന്നു രാജ്യത്തിന്റെ പലഭാഗങ്ങളിലും ഏതാനും നാളുകള്‍ക്ക് ചില്ലറവില.
മഴ ശമിച്ച്, ഉത്പാദനം വീണ്ടും മെച്ചപ്പെട്ടതോടെ വില കുറയുകയാണ്. ഇന്നലെ റീട്ടെയില്‍ വില 80 മുതല്‍ 140 രൂപവരെയായി താഴ്‌ന്നു. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇന്നലെ വില്‌പന 100-120 രൂപ നിരക്കിലായിരുന്നു. വരും നാളുകളില്‍ സവാള വരവ് കൂടുമെന്നും ജനുവരിയോടെ മൊത്തവില കിലോയ്ക്ക് 20-25 രൂപവരെയായി താഴുമെന്നുമാണ് ലാസല്‍ഗാവിലെ വ്യാപാരികള്‍ പറയുന്നത്. ഇത്, റീട്ടെയില്‍ വില കേരളത്തില്‍ അടുത്തമാസാദ്യം 50 രൂപയ്ക്ക് താഴെയെത്താന്‍ സഹായകമാകും.
വില കുറയ്ക്കാന്‍
വിദേശിയും
ഉത്‌പാദനം വീണ്ടും മെച്ചപ്പെട്ടതോടെ മാര്‍ക്കറ്റുകളിലേക്ക് സവാള വണ്ടികള്‍ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്. വില കുറയ്ക്കാന്‍ വിദേശ സവാളകളും വിപണിയിലെത്തി. നിലവാരവും സ്വാദും കുറവായതിനാല്‍ ഇവയ്ക്ക് ഡിമാന്‍ഡ് മോശമാണ്. എങ്കിലും, ഇവ വിപണിയിലെത്തിയത് വില താഴാന്‍ സഹായകമായിട്ടുണ്ട്.
₹41
ഇന്ത്യയിലെ ഏറ്റവും വലിയ സവാള മൊത്തവില വിപണിയായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ വില കിലോയ്ക്ക് 41 രൂപ. ഡിസംബര്‍ ഏഴിന് വില 71 രൂപയായിരുന്നു.
₹100
ഉത്‌പാദനവും വിതരണവും ഉയര്‍ന്നതോടെ, സവാളയുടെ റീട്ടെയില്‍ വിലയും കുറയുന്നു. കഴിഞ്ഞമാസം 180-200 രൂപവരെ ഉയര്‍ന്ന വില ഇപ്പോള്‍ 100-140 രൂപവരെയായിട്ടുണ്ട്.
₹25
ജനുവരിയോടെ മഹാരാഷ്‌ട്ര, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് വിപണിയില്‍ കൂടുതല്‍ സവാളയെത്തും. ഇത് മൊത്തവിലയെ കിലോയ്ക്ക് 20-25 രൂപയിലേക്ക് താഴ്‌ത്തുമെന്നാണ് വിലയിരുത്തല്‍.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്