×

പി സി ജോര്‍ജ്ജും പി സി തോമസും ഹാപ്പി – തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഭൂരിപക്ഷം 20,000 കടക്കും, വോട്ട് വിഹിതം ഇരട്ടിയാവും എന്‍ഡിഎ നേതൃയോഗം

ആലപ്പുഴ: കേരളത്തില്‍ മൂന്നു മണ്ഡലങ്ങളില്‍ ജയം ഉറപ്പെന്നും മൂന്നിടത്ത് രണ്ടാം സ്ഥാനത്ത് എത്തുമെന്നും എന്‍ഡിഎ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന്റെ നിഗമനം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്നാണ് യോഗം വിലയിരുത്തിയത്. കോട്ടയം, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തും. ഇതില്‍ കോട്ടയം ജയിക്കാനുള്ള സാധ്യത തള്ളാനാവില്ലെന്നും ചേര്‍ത്തലയില്‍ ചേര്‍ന്ന യോഗം, താഴെത്തട്ടില്‍നിന്നു ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലിയിരുത്തി.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നാല്‍പ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടാവുമെന്നാണ്, വോട്ടെടുപ്പിനു ശേഷം ആദ്യമായി ചേര്‍ന്ന എന്‍ഡിഎ നേതൃയോഗം കണക്കാക്കുന്നത്. തൃശൂരില്‍ ഭൂരിപക്ഷം മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലായിരിക്കും. തിരുവനന്തപുരത്ത് അവസാന നിമിഷം ക്രോസ് വോട്ടിങ് നടന്നെന്നു സംശയിക്കുന്നുണ്ട്. എങ്കില്‍പ്പോലും കുമ്മനം രാജശേഖരന്റെ ജയം തടയാനാവില്ല. പത്തനംതിട്ടയില്‍ ന്യൂനപക്ഷ ഏകീകരണം കെ സുരേന്ദ്രന്റെ വിജയത്തിനു തടസമാവുമെന്ന ആശങ്ക യോഗം തള്ളി.

കോട്ടയം, പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ വന്‍ മുന്നേറ്റമാണ് സഖ്യം കാഴ്ചവച്ചത്. ഈ സീറ്റുകളില്‍ രണ്ടാം സ്ഥാനം ഉറപ്പാണെന്നു നേതാക്കള്‍ പറഞ്ഞു. അതേസമയം കോട്ടയത്ത് രണ്ടാം സ്ഥാനമല്ല, വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലാണ് സ്ഥാനാര്‍ഥി പിസി തോമസിനുള്ളത്. പുതുതായി സഖ്യത്തില്‍ എത്തിയ പിസി ജോര്‍ജ് എംഎല്‍എയും ഈ അഭിപ്രായം പങ്കുവച്ചു.

 

ആറ്റങ്ങളില്‍ ശോഭ സുരേന്ദ്രന്‍ മികച്ച മുന്നേറ്റമുണ്ടാക്കി. ഇവിടെ സിപിഎമ്മില്‍ നിന്നു വന്‍തോതില്‍ വോട്ടുകള്‍ എന്‍ഡിഎയിലേക്ക് എത്തിയിട്ടുണ്ട്. ആറ്റിങ്ങലിലെ എന്‍ഡിഎ മുന്നേറ്റം ഇടതുകേന്ദ്രങ്ങളിലാണ് ഞെട്ടലുണ്ടാക്കുകയെന്ന് നേതാക്കള്‍ പറഞ്ഞു.

യുഡിഎഫ് പ്രതീക്ഷ വയ്ക്കാത്ത മണ്ഡലമാണ് പാലക്കാട്. ഇവിടെ എന്‍ഡിഎയുടെ വോട്ടു വിഹിതത്തില്‍ വന്‍ വര്‍ധനയുണ്ടാവും. സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ വിജയപ്രതീക്ഷ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും രണ്ടാം സ്ഥാനത്തില്‍ ഒതുങ്ങുമെന്നാണ് നേതൃയോഗത്തിന്റെ കണക്കുകൂട്ടല്‍.

2014നെ അപേക്ഷിച്ച്‌ എന്‍ഡിഎയുടെ വോട്ടുവിഹിതം ഇരട്ടിയാവുമെന്ന് യോഗം വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഗണനീയമായ മുന്നേറ്റം വോട്ടുവിഹിതത്തിലുണ്ടാവും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ത്രികോണ മത്സരമായിരിക്കുമെന്നും എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top