മൂന്നാര്‍ ഒറ്റപ്പെട്ടു – മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു;
തൊടുപുഴ: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിലേക്കും വലിയ തോതില്‍ വെള്ളം ഒഴുകിയെത്തുന്നു. നിലവില്‍ 136.8 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ രേഖപ്പെടുത്തിയത് 2397 അടിയാണ്.
മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ്. ഉച്ചക്ക് ഒരു മണിക്കൂറിനുള്ളില്‍ 16000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. രാവിലെ ജലനിരപ്പ് 136.1 അടിയായിരുന്നു. ഉച്ചവരെ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നത് 0.7 അടിയാണ്.
തമിഴ്‌നാട് 2200 ഘനയടി വെള്ളമാണ് കൊണ്ടു പോകുന്നത്. അതിലേറെ ജലം ഒഴുകിയെത്തുന്നതാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നത്. മേഖലയില്‍ കനത്ത മഴ തുടരുകയാണ്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ടു. മാട്ടുപ്പെട്ടി ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് മുതിരപ്പുഴയാര്‍ കരകവിഞ്ഞ് ഒഴുകി ദേശീയപാതയില്‍ വെള്ളം കയറി. അടിമാലി കൊരങ്ങാട്ടി ആദിവാസി മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തടയണ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്.
അടിമാലി കൊന്നത്തടിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിനു മുന്നില്‍ മണ്ണിടിച്ചിലും ഉണ്ടായി. മൂന്നാര്‍ ടൗണില്‍ വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ടത്. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്