മോഹന്‍ലാലിനെ പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധം; 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്നും എ.എം.എം.എ അധ്യക്ഷന്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാവശ്യം. മുഖ്യാതിഥിയായി മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കും. 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൈമാറുക.
ഡബ്ലിയു.സി.സി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും നിവേദനത്തില്‍ ഒപ്പു വച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചടങ്ങില്‍ നിന്ന് ജൂറിയിലെ ഒരു വിഭാഗം വിട്ടു നില്‍ക്കും.കഴിഞ്ഞ ദിവസങ്ങളില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടന്നിരുന്നത്. അതിന്റെ ഭാഗമായാണ് 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുന്നത്. എ.എം.എം.എയില്‍ നിന്നും രാജി വച്ച നടിമാരായ റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരും കത്തില്‍ ഒപ്പു വച്ചിട്ടുണ്ട്. എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സേതു, സച്ചിദാനന്ദന്‍, നടന്‍ പ്രകാശ് രാജ്, സംവിധായകന്‍ രാജീവ് രവി എന്നിവരാണ് നിവേദനത്തില്‍ ഒപ്പ് വച്ചിട്ടുള്ള മറ്റ് പ്രമുഖര്‍
കത്തില്‍ പ്രധാനമായും പറയുന്ന കാര്യങ്ങള്‍ ഇതാണ്- ‘ദേശീയ പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്ന മാതൃകയില്‍ സംസ്ഥാനം ഔദ്യോഗികമായി നല്‍കുന്ന ഒരു പുരസ്‌കാര ചടങ്ങാണ് കേരളത്തിലും വേണ്ടത്. മുഖ്യമന്ത്രിയാണ് പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് നല്‍കേണ്ടത്. ലളിതമായതും അന്തസുറ്റതുമായ ചടങ്ങായിരിക്കണം കേരള സംസ്ഥാന ചലചിത്ര പുരസ്‌കാര വേദി. അതിലേക്ക് മുഖ്യാതിഥിയെ ക്ഷണിക്കേണ്ട ആവശ്യമില്ല. അങ്ങനെയാണെങ്കില്‍ അത് ഈ ചടങ്ങിന് യോജിച്ചതല്ല. അത് ജേതാക്കളെ അപമാനിക്കുന്നതിന് തുല്യമാണ്. മുഖ്യാതിഥിയെ ക്ഷണിക്കുകയാണെങ്കില്‍ ഡോക്ടര്‍ ബിജു അടക്കമുള്ള ജൂറി അംഗങ്ങള്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കും. വിഷയത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്നുമാണ് മുഖ്യമന്ത്രിക്ക് രേഖാമൂലം നല്‍കുന്ന കത്തിലെ പ്രധാന ആവശ്യങ്ങള്‍. ചലച്ചിത്ര പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് കത്ത് കൈമാറുക.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിലുള്ള പ്രതിഷേധമാണ് പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിന് പിന്നില്‍. ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടതു സര്‍ക്കാര്‍ മുഖ്യാതിഥിയായി ക്ഷണിച്ചത് സംവിധായകനും ജൂറി അംഗവുമായ ഡോക്ര്‍ ബിജു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്തിരുന്നു. ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന മന്ത്രിയുടെ നിലപാട് ശരിയല്ലെന്നും അങ്ങനെയാണെങ്കില്‍ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും ബിജു നേരത്തെ വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്