കൈപ്പത്തിയേക്കാള്‍ മൂന്നിരട്ടി സീറ്റുകളില്‍ താമര വിജയിക്കും – നരേന്ദ്രമോദി
കത്വ: രാജ്യത്ത് ശക്തമായ ബി.ജെ.പി അനുകൂല തരംഗമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കോണ്‍ഗ്രസിനേക്കാള്‍ മൂന്നിരട്ടി സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാലിയന്‍ വാലാബാഗ് അനുസ്‌മരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ അസാന്നിധ്യം കോണ്‍ഗ്രസിന്റെ ഇരട്ട നിലപാടുകളുടെ ഉദാഹരണമാണ്. കാശ്‌മീര്‍ താഴ്‌വരയില്‍ നിന്നും കാശ്‌മീര്‍ പണ്ഡിറ്റുകള്‍ പാലായനം ചെയ്യുന്നത് കോണ്‍ഗ്രസിന്റെ വികലമായ നയങ്ങളുടെ ഫലമാണെന്നും മോദി വിമര്‍ശിച്ചു. ജമ്മുകാശ്‌മീരിലെ കത്വയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്‌മീരി പണ്ഡിറ്റുകള്‍ താഴ്‌വരയില്‍ നിന്നും പാലായനം ചെയ്യുന്നത് കാലാകാലങ്ങളായി കോണ്‍ഗ്രസ് തുടര്‍ന്ന് പോരുന്ന നയങ്ങളുടെ ഫലമാണ്. കാശ്‌മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം താമസസ്ഥലങ്ങളില്‍ തന്നെ സ്വസ്ഥമായി താമസിക്കാന്‍ അവസരം ഒരുക്കുമെന്നും മോദി പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് പ്രതികാരമായി ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തെ കോണ്‍ഗ്രസ് ഇപ്പോഴും വിശ്വാസിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ സുരക്ഷാ സേനയെ വിശ്വാസത്തിലെടുക്കാന്‍ ഇതുവരെയും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഇന്ത്യന്‍ സേന നടത്തുന്ന പ്രത്യാക്രമണങ്ങളെ ചോദ്യം ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജാലിയന്‍ വാലാബാഗ് വിവാദം
അതേസമയം, കഴിഞ്ഞ ദിവസം നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ അനുസ്‌മരണ യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പങ്കെടുക്കാത്തത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തേക്കാള്‍ നെഹ്‌റു കുടുംബത്തിന് വില കല്‍പ്പിക്കുന്നത് കൊണ്ടാണ് മുന്‍ സൈനികന്‍ കൂടിയായ അമരീന്ദര്‍ സിംഗ് ചടങ്ങിന് എത്താത്തത്. ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങ് അദ്ദേഹം ബഹിഷ്‌ക്കരിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് അമരീന്ദര്‍ ചടങ്ങിനെത്താത്തതെന്നും മോദി ആരോപിച്ചു.
എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരു അദ്ധ്യായത്തെ വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി മോദി ഉപയോഗിച്ചത് മോശമായെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബ് സര്‍ക്കാര്‍ നടത്തിയ അനുസ്‌മരണ സമ്മേളനത്തിന് ബദലായി കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ഇങ്ങനെയൊരു നാടകം കളിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്