മാലദ്വീപ് = മോദിയോടും ഇന്ത്യക്കാരോടും മാപ്പ് പറയൂ, പ്രസിഡന്റിന് ഇരിക്കപ്പൊറുതി കൊടുക്കാതെ മാലദ്വീപിലെ പ്രതിപക്ഷ നേതാവ് കാസിം ഇബ്രാഹിം
മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യയിലെ ജനങ്ങളോടും ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷം.
മാലദ്വീപ് ജംഹൂറി പാർട്ടി (ജെപി) നേതാവ് കാസിം ഇബ്രാഹിം ഉള്‍പ്പെടെ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
‘ഏതൊരു രാജ്യത്തെക്കുറിച്ചും, പ്രത്യേകിച്ച് അയല്‍ രാജ്യത്തെ ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ നമ്മള്‍ സംസാരിക്കരുത്. നമ്മുടെ രാജ്യത്തോട് നമ്മുക്ക് ഒരു ബാദ്ധ്യതയുണ്ട്. കൂടാതെ ഔപചാരികമായി മാപ്പ് പറയാൻ ഞാൻ പ്രസിഡന്റ് മുയിസുവിനോട് ആവശ്യപ്പെടുന്നു. ‘- കാസിം ഇബ്രാഹിം പറഞ്ഞു.
അതേസമയം, ഇന്ത്യാ വിരുദ്ധനും ചൈനാ അനുകൂലിയുമായ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്റാറ്റിക് പാർട്ടി ( എം.ഡി.പി ) ഇതിനായി എം.പിമാരുടെ ഒപ്പു ശേഖരണം തുടങ്ങി. സഖ്യകക്ഷികളായ ദ ഡെമോക്റാറ്റ്സിന്റെ പിന്തുണയുമുണ്ട്. 87 അംഗ പാർലമെന്റില്‍ രണ്ട് പാർട്ടികള്‍ക്കുമായി 55 സീറ്റുകളുണ്ട്. ഇവർക്കാണ് പാർലമെന്റിന്റെ നിയന്ത്രണം. ഇതിനകം 34 എം.പിമാർ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് പിന്തുണ അറിയിച്ചെന്നാണ് വിവരം.
ഇന്ത്യാ അനുകൂലിയായ മുൻ പ്രസിഡന്റ് ഇബ്റാഹിം മുഹമ്മദ് സോലിഹിന്റെ പാർട്ടിയാണ് എം.ഡി.പി. മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ആക്കംകൂട്ടുന്നതായി ചില എം.ഡി.പി അംഗങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മാലദ്വീപ് പാർലമെന്റില്‍ ഭരണ, പ്രതിപക്ഷ എംപിമാർ തമ്മില്‍ കൂട്ടയടി നടന്നിരുന്നു. ഭരണകക്ഷികളായ പ്രോഗസിവ് പാർട്ടി ഓഫ് മാലദ്വീപ് ( പി.പി.എം), പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് ( പി.എൻ.സി) അംഗങ്ങളും പ്രതിപക്ഷത്തെ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ( എം.ഡി.പി ) അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തില്‍ നിരവധി എം.പിമാർക്ക് പരിക്കേറ്റു. ഒരു എം.പിയുടെ തല പൊട്ടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്