“പല രോഗം കാണിച്ച് , പലതവണ പണം” മനോജ് എബ്രഹാം വിജിലന്‍സ് മേധാവി
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വന്‍തട്ടിപ്പ് നടത്തുന്നു എന്ന് വ്യക്തമായതോടെ വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശം.
സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളും രേഖകളും സമഗ്രമായ പരിശോധന നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇന്നലെ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്.വരും ദിവസങ്ങളിലും തുടരുന്ന റെയ്ഡ് പൂര്‍ത്തിയായ ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ.
ഇന്നലത്തെ പരിശോധനയില്‍ മരിച്ചവരുടെ പേരിലും ചികിത്സാസഹായം തട്ടുന്നു എന്ന് കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങി വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡോക്ടര്‍മാരും തട്ടിപ്പില്‍ ഒത്താശചെയ്യുന്നുണ്ട്. ഇതിനായി പുനലൂരില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍.
കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരില്‍ ചികിത്സാസഹായം തട്ടിയെടുത്തത്. കളക്ടറേറ്റുകളില്‍ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതില്‍ നേരത്തേ പറഞ്ഞുറപ്പിച്ച തുക ഏജന്റുമാരും ഉദ്യോഗസ്ഥരുമെടുക്കും.
എല്ലാ ജില്ലകളിലും വമ്ബന്‍ ക്രമക്കേടുകളാണെന്നും പരിശോധനയോ മാനദണ്ഡങ്ങളോ ഇല്ലാതെ പണം അനുവദിക്കുകയാണെന്നും വിജിലന്‍സ് മേധാവി മനോജ് എബ്രഹാം കേരളകൗമുദിയോട് പറഞ്ഞു.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മിക്കതും വ്യാജമാണ്. സൂക്ഷ്മപരിശോധനയില്ല.കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം കവിയരുതെന്നാണ് വ്യവസ്ഥ. എന്നാല്‍ എറണാകുളത്ത് സമ്ബന്നനായ വിദേശമലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷവും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാച്ചെലവ് രേഖപ്പെടുത്താത്ത അപേക്ഷയിലും ധനസഹായം നല്‍കി. കാസര്‍കോട്ട് ഒരേ കൈയക്ഷരത്തിലുള്ള രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രണ്ടു ഡോക്ടര്‍മാരാണ് ഒപ്പിട്ടിട്ടുള്ളത്. ആധാര്‍, റേഷന്‍കാര്‍ഡ് പകര്‍പ്പ് നല്‍കാത്തവര്‍ക്കും അപേക്ഷയില്‍ ഒപ്പില്ലാത്തവര്‍ക്കും പണംകിട്ടി.
പല രോഗം കാണിച്ച്
പലതവണ പണം
മുണ്ടക്കയം സ്വദേശിക്ക് ഹൃദ്രോഗത്തിന് 2017ല്‍ കോട്ടയം കളക്ടറേറ്റ് 5000, 2019ല്‍ ഇടുക്കി കളക്ടറേറ്റ് 10,000രൂപ നല്‍കി
ഇതേവ്യക്തിക്ക് കാന്‍സര്‍ ചികിത്സാസഹായമായി കോട്ടയം കളക്ടറേറ്റ് 10,000 രൂപ 2020ല്‍ നല്‍കി
ഇയാള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധന്‍
കരുനാഗപ്പള്ളിയില്‍ ഒരു വീട്ടിലെ എല്ലാവര്‍ക്കും രണ്ട് ഘട്ടമായി ഒരു ഡോക്ടര്‍ 4 സര്‍ട്ടിഫിക്കറ്റ് നല്‍കി
പാലക്കാട്ട് ഹൃദ്രോഗത്തിന് അഞ്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആയുര്‍വേദ ഡോക്ടറാണ്
അഞ്ചുതെങ്ങില്‍ കരള്‍രോഗിക്ക് ഹൃദ്രോഗ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കി
ഏജന്റുമാരുടെ വിളയാട്ടം
അപേക്ഷയിലെ ഫോണ്‍നമ്ബര്‍ പലേടത്തും ഏജന്റിന്റേത്
തിരുവനന്തപുരത്ത് 16 അപേക്ഷകളില്‍ ഒരു ഏജന്റിന്റെ ഫോണ്‍നമ്ബര്‍
ഇടുക്കിയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ പേരും രോഗവും പലവട്ടം തിരുത്തി
രോഗികളറിയാതെ അവരുടെ പേരില്‍ അപേക്ഷകള്‍ നല്‍കുന്നു
സഹായം ആര്‍ക്കൊക്കെ
പ്രകൃതിദുരന്തം നേരിട്ടവര്‍, അപകടങ്ങളില്‍ ഉറ്റവരെ നഷ്ടമായവര്‍, ഗുരുതരരോഗികള്‍, തൊഴില്‍നഷ്ടം നേരിടുന്നവര്‍
പരാതിപ്പെടാം
1064, 8592900900
9447789100 (വാട്സ്‌ആപ്)
”ധനസഹായം നല്‍കാന്‍ കൃത്യമായ സംവിധാനമുണ്ടാക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും
-മനോജ് എബ്രഹാം
വിജിലന്‍സ് മേധാവി
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്