×

മോഹന്‍ലാലിനെതിരേ പത്മപ്രിയ; മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു, സെക്രട്ടറി ഇടപെട്ട് പിന്തിരിപ്പിച്ചു

ന്യൂഡല്‍ഹി: അമ്മയുടെ ഭാരവാഹി സ്ഥാനത്തേക്ക് വരുന്നതില്‍ ആരെയും തടഞ്ഞിട്ടില്ലെന്ന പ്രസിഡന്റ് മോഹന്‍ലാലിന്റെ വാദം തള്ളി നടി പത്മപ്രിയ.അമ്മ ഭാരവാഹിത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍വ്വതി സന്നദ്ധത അറിയിച്ചിരുന്നു. അമ്മ സെക്രട്ടറിയെയാണ് സന്നദ്ധത അറിയിച്ചത്. എന്നാല്‍ സെക്രട്ടറി പാര്‍വ്വതിയെ പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറല്‍ ബോഡി ചേര്‍ന്നതെന്നും പത്മപ്രിയ പറഞ്ഞു. മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന കാര്യം നടിമാരും ആരുംതന്നെ അമ്മയെ അറിയിച്ചിട്ടില്ലെന്നായിരുന്നു ലാലിന്റെ പ്രതികരണം

അമ്മയില്‍ ജനാധിപത്യമില്ല. നാല് പേരില്‍ രമ്യയ്ക്കും ഭാവനയ്ക്കും പുറമേ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്ത് കിട്ടിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും പത്മപ്രിയ പറഞ്ഞു. തനിക്ക് ജോലിതിരക്ക് കാരണം മത്സരിക്കാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍വതി മത്സരിക്കണമെന്ന് നിലപാട് കൈക്കൊണ്ടത്.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചടക്കുമെന്നത് അമ്മ ജനറല്‍ ബോഡിയുടെ അജണ്ടയില്‍ ഇല്ലായിരുന്നു. അങ്ങനെയുണ്ടായിരുന്നെങ്കില്‍ എതിര്‍പ്പ് അറിയിക്കുമായിരുന്നു. സംഘടന ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നാല് നടിമാര്‍ രാജിവെച്ചത്. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അത് പിന്നീട് എങ്ങനെയുണ്ടായെന്ന് അറിയില്ല. അമ്മ സംഘടനയുടെ ഷോയില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സ്‌കിറ്റ് സംഘടിപ്പിച്ചതിനെതിരെയും പത്മപ്രിയ രംഗത്തെത്തി. ഷോയില്‍ അവതരിപ്പിച്ച സ്‌കിറ്റിനെ തമാശയായി കാണാനാകില്ലെന്നായിരുന്നു പത്മപ്രിയയുടെ പ്രതികരണം

താരസംഘടന അമ്മയ്ക്കും അഭിനേതാക്കള്‍ക്കുമിടയിലുള്ള ഏത് വിഷയത്തിലും തുറന്ന ചര്‍ച്ചക്ക് തയ്യാറെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അമ്മയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടും . അമ്മയുടെ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് ചര്‍ച്ച ചെയ്യും. കൂടിക്കാഴ്ച ആവശ്യപ്പെട്ട നടിമാരുമായി ആലോചിച്ച്‌ ചര്‍ച്ചക്കുള്ള തീയതി തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു

ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് യോഗത്തില്‍ ആരും പറഞ്ഞില്ല. വനിതാ അംഗങ്ങളടക്കം യോഗത്തില്‍ മൗനം പാലിച്ചു. ഇപ്പോള്‍ പ്രതിഷേധിച്ച ആരും അന്ന് എതിര്‍ത്തില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.ദിലീപ് ‘അമ്മ’യ്ക്ക് പുറത്ത് തന്നെയാണ്. കുറ്റവിമുക്തനായാല്‍ ദിലീപിനെ തിരിച്ചെടുക്കും. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന പരാതി നടി എഴുതിനല്‍കിയിട്ടില്ല. ജനറല്‍ബോഡിക്ക് ശേഷം വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റാണ്. ഇന്ന് ചേര്‍ന്നത് എക്സിക്യൂട്ടിവ് യോഗം എന്ന് പറയാനാവില്ല. അടുത്ത നടപടികളെ കുറിച്ച്‌ തീരുമാനിക്കാന്‍ നിലവില്‍ ലഭ്യമായ ആളുകളെ ചേര്‍ത്ത് യോഗം ചേര്‍ന്നതാണ്.

താന്‍ പറയുന്ന രീതിയില്‍ സംഘടന പ്രവര്‍ത്തിക്കണമെന്ന് പറയാനാകില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി ചേര്‍ത്തേ അത് മുന്നോട്ട് കൊണ്ടുപോകാനാകൂ. 25 വര്‍ഷമായുള്ള ബൈലോ മാറ്റണം. പുതിയ തസ്തികകള്‍ കൊണ്ടുവരാം. സ്ത്രീകള്‍ക്ക് ഏത് ഭാരവാഹി തസ്തികയിലേക്കും അവസരം നല്‍കാം. ഡബ്ലുസിസി അംഗങ്ങള്‍ അമ്മയിലുള്ളവരാണ്. അവര്‍ക്ക് മത്സരിക്കാം. ആരും തടഞ്ഞിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top