വേനല്‍ച്ചൂട് ; പാല്‍ ഉത്പാദനത്തില്‍ വന്‍ കുറവ് ; കേരളത്തില്‍ പ്രതിദിനം 22,000 ലിറ്റര്‍ പാല്‍ കുറഞ്ഞു
ആലത്തൂര്: വേനല്‍ച്ചൂട് കനത്തതോടെ പാല്‍ ഉത്പാദനത്തില്‍ വന്‍ കുറവ്. ഇതോടെ പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്നും മില്‍മ സംഭരിക്കുന്ന പാലിന്റെ അളവിലും കുറവുണ്ടായി.
പ്രതിദിന പാല്‍ ഉത്പാദനത്തില്‍ പാലക്കാട് ജില്ലയില്‍മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 22,356 ലിറ്ററിന്റെ കുറവാണ് മാര്‍ച്ച് മാസത്തില്‍ ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ മാര്‍ച്ചില്‍ പ്രതിദിന ശരാശരി ഉത്പാദനം 3,12,914 ലിറ്ററായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഇത് 2,90,558 ലിറ്ററായാണ് കുറഞ്ഞത്. മില്‍മ പാലക്കാട് ഡയറിയിലും അട്ടപ്പാടി ചില്ലിങ് പ്ലാന്റിലുമായി കഴിഞ്ഞവര്‍ഷം 2.38 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിച്ചിരുന്നത് ഈവര്‍ഷം ശരാശരി 2.10 ലക്ഷം ലിറ്ററായാണ് കുറവ് വന്നിട്ടുള്ളത്.
പാല്‍ സംഭരണത്തില്‍ കുറവുവന്നതോടെ മില്‍മ ക്ഷീരസംഘങ്ങളില്‍ സംഭരണം ക്രമീകരിക്കുന്നതിനായി സ്ഥാപിച്ച മില്‍ക്ക് ബള്‍ക്ക് കൂളറുകളുടെ (ബിഎംസി) പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. 2,000 ലിറ്റര്‍ സംഭരണശേഷിയുള്ള ബിഎംസി യൂണിറ്റുകളില്‍ ഇപ്പോള്‍ 500 ലിറ്ററില്‍ത്താഴെ മാത്രമാണ് പാല്‍ സംഭരിക്കുന്നതിനായി ലഭിക്കുന്നത്.
മാസംതോറും വൈദ്യുതിബില്ലിനത്തിലും മറ്റുമായി വലിയതുക ചെലവാകുന്ന തിനാല്‍ പാല്‍ കുറവുള്ള ബിഎംസികളെ തൊട്ടടുത്തുള്ള ബിഎംസിയുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിച്ച് നഷ്ടംകുറയ്ക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. പാല്‍ ഉത്പാദനം കുറഞ്ഞതോടെ ക്ഷീരകര്‍ഷകരും പ്രതിസന്ധിയിലായി. കനത്തചൂടില്‍ പച്ചപ്പുല്ലിന്റെ ലഭ്യത കുറയുകയും ചെയ്തു.
പാല്‍ ലഭിക്കുന്നത് കുറവാണെങ്കിലും പശുവിന് തീറ്റ കുറയ്ക്കാനാവില്ല. വരുമാനം അടിക്കടി കുറയുന്ന സ്ഥിതിയില്‍ പശുക്കള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ തീറ്റ നല്‍കാനാവാത്തതും പാല്‍ ഉത്പാദനത്തോത് കുറയ്ക്കുകയാണ്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്