മോഹന്‍ലാലിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ഗേറ്റില്‍ റീത്ത് വെച്ചു
കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരാണ് A.M.M.A പ്രസിഡന്റ് കൂടിയായ സൂപ്പര്‍ താരത്തിന്റെ വസതിയിലേക്ക് പ്രതിഷേധവുമായെത്തിയത്.
അവളോടൊപ്പം ഞങ്ങളുമുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യുത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. താരസംഘടയ്ക്ക് ആദരാഞ്ജലികള്‍ എന്ന ഫഌക്‌സ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു തുടങ്ങിയ അഭിനേതാക്കളുടെ ചിത്രങ്ങള്‍ ഫഌക്‌സില്‍ അലേഖനം ചെയ്തിരുന്നു. മാര്‍ച്ചായെത്തിയ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ റീത്ത് വെച്ചു.
ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണോ മോഹന്‍ലാലിനെന്ന് വ്യക്തമാക്കണം. താരസംഘടനയിലെ സ്ത്രീയായ ഇരയെ സംരക്ഷിക്കാതെ വേട്ടക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ഇക്കാര്യത്തിലുള്ള നേതാക്കളുടെ മൗനം വെടിയണം. രാഷ്ട്രീയത്തിനപ്പുറം തങ്ങള്‍ ചലച്ചിത്ര പ്രേക്ഷകര്‍ കൂടിയാണ്.
ദിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് സംഘടനയുടേത്. അമ്മ പ്രസിഡന്റായി ഇരിക്കുന്ന മോഹന്‍ലാലിന് ഇതിനെകുറിച്ചുള്ള നിലപാട് വ്യക്തമാക്കാനാകണം. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ സംഘടന ഭാരവാഹികളായ മറ്റ് അഭിനേതാക്കളുടെ വീടുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും യുത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ തിരിച്ചെടുത്ത A.M.M.A യുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊച്ചിയിലെ ഫിലിം ചേമ്പര്‍ ആസ്ഥാനത്ത് ഇന്നലെ എഐവൈഎഫ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ആലപ്പുഴയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോഹന്‍ലാലിന്റെ കോലം കത്തിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്