പ്രതിപക്ഷത്തിന് അസംതൃപ്തി, ജുഡീഷ്യറിക്കോ സംതൃപ്തി – അന്തിച്ചര്‍ച്ചകള്‍ കൊഴുത്തു; എം വി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പ്രതിപക്ഷത്തിന് അസംതൃപ്തി, ജുഡീഷ്യറിക്കോ സംതൃപ്തി
ബിഷപ്പ് ഫ്രാങ്കോ കേസിന്റെ അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണം ഏറ്റവും ശ്രദ്ധേയമാണ്. പൊലീസ് അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തുകയും സത്യസന്ധവും പ്രൊഫഷണല്‍ രീതിയിലുമാണ് അന്വേഷണം നടത്തുന്നതെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ കോടതി വ്യക്തമാക്കി. അറസ്റ്റല്ലല്ലോ ശിക്ഷയല്ലേ പ്രധാനമെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് ഹരജിക്കാരന്റെ അഭിഭാഷകന് യാതൊന്നും പറയാനായില്ല. നാലുവര്‍ഷം മുമ്ബത്തെ കേസായതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ കാലതാമസമുണ്ടാകും. പൊലീസിന് ലഭിച്ച തെളിവുകള്‍ നശിപ്പിക്കാനാവുന്നതല്ല.
അസാധാരണ സാഹചര്യമൊന്നും ഇപ്പോള്‍ ഇല്ലാത്തതിനാല്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യവുമില്ല. ഹൈക്കോടതിയുടെ ഈ വിലയിരുത്തല്‍ അന്തിച്ചര്‍ച്ചകളിലും മറ്റും പങ്കെടുത്ത് സര്‍ക്കാറിനെയും പൊലീസിനെയും ആക്ഷേപിച്ചവര്‍ക്കുള്ള മറുപടികൂടിയാണ്. ഭരണസ്തംഭനമെന്ന പ്രതിപക്ഷവാദത്തിന്റെ മുനയൊടിക്കുന്നതാണ്. പൊലീസ് നയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും വ്യത്യസ്തനിലപാടുകളാണ് സ്വീകരിക്കാറ്. യു.ഡി.എഫ്.ഭരണത്തില്‍ പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുകയും സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെങ്കില്‍ ഇടതുപക്ഷഭരണത്തില്‍ പൊലീസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുകയോ സേനയെ രാഷ്ട്രീയവല്‍ക്കരിക്കുകയോ ചെയ്യാറില്ല. നിയമം നിയമത്തിന്റെ വഴിക്ക്.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി പൊലീസിന് പരാതി കിട്ടിയത് 3 മാസം മുമ്ബാണ്. പരാതി കിട്ടിയ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേകം ടീം അന്വേഷിച്ചുവരികയുമാണ്. നടിയെ ആക്രമിച്ച കേസില്‍ പരാതി ലഭിച്ച് അഞ്ചര മാസം കഴിഞ്ഞാണ് ദിലീപിനെ അറസ്റ്റുചെയ്യുന്നത്. നിയമാനുസൃതം നോട്ടീസ് നല്‍കിയതിനുശേഷം ചോദ്യം ചെയ്ത് ഒരു ഘട്ടത്തില്‍ വിട്ടയക്കുകയും ചെയ്തു. അപ്പോഴെല്ലാം പൊലീസിനും സര്‍ക്കാരിനും എതിരായി അന്തിച്ചര്‍ച്ചകള്‍ പൊടിപൊടിച്ചു. പ്രതിപക്ഷവും വിട്ടില്ല. പിന്നീട് തെളിവുകള്‍ കിട്ടിയപ്പോള്‍ ദിലിപിനെ അറസ്റ്റുചെയ്തു. ജാമ്യഹരജിയുടെ വാദം കേള്‍ക്കെ ഹൈക്കോടതി അന്നും പറഞ്ഞത് കേസ് അന്വേഷണം തൃപ്തികരമാണെന്നായിരുന്നു.
നടിക്ക് നീതി കിട്ടിയില്ലെന്നും ദിലീപിനെ രക്ഷിക്കാന്‍ ഉന്നത ഇടപെടലെന്നും മറ്റുമുള്ള പ്രചാരവേല കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. സ്ത്രീപീഡന കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളെല്ലാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷിക്കുമ്ബോള്‍ ശരിയും ശാസ്ത്രീയവും സത്യസന്ധവും നിയമപരവുമായ അന്വേഷണമാണ് നടത്താറ്. അപരാധിയാണെങ്കില്‍ ഏത് ഉന്നതനും കുടുങ്ങും. നിരപരാധിയെ ക്രൂശിക്കുകയുമില്ല. യുഡിഎഫ് ഭരണകാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നു. അന്ന് ഒരു ഭരണകക്ഷി എംഎല്‍എ. ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നെ ബലാത്സംഗം ചെയ്തു എന്ന പരാതിയിന്മേല്‍ ഒരു നടപടിയുമെടുത്തില്ല. ഭരണം മാറി, നയവും നടപടിയും മാറി. എന്നാല്‍ പ്രതിപക്ഷത്തിന് ഇതൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. അതിന് കാരണം രാഷ്ട്രീയ തിമിരമാണ്. എന്നാല്‍ ഇപ്പോള്‍ ജുഡീഷ്യറി തിരിച്ചറിയുകയാണ്- നീതിപീഠത്തിന്റെ അന്തസ്സുയര്‍ത്തിപ്പിടിക്കാന്‍, വിവേചനമില്ലാതെ നീതി നടപ്പാക്കാന്‍ എല്‍ഡിഎഫ് കാണിക്കുന്ന ഇച്ഛാശക്തി.
– എം വി ജയരാജന്‍
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്