എല്ലാ വര്‍ഷവും പെന്‍ഷന്‍കാര്‍ക്ക് DA കൂട്ടേണ്ടതുണ്ട് ; എല്ലാ വര്‍ഷവും നിരക്ക് കൂട്ടണം ; വിചിത്ര ആവശ്യവുമായി KSEB
തിരുവനന്തപുരം: നികുതി, വെള്ളക്കരം വര്‍ധനയില്‍ നട്ടംതിരിയുന്ന ജനങ്ങളുടെ തലക്കടിച്ച് വൈദ്യുതി ബോര്‍ഡും. അടുത്ത നാലുവര്‍ഷവും നിരക്ക് കുത്തനെ കൂട്ടണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഏറ്റവും ബാധിക്കുക വീടുകളെ.
വാണിജ്യ-വ്യവസായ ഉപഭോക്താക്കളെ തലോടുന്ന കെ.എസ്.ഇ.ബി, വീട്ടുവൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കണമെന്നാണ് റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടപ്പായ നിരക്ക് വര്‍ധനയിലും പ്രഹരം വീടുകള്‍ക്കായിരുന്നു. കമീഷന്‍ അംഗീകരിച്ചാല്‍ ഏപ്രിലില്‍ പുതിയ നിരക്ക് നിലവില്‍ വരും.
ബോര്‍ഡിന്‍റെ അപേക്ഷയില്‍ കാര്യമായ വര്‍ധന വരുന്നത് വീട്ടുവൈദ്യുതിക്കാണ്. വരുമാന വര്‍ധനക്കുള്ള സാധ്യതയായി ഫിക്സഡ് ചാര്‍ജിനെ ഉപയോഗപ്പെടുത്തുകയാണ് ബോര്‍ഡ്. എല്ലാ വര്‍ഷവും ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാനാണ് ശ്രമം. നിരക്ക് വര്‍ധനക്ക് മുകളിലാണ് ഇതും വരുക. അടുത്ത നാലു വര്‍ഷത്തേക്ക് നിരക്ക് വര്‍ധനയിലൂടെ ഈടാക്കി നല്‍കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ട 2381 കോടി രൂപയില്‍ 1606 കോടിയും വീട്ടുവൈദ്യുതിക്കാണ് ചുമത്തുന്നത്. വാണിജ്യ ഉപഭോക്താക്കള്‍ക്ക് 412 കോടി വര്‍ധന വരും. വ്യവസായങ്ങള്‍ക്ക് നാമമാത്ര വര്‍ധനയാണ് ശിപാര്‍ശ. പല വിഭാഗങ്ങളും ഇളവും നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം (2023-24) മാത്രം 1044.42 കോടിയുടെ വര്‍ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതില്‍ 637.29 കോടി രൂപയും വീടുകളില്‍നിന്നാണ്. 395.42 കോടി രൂപ നിരക്ക് വര്‍ധനയിലൂടെയും 241.87 കോടി രൂപ ഫിക്സഡ് ചാര്‍ജ് വര്‍ധനയിലൂടെയും. അതേസമയം, വാണിജ്യ ഉപഭോക്താക്കള്‍ക്ക് 223 കോടിയുടെയും വ്യവസായങ്ങള്‍ക്ക് 184.13 കോടിയുടെയും വര്‍ധന മാത്രമേയുള്ളൂ. വ്യവസായത്തിലെ എച്ച്.ടി ഒന്ന് ബി വിഭാഗത്തില്‍ 0.43 കോടി കുറച്ചുകൊടുക്കുകും ചെയ്തു. വീട്ടുവൈദ്യുതിക്ക് ഫിക്സഡ് ചാര്‍ജില്‍ വരുത്തുന്ന വര്‍ധന പ്രതിമാസ വൈദ്യുതി നിരക്കില്‍ കാര്യമായി പ്രതിഫലിക്കും.
സിംഗ്ള്‍ ഫേസ് കണക്ഷന് 0.50 യൂനിറ്റ് വരെ മാസം ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ മാസം 35 രൂപയാണ് ഫിക്സഡ് ചാര്‍ജായി നല്‍കേണ്ടത്. ’26-’27 ആകുമ്ബോള്‍ ഇത് 60 രൂപയാകും. അടുത്ത നാലുവര്‍ഷത്തെ പ്രതീക്ഷിത വരവ്-ചെലവ് കണക്കുകള്‍ കമീഷന്‍ നേരത്തേ അംഗീകരിച്ചിരുന്നു. ഇതില്‍ കണ്ടെത്തിയ കമ്മി നിരക്ക് വര്‍ധനയായി ഇപ്പോഴേ പ്രാബല്യത്തിലാക്കാനാണ് ബോര്‍ഡ് നീക്കം.
ഇക്കൊല്ലമൊഴികെ വരുന്ന മൂന്നുവര്‍ഷവും തെരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ ആ വര്‍ഷങ്ങളിലേക്കുമുള്ള വൈദ്യുതി നിരക്ക് വര്‍ധന മുന്‍കൂട്ടി പ്രഖ്യാപിച്ച് ഉത്തരവാക്കാനാണ് ആലോചന. തെളിവെടുപ്പ് നടത്തിയ ശേഷമാകും റെഗുലേറ്ററി കമീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.ഇക്കൊല്ലം മാത്രം 760 കോടി ലാഭം നേടിയ ബോര്‍ഡാണ് 2381 കോടിയുടെ അധികഭാരം ജനങ്ങളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നത്. അധിക വൈദ്യുതി വാങ്ങുന്നതിന് ഇന്ധന സര്‍ചാര്‍ജ് ഇതിനു പുറമെയും ചുമത്തുന്നുണ്ട്.
ശിപാര്‍ശ ഇങ്ങനെ
2023-24 വര്‍ഷത്തേക്കുള്ള വീട്ടുവൈദ്യുതി നിരക്ക് വര്‍ധന ശിപാര്‍ശ. നിലവിലെ നിരക്ക് ബ്രാക്കറ്റില്‍
0-50യൂനിറ്റ് വരെ, 3.30 രൂപ, ( 3.15)
51-100, 4.10 രൂപ, (3.95)
101-150, 5.20 രൂപ, (5.00)
151-200, 6.90 രൂപ, (6.80)
0-250 (ഉപയോഗിക്കുന്ന എല്ലാ വൈദ്യുതിക്കും ഒരേ നിരക്ക്), 6.50 രൂപ, (8.00)
0-300, 6.50 രൂപ, (6.20)
0-350, 7.60 രൂപ, ( 7.00)
0-400, 7.60 രൂപ, (7.35)
0-500, 7.60 രൂപ, (7.60)
500ന് മുകളില്‍, 8.70 രൂപ, (8.50)
40 യൂനിറ്റ് വരെ ബി.പി.എല്ലുകാര്‍ക്ക് നിരക്ക് വര്‍ധനയില്ല
200 യൂനിറ്റിന് മുകളില്‍ ബാധ്യത കൂടും
തിരുവനന്തപുരം: മാസം 250 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുകാര്‍ക്ക് ലഭിച്ചുവന്ന ആദ്യ യൂനിറ്റുകളിലെ കുറഞ്ഞ നിരക്കിന്‍റെ ആനുകൂല്യം 200 യൂനിറ്റ് വരെയായി പരിമിതപ്പെടുത്താന്‍ കെ.എസ്.ഇ.ബി നീക്കം. ബോര്‍ഡ് കമീഷന് നല്‍കിയ പുതിയ ശിപാര്‍ശയില്‍ 201 യൂനിറ്റ് മുതല്‍ എല്ലാ യൂനിറ്റിനും ഒരേ നിരക്ക് ഈടാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
250 യൂനിറ്റ് വരെ ടെലിസ്കോപ്പിക് താരിഫാണ് നിലവില്‍. അതായത് ആദ്യ 50 യൂനിറ്റ് വരെ 3.15 രൂപ വെച്ചും 51-100ല്‍ 3.95 രൂപ വെച്ചും 101-150ല്‍ അഞ്ചു രൂപ വീതവും 151-200ല്‍ 6.80 രൂപ വെച്ചും 201-250ല്‍ എട്ട് രൂപ വീതവുമാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 201 മുതല്‍ നോണ്‍ ടെലിസ്കോപ്പിക് താരിഫ് ഏര്‍പ്പെടുത്തുന്നതോടെ ഉപയോഗിക്കുന്ന എല്ലാ യൂനിറ്റിനും 6.50 രൂപ വീതം നല്‍കേണ്ടിവരും.ഇടത്തരക്കാര്‍ക്ക് വലിയ താരിഫ് ഷോക്ക് ഇതുണ്ടാക്കും. 200 യൂനിറ്റിന് തൊട്ടു മുകളിലുള്ളവര്‍ക്ക് ആദ്യ നിരക്കുകളിലെ ഇളവ് നഷ്ടമാകും.
ഫിക്സഡ് ചാര്‍ജും വര്‍ധിക്കും
തിരുവനന്തപുരം: സിംഗ്ള്‍ ഫേസ് കണക്ഷന് 0.50 യൂനിറ്റ് മാസം 35ല്‍ നിന്ന് 40 രൂപയാകും. 51-100 യൂനിറ്റ് വരെ 55ല്‍ നിന്ന് 80 ആയും 101-150ല്‍ 70ല്‍ നിന്ന് 90 രൂപയും 151-200ല്‍ 100ല്‍ നിന്ന് 120 രൂപയുമായും വര്‍ധിക്കും. 250 വരെയുള്ളവര്‍ക്ക് 110ല്‍ നിന്ന് 120 ആയും 0-300 വിഭാഗത്തില്‍ 130ല്‍ നിന്ന് 140 ആയും 0-350 വിഭാഗത്തില്‍ 150ല്‍ നിന്ന് 200 ആയും 0-400 വിഭാഗത്തില്‍ 175ല്‍ നിന്ന് 200 ആയും വര്‍ധിക്കും. 0-500 വിഭാഗത്തില്‍ ഫിക്സഡ് ചാര്‍ജ് 200 ആയി തുടരും. 500ന് മുകളില്‍ 225ല്‍ നിന്ന് 255 ആയും വര്‍ധിക്കും.
ത്രീഫേസ് കണക്ഷന് ചില വിഭാഗങ്ങള്‍ക്ക് വര്‍ധനയില്ല. 70 രൂപ വരെ ചില സ്ലാബുകളില്‍ ഫിക്സഡ് ചാര്‍ജ് വര്‍ധിക്കുന്നുണ്ട്. 24-25, 25-26 വര്‍ഷങ്ങളിലും ഇപ്രകാരം വൈദ്യുതി നിരക്കും ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിക്കും. 26-27 വര്‍ഷം വൈദ്യുതി നിരക്ക് വര്‍ധന ആവശ്യപ്പെട്ടിട്ടില്ല. ഫിക്സഡ് ചാര്‍ജില്‍ വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്