കള്ളനോട്ടുകേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ ചെറിയ പുള്ളിയല്ല, ബന്ധം അന്താരാഷ്ട്ര തലത്തില്‍, അന്വേഷിക്കാന്‍ ദേശീയ ഏജന്‍സിയും
ആലപ്പുഴ: വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തും.
നിലവില്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ സൗത്ത് പൊലീസ് ഉള്‍പ്പെട്ട സംഘം പുതിയ ടീമിനെ സഹായിക്കും.
കേസില്‍ പുതുതായി അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പാലക്കാട്ട് പിടിയിലായ നാലു പേരെയും ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
കള്ളനോട്ട്, കുഴല്‍പ്പണ ഇടപാടില്‍ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്ത ആലപ്പുഴ ഗുരുപുരം തെക്കേവേലി വീട്ടില്‍ എം.അജീഷ് കുമാര്‍ (25), അവലൂക്കുന്ന് കരുവാരപ്പറമ്ബ് ശ്രീകുമാര്‍ (42), കാളാത്ത് വേലില്‍ എസ്.ഷാനില്‍ (38), ആര്യാട് കണ്ടത്തില്‍ ഗോകുല്‍രാജ് (27) എന്നിവരുടെ ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്.
കള്ളനോട്ട് കേസിലെ വിതരണത്തില്‍ പങ്കാളികളായ തൃക്കുന്നപ്പുഴ പല്ലന മാവുന്നയില്‍ അനില്‍കുമാര്‍ (48), ഹരിപ്പാട് ചിങ്ങോലി വെള്ളിശ്ശേരിതറ സുരേഷ് ബാബു (50) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കള്ളനോട്ട് വന്‍ തോതില്‍ ആലപ്പുഴയില്‍ എത്തിച്ച് വിതരണം ചെയ്തിരുന്ന ആലപ്പുഴ സക്കറിയാ ബസാര്‍ യാഫി പുരയിടത്തില്‍ ഹനീഷ് ഹക്കിമും (36) അറസ്റ്റിലയിരുന്നു. ഇയാളാണ് പ്രധാനിയെന്ന് പൊലീസ് പറയുന്നു.
പിടികൂടിയ കള്ളനോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ അന്താരാഷ്ട്ര കള്ളനോട്ട് സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സംശയമുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കള്ളനോട്ടുകേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്