ജനവാസ കേന്ദ്രത്തിലെ മാലിന്യ നിക്ഷേപം നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
പുറപ്പുഴ : പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് കഠാരക്കുഴി അംഗന്‍വാടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മാരകമായ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തദ്ദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറായിരിക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തോളമായി കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റില്‍ തളം കെട്ടി കിടന്നിരുന്ന മാലിന്യം പ്രദേശത്ത് മാരകമായ രോഗങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാരണമായിരുന്നു. കരിങ്കുന്നം ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം അടക്കമുള്ള ഗുരുതരരോഗങ്ങള്‍ക്കും ഇത് ഇടയാക്കിയിരുന്നു. ഈ മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
അതിനെ തുടര്‍ന്നാണ് തൊട്ടടുത്ത് പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ കഠാരക്കുഴി ഭാഗത്ത് ജനവാസ കേന്ദ്രത്തില്‍ പതിനഞ്ചോളം വരുന്ന കുട്ടികള്‍ ഉള്ള അംഗവന്‍വാടിയും സമൃദ്ധമായ ജലസ്രോതസുകളുമുള്ളിടത്ത് സ്വകാര്യ വ്യക്തി മാലിന്യം ഏറ്റുവാങ്ങി കൊണ്ടുവന്ന് നിക്ഷേപിച്ചിരിക്കുന്നത്. നാല് ടിപ്പറുകളിലായി ഉദ്ദേശം 80 ലോഡോളം വരുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് കരിങ്കുന്നത്ത് നിന്നും ഈ പ്രദേശത്ത് നിക്ഷേപിച്ചിട്ടുള്ളത്.
ഇപ്പോള്‍ പുറത്തുനിന്ന് വരുന്നവര്‍ക്ക് തിരിച്ചറിയാതിരിക്കാന്‍ ജെസിബി ഉപയോഗിച്ച് മണ്ണിട്ട് പുതപ്പിച്ച് ഏകദേശം 100 മീറ്ററോളം റോഡുപോലെ ആക്കി മാറ്റിയിരിക്കുകയാണ്. മാലിന്യം ശക്തമായ ഒരു മഴ ഉണ്ടായാല്‍ ഈ മേല്‍മണ്ണ് മാറി മാലിന്യം ഒലിച്ച് സമീപപ്രദേശത്താകെ പടരുവാനും തൊട്ടുചേര്‍ന്ന് കഠാരക്കുഴി – മാറിക തോട്ടിലേക്ക് ഒലിച്ചിറങ്ങാനും ഇടയാകും. കൂടാതെ പതിനഞ്ചോളം വരുന്ന സമീപ പ്രദേശങ്ങളിലെ കിണറുകളും ഇതുമൂലം മലിനമാകും. മാരക രോഗങ്ങള്‍ പടരും. ഇത് ഒഴിവാക്കുവാന്‍ അടിയന്തിരമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് മാലിന്യം ഇവിടെ നിന്നും പാടെ നീക്കം ചെയ്യണമെന്നാണ് തദ്ദേശവാസികളായ നാട്ടുകാര്‍ ആവശ്യപ്പെടുന്നത് .
ഇതിനായി ഇന്നലെ സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. കെ കെ ബാലകൃഷ്‌ണപിള്ള (അഞ്ചാം വാര്‍ഡ് മെമ്പര്‍) രക്ഷാധികാരിയായും സുജ സലി (ആറാം വാര്‍ഡ് മെമ്പര്‍) ചെയര്‍മാനായും വൈസ് ചെയര്‍മാന്‍മാരായി ജോസ് ജോസഫ്, എന്‍ പി വിന്‍സെന്റ്, കെ ബി സദാശിവന്‍പിള്ള, കണ്‍വീനറായി എം എ സോമനാഥപിള്ള, ജോയിന്റ് കണ്‍വീനര്‍മാരായി പി എന്‍ ബിജു, ശിവന്‍പിള്ള, രമേശന്‍ പിള്ള, ഖജാന്‍ജിയായി ലാലു കെ രാമനെയും അടക്കം 51 അംഗ എക്‌സിക്യുട്ട#ീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കഠാരക്കുഴി അംഗന്‍വാടി അങ്കണത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ എം എ സോമനാഥപിള്ള അധ്യക്ഷത വഹിച്ചു. ജനതാദള്‍ സെക്യുലാര്‍ നിയോജകമണ്‌ഡലം പ്രസിഡന്റ് പി പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് അംഗം കെ കെ ബാലകൃഷ്‌ണപിള്ള മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ സുജ സലിം, ശിവന്‍പിള്ള, വിന്‍സെന്റ് എന്‍ പി, രമേശന്‍, ലാലു, സലി, ജോസ് ചുണ്ടക്കാട്ട്, ഷൈജു, രാജു ഇ എന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലേക്ക് വന്‍ബഹുജന മാര്‍ച്ച് അടക്കം സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്