×

മൂലമറ്റം തിരുമ്മു ചികിത്സയ്‌ക്കെത്തിയ 16കാരന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍; വൈദ്യന്‍ കസ്‌റ്റഡിയില്‍

മൂലമറ്റം: തിരുമ്മു ചികിത്സയ്‌ക്കെത്തിയ ആദിവാസി യുവാവിനെ വൈദ്യന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അറക്കുളം തുമ്ബച്ചി ഈട്ടിക്കല്‍ മനോജ്‌-ഷൈലജ ദമ്ബതികളുടെ മകന്‍ മഹേഷാ(16)ണു മരിച്ചത്‌. സംഭവത്തില്‍ തിരുമ്മുവൈദ്യന്‍ മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജെയിംസി(65)നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
പൂമാല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണ്‌ മഹേഷ്‌. കുടയത്തൂരില്‍ വാടകയ്‌ക്കു വീടെടുത്തു തിരുമ്മു ചികിത്സ നടത്തുകയാണ്‌ ജയിംസ്‌. ഈ വീട്ടിലാണ്‌ ഇന്നലെ പുലര്‍ച്ചെ നാലോടെ കട്ടിലില്‍ മരിച്ച നിലയില്‍ മഹേഷിനെ കണ്ടെത്തിയത്‌.

മരണവിവരമറിഞ്ഞു വീട്ടിലെത്തിയ കാഞ്ഞാര്‍ പോലീസാണ്‌ ജെയിംസിനെ ചോദ്യംചെയ്യാനായി കസ്‌റ്റഡിയിലെടുത്തത്‌. നാലു മാസം മുമ്ബു മഹേഷ്‌ വീടിനു സമീപം വീണതായി ബന്ധുക്കള്‍ പറഞ്ഞു. നെല്ലിക്ക പറിക്കാന്‍ പോയപ്പോള്‍ വീഴുകയായിരുന്നു. അന്നു ചികില്‍സയൊന്നും നടത്തിയിരുന്നില്ല. അടുത്ത കാലത്തു കാലില്‍ മുഴയും വേദനയുമുണ്ടായി. കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുള്ളതായി മഹേഷ്‌ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ മഹേഷ്‌ ചികിത്സ തേടിയെത്തി. എക്‌സ്‌റേയെടുത്തു നോക്കണമെന്നു ഡോക്‌ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍, മഹേഷിന്റെ അമ്മാവന്റെ പരിചയത്തിലുള്ള കുടയത്തൂരിലെ നാട്ടുവൈദ്യന്റെ തിരുമ്മു ചികിത്സ തേടി വെള്ളിയാഴ്‌ച ഉച്ചയോടെ മഹേഷും ബന്ധുക്കളുമെത്തുകയായിരുന്നു.

മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്‌തമാകൂവെന്നു പോലീസ്‌ പറഞ്ഞു.
വൈദ്യന്റെ ചികില്‍സയില്‍ സംശയമുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.

 

സ്‌ത്രീകളുടെ വയറു കുറയ്‌ക്കാന്‍ ഇയാള്‍ ചികില്‍സ നടത്തിയിരുന്നതായും മറ്റൊരാളെ തിരുമ്മി അവശനിലയിലാക്കിയതായും നാട്ടുകാര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു പോലീസിനു പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top