സൗന്ദ്യര്യമുള്ളവര്‍ കൂടുതല്‍ വിശ്വസിക്കാവുന്നവരും ആണെന്ന് വിശ്വസിക്കുന്ന ഒരു കുഴപ്പം മനുഷ്യര്‍ക്കുണ്ട്; മുരളീ തുമ്മാരുകുടി എഴുതുന്നു
തിരഞ്ഞെടുപ്പിലെ സൗന്ദര്യം, തിരഞ്ഞെടുപ്പിന്റെ സൗന്ദര്യം..
‘സ്ഥാനാര്‍ത്ഥിയുടെ സൗന്ദര്യം നിങ്ങളുടെ വോട്ടിങ്ങിനെ സ്വാധീനിക്കുമോ?’ എന്ന് നേരിട്ടൊരു ചോദ്യം ചോദിച്ചാല്‍ ‘ഒരിക്കലും ഇല്ല’ എന്നേ ആളുകള്‍ മറുപടി പറയൂ. ചിലര്‍ക്ക് ദേഷ്യം വന്നൂ എന്നും വരാം.
തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സൗന്ദര്യമുള്ളവര്‍ക്ക് കൂടുതല്‍ വിജയസാധ്യതയുണ്ടോ എന്ന ചോദ്യം രാഷ്ട്രീയക്കാരുടെ മനസ്സില്‍ എപ്പോഴുമുണ്ട്. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടികള്‍ സൗന്ദര്യം ഒരു മാനദണ്ഡം ആക്കുന്നുണ്ടോ എന്ന് നമുക്ക് പറയാന്‍ പറ്റില്ലെങ്കിലും സ്ഥാനാര്‍ത്ഥി സ്ഥാനം കിട്ടുന്നവരെല്ലാം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളുമായി ഫ്‌ളെക്‌സില്‍ വരുന്നത് കണ്ടിട്ടുണ്ട്. സൗന്ദര്യത്തിന് കുറച്ച് വോട്ടുണ്ടെന്ന് അവര്‍ക്കറിയാമെന്ന് തോന്നുന്നു.
ശാസ്ത്രം ഇക്കാര്യത്തില്‍ വളരെ കൃത്യമാണ്. ലോകത്തില്‍ എവിടെയൊക്കെ ഇക്കാര്യത്തില്‍ പഠനം നടത്തിയിട്ടുണ്ടോ, അവിടെയെല്ലാം സൗന്ദര്യമുള്ളവര്‍ക്ക് കൂടുതല്‍ വോട്ട് കിട്ടും എന്ന് തന്നെയാണ് കണ്ടെത്തിയിട്ടുള്ളത്. ചിലയിടത്ത് പത്തു ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ സൗന്ദര്യം കൂടുതലുള്ള ആളുകള്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. (ഒന്നും രണ്ടുമല്ല, അനവധി പഠനങ്ങളുണ്ട്. താല്പര്യമുള്ളവര്‍ ഗൂഗിള്‍ ചെയ്തു നോക്കണം, അല്ലെങ്കില്‍ സുരേഷ് പിള്ളയോട് റെഫറന്‍സ് വെച്ച് എഴുതാന്‍ പറയാം).
ഈ സൗന്ദര്യം എന്നത് ‘സുന്ദരന്റെ മുഖത്തല്ല, കാണുന്നവന്റെ കണ്ണിലാണ്’ എന്നൊക്കെ നമ്മള്‍ ഏറെ കേട്ടിട്ടുണ്ടല്ലോ. ചുമ്മാതാണ്. ലോകത്ത് എല്ലായിടത്തും, വര്‍ഗ്ഗവും, വര്‍ണ്ണവും, ജാതിയും, മതവും, പ്രായവും, ലിംഗവും വ്യത്യാസമില്ലാതെ സൗന്ദര്യം എന്നതിനെ തീരുമാനിക്കുന്ന ചില ഘടകങ്ങള്‍ ഉണ്ടെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതെന്തൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. അതും താല്പര്യമുള്ളവര്‍ക്ക് ഗൂഗിളില്‍ തിരഞ്ഞു നോക്കാം. അതിന് സമയമില്ലാത്തവര്‍ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാലും മതി.
സൗന്ദര്യമുള്ളവര്‍ക്ക് കൂടുതല്‍ വോട്ട് കിട്ടുമോ എന്നുള്ള ചോദ്യത്തിനു ശേഷം പരിശോധിക്കേണ്ടത് എന്തുകൊണ്ടാണ് സൗന്ദര്യം ഉള്ളവര്‍ക്ക് ആളുകള്‍ വോട്ട് ചെയ്യുന്നത് എന്നാണ്. ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത് ഇത് ‘ഹാലോ എഫ്ഫക്റ്റ്’ എന്ന പ്രതിഭാസം ആണെന്നാണ്. ഒരാളുടെ ഒരു രംഗത്തുള്ള മികവ് കണ്ടിട്ട് മറ്റൊരു രംഗത്തും അയാള്‍ മിടുക്കനോ മിടുക്കിയോ ആകുമെന്ന് വെറുതെ ചിന്തിക്കുന്നതിനാണ് ഈ ഹാലോ എഫ്ഫക്റ്റ് എന്ന് പറയുന്നത്. നമ്മുടെ സിനിമാതാരങ്ങള്‍ ആധുനിക വൈദ്യത്തെപ്പറ്റി പറയുന്‌പോഴും ഡോക്ടറേറ്റ് ഉള്ളവര്‍ ദൈവത്തെക്കുറിച്ച് പറയുന്‌പോഴും നാം അമിത പ്രാധാന്യം നല്‍കുന്നത് അതുകൊണ്ടാണ്. അതുപോലെ സൗന്ദ്യര്യമുള്ളവര്‍ കൂടുതല്‍ വിശ്വസിക്കാവുന്നവരും നേതൃത്വഗുണം ഉള്ളവരും ആണെന്ന് വിശ്വസിക്കുന്ന ഒരു കുഴപ്പം മനുഷ്യര്‍ക്കുണ്ട്.
രണ്ടാമത്തെ കാരണം കൂടുതല്‍ അടിസ്ഥാനപരമാണ്. ആത്യന്തികമായി മനുഷ്യന്‍ ഒരു മൃഗം ആണല്ലോ. ഒരു മൃഗം കൂട്ടത്തില്‍ മറ്റൊരു മൃഗത്തെ കണ്ടാല്‍ രണ്ടു കാര്യങ്ങളാണ് ആദ്യമേ ശ്രദ്ധിക്കുന്നത്. ഒന്ന്, ഇവന്‍/ഇവള്‍ നമുക്ക് പാരയാകുമോ? രണ്ട്, ഇവനെ/ഇവളെ പങ്കാളിയാക്കാന്‍ കൊള്ളാമോ? ഈ തീരുമാനങ്ങള്‍ മൃഗങ്ങള്‍ക്ക് അതിവേഗത്തില്‍ എടുക്കേണ്ടി വരും. കാരണം അവരുടെ ജീവന്‍ തന്നെ ആ തീരുമാനത്തിലാണ് ആശ്രയിച്ചിരുന്നത്. മനുഷ്യന്റെ തലച്ചോറിലും ഈ മൃഗ ചിന്തയുണ്ട്. ഒരാളെ കാണുന്‌പോള്‍ ഇയ്യാള്‍ കൊള്ളാമോ എന്ന് അതിവേഗത്തില്‍ നാം തീരുമാനിക്കുന്നു. അതിന് അടിസ്ഥാനമാകുന്നത് അവരുടെ ശരീരവും ശരീര ഭാഷയും ആണ്. ഈ നോട്ടത്തിന്റെ ബാക്കിപത്രമാണ് സൗന്ദര്യമുള്ളവരെ (ഇത് ആരോഗ്യത്തിന്റെ അളവുകോലായി മനുഷ്യ മൃഗങ്ങള്‍ തെറ്റിദ്ധരിക്കുന്നു എന്നും ശാസ്ത്രം) നമ്മള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതും എന്നാണ് ശാസ്ത്രം.
ഈ പറഞ്ഞതൊക്കെ ലോകത്ത് മറ്റിടങ്ങളില്‍ മാത്രം ബാധകമാണെന്നും കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ളിടത്ത് ഇതിലൊന്നും ഒരു കാര്യവുമില്ല എന്നും നിങ്ങള്‍ക്ക് അഭിപ്രായം ഉണ്ടാകും. നല്ല കാര്യമാണ്. ഞാന്‍ വാദിക്കാന്‍ വരുന്നില്ല. സ്ഥാനാര്‍ത്ഥികളുടെ സൗന്ദര്യം മലയാളികളുടെ വോട്ടിങ്ങിനെ ബാധിക്കില്ല എന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സൗന്ദര്യം ജനാധിപത്യം തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ശാസ്ത്രത്തില്‍ താല്പര്യമുള്ളവരുണ്ടെങ്കില്‍ ഈ വിഷയം കൂടുതല്‍ വായിക്കണം. ഗവേഷകരുണ്ടെങ്കില്‍ കേരളത്തിലെ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ ജയിച്ച സ്ഥാനാര്‍ത്ഥികളുടേയും തൊട്ടു താഴെയുള്ള സ്ഥാനാര്‍ത്ഥിയുടേയും ചിത്രം വച്ച് ഒരു സാമൂഹ്യ ശാസ്ത്ര ഗവേഷണം നടത്തി നോക്കണം.
സൗന്ദര്യത്തെപ്പറ്റി പറഞ്ഞ സ്ഥിതിക്ക് സൗന്ദര്യത്തിന്റെ അളവിനെ പറ്റി കൂടി പറയാം. ‘ഹെലന്‍’ ആണ് സൗന്ദര്യത്തെ അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്. ഗ്രീക്ക് രാജകുമാരി ആയിരുന്നു ഹെലന്‍. ലോകത്തെ ഏറ്റവും വലിയ സുന്ദരി ആയിരുന്നു. വിവാഹ പ്രായമാകുന്നതിന് മുന്‍പുതന്നെ അവരെ വിവാഹം ചെയ്യാന്‍ നാട്ടിലെ രാജാക്കന്മാര്‍ തമ്മില്‍ പടയായി. ആര്‍ക്ക് ഹെലനെ വിവാഹം ചെയ്തു കൊടുത്താലും മറ്റുള്ളവരെല്ലാം കൂടി ഹെലെനെയും ഭര്‍ത്താവിനെയും അച്ഛനെയും കൊല്ലും എന്ന സ്ഥിതി വന്നു. അതുകൊണ്ട് ഹെലന്റെ അച്ഛന്‍ ഒരു കരാര്‍ ഉണ്ടാക്കി. ഹെലന്‍ വിവാഹം കഴിക്കുന്നത് ആരെ ആയാലും ആ വിവാഹം സംരക്ഷിക്കുമെന്ന് ഹെലെനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പ്രതിജ്ഞ എടുക്കണം. അത് ആളുകളെ സമ്മതിപ്പിച്ചതിന് ശേഷം ഒരു കണക്കിന് ഹെലെനെ സ്പാര്‍ട്ടയിലെ മെനെലൗസിന് വിവാഹം ചെയ്തു കൊടുത്തു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. ട്രോയ് രാജ്യത്തെ പാരീസ് എന്ന രാജാവ് ഹെലെനെ തട്ടിക്കൊണ്ടു പോയി. (ഹെലന്‍ സ്വയം ഇറങ്ങിപ്പോയതാണെന്നും വാദമുണ്ട്). രണ്ടാണെങ്കിലും പഴയ കരാര്‍ അനുസരിച്ച് ചുറ്റുമുള്ള രാജാക്കന്മാര്‍ ഹെലെനെ വീണ്ടെടുക്കാന്‍ കൂട്ടുകൂടി. ട്രോയ് രാജ്യത്തേക്ക് യുദ്ധം ചെയ്യാന്‍ ആയിരം കപ്പലുകളുമായി പോയി എന്നാണ് കഥ.
സൗന്ദര്യത്തിന്റെ യൂണിറ്റായി ഐസക്ക് അസിമൊവ് തിരഞ്ഞെടുത്തത് ഹെലെനെ ആണ്. ഒരു ഹെലെന്‍ എന്നാല്‍ ‘ആയിരം കപ്പലുകള്‍ യുദ്ധത്തിനിറക്കാന്‍ കഴിവുള്ള സൗന്ദര്യം’ എന്നാണ് നിര്‍വചനം. ഒരു കപ്പലെങ്കിലും ഇറക്കാന്‍ കഴിവുള്ള സൗന്ദര്യത്തിന് മില്ലി ഹെലന്‍ എന്നും പറയും. (അസിമോവിനെ കൂടാതെ വേറെ പലരും ഈ യൂണിറ്റ് കണ്ടുപിടിച്ചതായി അവകാശപ്പെട്ടിട്ടുണ്ട്).
സൗന്ദര്യത്തെ കപ്പല് മാത്രമല്ല വേണമെങ്കില്‍ കാശും ആക്കാം എന്നാണ് എന്റെ കണ്ടുപിടിത്തം. കൊച്ചി കായലില്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്റെ ഒരു കപ്പലിറക്കാന്‍ കുറച്ചു നാലു ലക്ഷം ആകുമെന്ന് കരുതുക. അപ്പോള്‍ ഒരു മില്ലി ഹെലന്‍ എന്നത് നാല് ലക്ഷം, ഒരു ഹെലന്‍ എന്നത് നാല്പത് കോടി.
Prasanth Nair ബ്രോയോട് പറഞ്ഞാല്‍ കുറച്ചു ഡിസ്‌കൗണ്ട് കിട്ടും.
(ഹെലെനെ തട്ടിക്കൊണ്ടു പോകുന്ന രംഗത്തിന്റെ ലോക പ്രശസ്തമായ ചിത്രം, ലൂവ്ര് മ്യൂസിയത്തില്‍ നിന്നും. ഇറ്റാലിയന്‍ ചിത്രകാരനായ ഗിഡോ റെനി വരച്ചത്. ബ്രോയുടെ കൂടെ ലൂവ്ര് സന്ദര്‍ശിച്ചപ്പോള്‍ എടുത്തത്. കണ്ടു കഴിഞ്ഞാല്‍ തട്ടിക്കൊണ്ടു പോവുകയെന്ന് തോന്നില്ലല്ലോ).
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്