ബില്‍ ക്ലിന്റണ്‍ – മോണിക്ക വിവാദം പുറംലോകത്തെ അറിയിച്ച ലിന്‍ഡ ട്രിപ്പ് അന്തരിച്ചു
ന്യൂയോര്‍ക്ക്: ഏറെ കോളിളക്കം സൃഷ്‌ടിച്ച ബില്‍ ക്ലിന്റണ്‍ – മോണിക്ക ലെവിന്‍സ്‌കി വിവാദം പുറംലോകത്തെ അറിയിച്ച അമേരിക്കന്‍ സിവില്‍ സര്‍വന്റ് ലിന്‍ഡ ട്രിപ്പ് അന്തരിച്ചു. 70 വയസായിരുന്നു.
Linda Tripp
പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈറ്റ് ഹൗസ് ഇന്റേണായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി താന്‍ നടത്തിയ സംഭാഷണങ്ങള്‍ ലിന്‍ഡ റെക്കാഡ് ചെയ്യുകയും അത് പുറത്തുവിടുകയും ചെയ്‌തു. അങ്ങനെയാണ് സംഗതി പുറംലോകമറിഞ്ഞത്. 1998ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ക്കാണ് ലിന്‍ഡ നടത്തിയ വെളിപ്പെടുത്തലുകള്‍ വഴിതെളിച്ചത്.
പെന്റഗണിലെ മുന്‍ സിവില്‍ സര്‍വന്റായിരുന്ന ലിന്‍ഡ അവിടെ ഇന്റേണ്‍ഷിപ്പിനുണ്ടായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പ്രസിഡന്റ് ബില്‍ ക്ലിന്റണ് മോണിക്കയുമായി ബന്ധമുണ്ടായിരുന്നുവെന്ന് മനസിലാക്കിയ ലിന്‍ഡ 1997 മുതല്‍ മോണിക്ക അറിയാതെ അവരുടെ സംഭാഷണങ്ങള്‍ റെക്കാഡ് ചെയ്യാന്‍ തുടങ്ങി. 1998 ജനുവരിയില്‍ ലിന്‍ഡ മോണിക്കയുടെ സംഭാഷണമടങ്ങിയ ടേപ്പ് തന്റെ അഭിഭാഷകനായ ജിം മൂഡിയ്ക്കും സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ കെന്നത്ത് സ്‌റ്റാറിനും കൈമാറി. പിന്നീട് ക്ലിന്റണ് നേരെ ഉണ്ടായത് അന്വേഷണവും ഇതേവരെ ഒരു അമേരിക്കന്‍ പ്രസിഡന്റ് നേരിടേണ്ടി വന്നിട്ടില്ലാത്ത ലൈംഗിക അപവാദക്കേസുമാണ്. ക്ലിന്റണെ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റിലെത്തിയപ്പോള്‍ കുറ്റമോചിതനായി.
ലിന്‍ഡ, മോണിക്കയെ സൗഹൃദം നടിച്ച് ചതിച്ചെന്നും ക്ലിന്റണിന്റെ പ്രസിഡന്റ് സ്ഥാനം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ചിലര്‍ കുറ്റപ്പെടുത്തി. 2001ല്‍ ക്ലിന്റണിന്റെ ഭരണകാലയളവിന്റെ അവസാനദിനം ലിന്‍ഡയെ പെന്റഗണിലെ ജോലിയില്‍ നിന്നും പുറത്താക്കി. പിന്നീട് വിര്‍ജീനിയയില്‍ ഭര്‍ത്താവുമായി ചേര്‍ന്ന് ലിന്‍ഡ ഒരു കട തുറന്നിരുന്നു. ലിന്‍ഡ രോഗബാധിതയാണെന്നറിഞ്ഞപ്പോള്‍ ദുഃഖം
രേഖപ്പെടുത്തിക്കൊണ്ട് മോണിക്ക ലെവിന്‍സ്‌കി ട്വീറ്റ് ചെയ്‌തിരുന്നു. ‘കഴിഞ്ഞു പോയതെന്തായാലും ലിന്‍ഡയുടെ ആരോഗ്യ സ്ഥിതി ഇപ്പോള്‍ ഗുരുതരമാണ്. അവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ‘ മോണിക്ക ട്വിറ്ററില്‍ അന്ന് കുറിച്ചിരുന്നു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്