×

പ്രമുഖ വ്‌ളോഗറും ഭര്‍ത്താവായ നക്ഷത്ര ജ്വല്ലറി ഉടമയും ഉള്‍പ്പെട്ട 250 കോടിയുടെ സ്വര്‍ണ്ണതട്ടിപ്പ്: മുഖ്യധാരാ മാധ്യമങ്ങള്‍ കേസ് മുക്കുന്നതായി ആരോപണം

പ്രമുഖ വ്‌ളോഗറും ഭര്‍ത്താവായ നക്ഷത്ര ജ്വല്ലറി ഉടമയും ഉള്‍പ്പെട്ട 250 കോടിയുടെ സ്വര്‍ണ്ണതട്ടിപ്പ്: മുഖ്യധാരാ മാധ്യമങ്ങള്‍ കേസ് മുക്കുന്നതായി ആരോപണം

 

 

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് എന്ന ജ്വല്ലറി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് ടിഎം, ഭാര്യയും പ്രമുഖ വ്‌ളോഗറുമായ ഷംന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വാര്‍ത്തയാക്കാതെ പ്രമുഖ മാധ്യമങ്ങള്‍ മുക്കുന്നതായി ആരോപണം.

 

ഒന്നാം പ്രതിയായ ഷാനവാസിന്റെ ഉമ്മയുടെ സഹോദരനായ അരൂര്‍ സ്വദേശിയായ എം.എസ് മാമ്മുവാണ് പരാതിക്കാരന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇദ്ദേഹം നേരിട്ട് നല്‍കിയ പരാതിയില്‍ 2024 ഫെബ്രുവരി 10നാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഓഡിറ്റര്‍ മജു കെ ഇസ്മയിലിന്റെ സഹായത്തോടെ കള്ള രേഖകള്‍ ഉണ്ടാക്കിയും ഡയറക്ടര്‍മാരുടെ കള്ളഒപ്പിട്ടും മുന്‍പുണ്ടായിരുന്ന നക്ഷത്ര ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും താനുള്‍പ്പെടെയുള്ള ഡയറക്ടര്‍മാരെ പുറത്താക്കിയതിനെതിരെയാണ് എം.എസ് മമ്മു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രേഖകള്‍ സഹിതം പരാതി നല്‍കിയിരുന്നത്.

ഐ.പി.സി 406, 420 , 409 , 468 , 471 , 120B, 34 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ടി.എം ഷാനാവാസിനും ഭാര്യ ഷംനയ്ക്കും പുറമെ, ഇവരുടെ ഓഡിറ്ററും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ മജു കെ ഇസ്മയില്‍, ഷാനവാസിന്റെ സഹോദരന്‍ മുഹമ്മദ് ഷമീറും പ്രതികളാണ്. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ഈ സംഭവം വാര്‍ത്തയാക്കാന്‍ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.

ഇത്രയും ഗുരുതരമായ ഒരു പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടും മാധ്യമങ്ങള്‍ അത് കണ്ടില്ലന്നു നടിക്കുന്നത് പ്രതികളായ ജ്വല്ലറി ഉടമകളുടെ പിആര്‍ വര്‍ക്കിന്റെ സ്വാധീനം മൂലമാണെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം. ഇതിനു പിന്നില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് പുറത്തു വരുന്ന വിവരം.

പരാതിക്കാരന്‍ പറയുന്നതനുസരിച്ച്, 2012-ല്‍ എറണാകുളം നെട്ടൂരില്‍ നക്ഷത്ര ജ്വല്ലറി എന്ന സ്ഥാപനം തുടങ്ങാന്‍ സഹോദരി പുത്രനായ ഷാനവാസിന് പണം നല്‍കിയത് എം.എസ് മാമുവാണ്. 2014-ല്‍ പെരുമ്പളത്ത് നക്ഷത്ര ജുവല്ലേഴ്സ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങി. ഇതില്‍ ഷാനവാസ് പാട്ണറും മാമുവിന്റെ മകളുടെ ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മാനേജിങ് പാട്ണറുമായിരുന്നു. തുടര്‍ന്ന് 2016-ല്‍ ഇടപ്പള്ളിയില്‍ ന്യൂ നക്ഷത്ര ജ്വല്ലേഴ്സ് എന്ന സ്ഥാപനം ആരംഭിച്ചു.

 

ഇതില്‍ ഷാനവാസിനു പുറമെ, എം.എസ് മാമുവിന്റെ ഭാര്യ സുബൈദയും മകള്‍ സുനീറയും പാട്ണര്‍മാരായിരുന്നു. 2017-ല്‍ പൂക്കാട്ടുപടിയില്‍ തുടങ്ങിയ നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപനത്തില്‍ ഷാനവാസും എം.എസ് മാമുവിന്റെ ഭാര്യ സുബൈദയും കൊച്ചുമകള്‍ റിസ്വാനയും, ഷാനവാസിന്റെ സഹോദരന്‍ ഷമീറും, മാമുവിന്റെ അര്‍ദ്ധ സഹോദരന്‍ അഫ്നാസ്, ഷമീറിന്റെ മാതാവ് മൈമുവും പാര്‍ട്ണര്‍മാറായിരുന്നു.

2018-ല്‍ നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമജ്സ് എന്ന പേരില്‍ വൈറ്റിലയില്‍ തുടങ്ങിയ സ്ഥാപനത്തിലും ഇതിനു ശേഷം ഇതേ പേരില്‍ 2019-ല്‍ ഇടപ്പള്ളിയില്‍ ആരംഭിച്ച ജ്വല്ലറിയിലും, ഷാനവാസിനും മാമുവിനുംപുറമെ, ഷമീര്‍, സുനീറ, സനീറ എന്നിവര്‍ പാര്‍ട്ണര്‍മാരായിരുന്നു. 2020-ല്‍ നെട്ടൂരില്‍ വീണ്ടും ഷാനവാസിന്റെ പൊപ്രൈറ്റര്‍ ഷിപ്പില്‍ നക്ഷത്ര ജ്വല്ലറി എന്ന മറ്റൊരു സ്ഥാപനം തുടങ്ങുകയുണ്ടായി.

2022-ല്‍ മാമുവിന്റെ മരുമകന്‍ അബ്ദുള്‍ നാസര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നെട്ടൂരിലുള്ള രണ്ട് ജ്വല്ലറിയും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് അതിനു കീഴില്‍ ആക്കാനും ഇതോടൊപ്പം തന്നെ ദുബായില്‍ രണ്ട് കടകള്‍ പത്തുതായി തുടങ്ങുന്നതിനും വേണ്ടി പദ്ധതി തയ്യാറാക്കി. ഈ കമ്പനിയില്‍ ഷാനാവാസ്, ഷമീര്‍, മാമു, റൈസ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

എന്നാല്‍, കമ്പനി ഓഡിറ്ററായ മജു പി ഇസ്മയിലിന്റെ ഒത്താശയോടെ മാമുവിന്റെയും റൈസിന്റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ചും ആ രേഖയില്‍ കള്ള ഒപ്പിട്ടും ഇവരെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും ഒഴിവാക്കിയെന്നാണ് പരാതി. പിന്നീട് ഷാനവാസും അദ്ദേഹത്തിന്റെ സഹോദരനും മാത്രം ഉള്‍പ്പെട്ട കമ്പനിയിലേക്ക്, മറ്റു ജ്വല്ലറി സ്ഥാപനങ്ങളെല്ലാം ഏറ്റെടുക്കുകയുണ്ടായി. ഈ സ്ഥാപനങ്ങളുടെ മാനേജിങ്ങ് ഡയറക്ടര്‍ ഷാനവാസ് ആയതിനാല്‍ ജി.എസ്.ടി റദ്ദാക്കുന്ന വിവരവും മനപൂര്‍വ്വം മറച്ചു വയ്ക്കുകയാണ് ഉണ്ടായതെന്നും തുടര്‍ന്ന് പുതുതായി രൂപം കൊടുത്ത കമ്പനിയുടെ പേരില്‍ എടുത്ത ജി.എസ്.ടിയിലാണ് പ്രവര്‍ത്തനം നടത്തിയിരുന്നതെന്നും പരാതിയില്‍ പറയുന്നു.

പ്രതികളായ ഷാനവാസും ഭാര്യയും വ്‌ളോഗറുമായ ഷംനയും ചേര്‍ന്ന് ഏറ്റവും ഒടുവില്‍ ഒരു എല്‍എല്‍പി സ്ഥാപനം ഉണ്ടാക്കുകയും അതിന്റെ പേരില്‍ പുതിയ ജി.എസ്.ടി ഉണ്ടാക്കി മുഴുവന്‍ ബിസിനസ്സും അതിലൂടെയാണ് നിലവില്‍ നടത്തി വരുന്നതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പുതിയ കമ്പനി തുടങ്ങി പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ചെയ്യേണ്ട ഒരു നടപടിക്രമവും ഇവര്‍ പാലിച്ചിട്ടില്ലന്നും മാമു കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പഴയ സ്ഥാപനത്തിലെ സ്വര്‍ണ്ണം പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയത് ഉള്‍പ്പെടെ 250 കോടി രൂപയുടെ വെട്ടിപ്പ് ഷാനവാസും ഭാര്യയും ഉള്‍പ്പെടെ നടത്തിയതായാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും കടത്തിയ പണം ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ട് ജ്വല്ലറി തുടങ്ങിയ സംഭവവും, ജി.എസ് ടിയിലും ഇന്‍കംടാക്സിലും കൊടുത്തിരിക്കുന്ന കണക്കുകളും രേഖകളും കൃത്രിമമായി ഉണ്ടാക്കിയതു സംബന്ധമായും അന്വേഷണം വേണമെന്നും മാമു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top